തിരുവനന്തപുരം: സംസ്ഥാന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം ആഞ്ഞുവീശി. കോര്‍പ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളിലും വ്യക്തമായ ആധിപത്യം സ്ഥാപിച്ച മുന്നണി ചരിത്ര വിജയം കുറിച്ചു. ഇത് 2010-ലെ തദ്ദേശ വിജയത്തിന് സമാനമായ മുന്നേറ്റമാണെന്നാണ് വിലയിരുത്തല്‍. മിന്നും ജയത്തോടെ നാല് കോര്‍പ്പറേഷനുകളിലാണ് യുഡിഎഫ് ഭരണം ഉറപ്പിച്ചത്.
കോര്‍പ്പറേഷനുകളില്‍ ചരിത്ര മുന്നേറ്റം
കഴിഞ്ഞ തവണത്തെ തോല്‍വിക്ക് പലിശ സഹിതം മറുപടി നല്‍കിയാണ് യുഡിഎഫ് കോര്‍പ്പറേഷന്‍ ഭരണത്തിലേക്ക് തിരികെയെത്തിയത്. കണ്ണൂര്‍ നിലനിര്‍ത്തിയ യുഡിഎഫ്, കൊച്ചിയും തൃശ്ശൂരും വ്യക്തമായ ഭൂരിപക്ഷത്തില്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഇതില്‍ ഏറ്റവും വലിയ ആഹ്ലാദമായി യുഡിഎഫ് ക്യാമ്പ് കാണുന്നത് കൊല്ലത്ത് ആദ്യമായി മുന്നിലെത്തി എന്ന നേട്ടമാണ്. കോഴിക്കോട്ട് എല്‍ഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം നേടുന്നതില്‍ തടയിടാവും യുഡിഎഫിന് കഴിഞ്ഞു. തിരുവനന്തപുരത്ത് കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടിയോളം സീറ്റുകള്‍ നേടാന്‍ മുന്നണിക്ക് കഴിഞ്ഞു.
നഗരസഭകളിലും ത്രിതല പഞ്ചായത്തുകളിലും യുഡിഎഫ് തന്നെയാണ് മുന്നില്‍. 2010-ലെ 582 ഗ്രാമപഞ്ചായത്തുകള്‍ എന്ന ചരിത്രനേട്ടത്തിലേക്ക് എത്തിയില്ലെങ്കിലും, നിലവിലെ 349-ല്‍ നിന്ന് 500-ല്‍ അധികം പഞ്ചായത്തുകളില്‍ അധികാരം പിടിച്ചെടുത്തത് ശ്രദ്ധേയമായി. ബ്ലോക്ക് പഞ്ചായത്തുകളില്‍ ഇരട്ടിയിലധികം സീറ്റുകളില്‍ ഭരണമുറപ്പിച്ചു.
ജില്ലാ പഞ്ചായത്തുകളില്‍ ഒപ്പത്തിനൊപ്പം
ജില്ലാ പഞ്ചായത്തുകളില്‍ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാണ്. 2020-ല്‍ മൂന്ന് ജില്ലാ പഞ്ചായത്ത് ഭരണം മാത്രമുണ്ടായിരുന്ന യുഡിഎഫ് ഇത് ഏഴായി ഉയര്‍ത്തിയതിലുള്ള ആത്മവിശ്വാസത്തിലാണ്. പത്തനംതിട്ട മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലെ ആധികാരികമായ വിജയം, വഴുതിപ്പോയ വോട്ടുകള്‍ തിരികെ യുഡിഎഫിലേക്ക് എത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രചാരണത്തിലെ തന്ത്രങ്ങള്‍ ഫലം കണ്ടു
ഇനിയൊരു തോല്‍വി രാഷ്ട്രീയ വനവാസത്തിന് കാരണമാകുമെന്ന തിരിച്ചറിവില്‍ ജീവന്‍മരണ പോരാട്ടമായിരുന്നു യുഡിഎഫ് നടത്തിയത്. പണ്ടത്തെപ്പോലെ തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കിയതിലും യുഡിഎഫ് വിജയിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കൈമെയ് മറന്നുള്ള പ്രചാരണമാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ള, ഭരണ വിരുദ്ധ വികാരം എന്നിവ പ്രധാന പ്രചാരണ വിഷയമാക്കിയതിന്റെ വോട്ടുകളും മുന്നണിക്ക് ഗുണകരമായി.
സഭകളുമായി നിരന്തരം ആശയവിനിമയം നടത്തിയതും, ‘പിഎം ശ്രീ’ വിഷയം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബിജെപി-സിപിഎം ബാന്ധവം ആരോപിച്ചതും യുഡിഎഫിന് വോട്ടായി മാറ്റാന്‍ കഴിഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് പ്രചാരണത്തില്‍ പ്രതിരോധത്തിലാക്കിയെങ്കിലും, അതിനുമപ്പുറമുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറിയതാണ് മിന്നും ജയത്തിന് കാരണം.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ഈ വമ്പന്‍ നേട്ടം, ഇനി നിയമസഭയിലേക്കുള്ള അങ്കത്തിന് യുഡിഎഫിന് വലിയ ഊര്‍ജ്ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.


