തിരുവനന്തപുരം: കോരിച്ചൊരിയുന്ന മഴയെ അവഗണിച്ചും വോട്ടിംഗ് നടക്കുന്ന ഏഴു ജില്ലകളിലെ 9220 വാർഡുകളിലേക്കു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മികച്ച പോളിംഗ്. ഉച്ചവരെ 42 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി 1.11 കോടി വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുക. ഏഴ് ജില്ലകളിലായി 36,161 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. വൈകിട്ട് അഞ്ചുവരെയാണ് പോളിംഗ് നടക്കുന്നത്. ഉച്ചയ്ക്ക് ശേഷം പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. ഏറ്റവും കൂടുതല്‍ കോഴിക്കോട് ആണ്. കുറവ് തിരുവനന്തപുരത്തും ഇടുക്കിയിലും. കോഴിക്കോട് 29%, തിരുവനന്തപുരം 22%, കൊല്ലം 23%, ഇടുക്കി 22%,കണ്ണൂര്‍ 27%, വയനാട് 23%, കാസര്‍ഗോഡ് 25%.
തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്നു വിധിയെഴുത്ത് നടക്കുന്നത്. കനത്ത സുരക്ഷയിലാണ് വോട്ടിംഗ് പുരോഗമിക്കുന്നത്. ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസപ്പെട്ടിട്ടുണ്ട്.
പിണറായി വിജയന്‍, പന്ന്യന്‍ രവീന്ദ്രന്‍, എ.കെ ആന്റണി, വി.എം സുധീരന്‍, ഒ. രാജഗോപാല്‍, പി.എസ് ശ്രീധരന്‍പിള്ള, മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ലത്തീന്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ്, ഡോ എം സുസാപാക്യം, മന്ത്രിമാരായ വി.എസ് ശിവകുമാര്‍, പി.ജെ ജോസഫ് തുടങ്ങിയവരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
കണ്ണൂര്‍ പരിയാരത്ത് പോളിംഗ് ബൂത്തിലെ വെബ് കാസ്റ്റിംഗ് തടസപ്പെടുത്തിയതായി പരാതി ഉര്‍ന്നിട്ടുണ്ട്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ഇവിടെ റീ പോളിംഗ് നടത്തുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ട്. അക്രമ സംഭവങ്ങളൊന്നും കാര്യമായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തെക്കന്‍ ജില്ലകളെ അപേക്ഷിച്ച് വടക്കന്‍ ജില്ലകളിലാണ് മികച്ച പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ഏഴു ജില്ലകളിലായി ഒരു കോടി 11 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം നിര്‍വഹിക്കുന്നത്. 31,161 സ്ഥാനര്‍ഥികളാണ് ജനവിധി തേടുന്നത്.
അഞ്ചുമണി വരെയാണ് വോട്ടിംഗ്. അഞ്ചുമണിക്കു ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നല്‍കും. ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് വോട്ടു രേഖപ്പെടുത്താം. കനത്ത മഴകാരണം തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പ്രദേശങ്ങളില്‍ പോളിംഗ് മന്ദഗതിയിലാണ്.
രാഷ്ട്രീയപാര്‍ട്ടികളുടെ അവസാനവട്ട ഒരുക്കങ്ങളേയും മഴ ബാധിച്ചു. മിക്കയിടത്തും സാധാരണ രാവിലെ കാണുന്ന ആവേശമില്ല. ബൂത്തു കമ്മറ്റി ഓഫീസുകളും കൊടി തോരണങ്ങളും മുമ്പത്തെ അപേക്ഷിച്ചില്ല. കെട്ടിയ പോസ്റ്ററുകളെല്ലാം മിക്കയിടത്തും മഴയിത്തു ഒലിച്ചു പോയ അവസ്ഥയിലാണ്. മഴ ആയതിനാല്‍ പരമാവധി വോട്ടര്‍മാരെ പോളിംഗിനെത്തിക്കാനുള്ള ശ്രമത്തിലാണ് തിരുവനന്തപുരത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഇടുക്കിയിലും കണ്ണൂരിലും കാസര്‍ഗോട്ടും കനത്ത പോളിംഗ്
ഇടുക്കിയിലെ മലയോര മേഖലകളില്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന പോളിംഗ് ആദ്യ രണ്ടു മണിക്കൂര്‍ പിന്നിട്ടതോടെ ദ്രുതഗതിയിലായി. മൂടിക്കെട്ടിയ അന്തരീക്ഷമാണ് രാവിലെ മുതല്‍. പത്തു മണിവരെയുള്ള കണക്കു പ്രകാരം പോളിംഗ് ശതമാനം 30 ശതമാനത്തിലേയ്ക്ക് അടുത്തു.
ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 5.42 ശതമാനമായിരുന്നു പോളിംഗ് ശതമാനം. ഗ്രാമപഞ്ചായത്തുകളില്‍ 5.38 ശതമാനം പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 6.29 ഉം കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 4.60 ശതമാനവും ആദ്യ ഒരു മണിക്കൂറില്‍ രേഖപ്പെടുത്തി. ഒന്‍പതു മണിക്ക് ലഭിച്ച കണക്കു പ്രകാരം 18.2 ശതമാനമാണ് ഇടുക്കിയിലെ പോളിംഗ് ശതമാനം. മൂന്നാറില്‍ ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. രാവിലെ തണുപ്പും കൂടുതലായിരുന്നു. അതിനാല്‍ പത്തു മണിയോടെയാണ് പല പോളിംഗ് ബൂത്തുകളും സജീവമായത്.
ഇതിനിടെ രാജാക്കാട് പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന്‍ പണിമുടക്കിയത് രണ്ടു മണിക്കൂറോളം പോളിംഗ് തടസപ്പെട്ടു. രണ്ടാമതൊരു മെഷീന്‍ കൊണ്ടു വന്നെങ്കിലും ഇതും കേടായിരുന്നു. ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയില്‍ ഒന്‍പതു മണിക്ക് ലഭിച്ച കണക്കനുസരിച്ച് 37.79 പോളിംഗ് രേഖപ്പെടുത്തി. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ 13 പോളിംഗ് സ്‌റ്റേഷനുകളാണുളളത്. ഹാം റേഡിയോ സംവിധാനത്തിലൂടെയാണ് ഇവിടെ നിന്നുള്ള വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
കണ്ണൂരില്‍ കനത്ത പോളിംഗ്
കനത്ത സുരക്ഷയിലും തെളിഞ്ഞ അന്തരീക്ഷത്തിലും കണ്ണൂര്‍ ജില്ലയിലെ പോളിംഗ് ബൂത്തുകളിലേക്ക് വോട്ടര്‍മാര്‍ ഒഴുകുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്നു നടക്കുന്ന വോട്ടെടുപ്പില്‍ കണ്ണൂരിലാണ് തുടക്കത്തില്‍ പോളിംഗ് ശതമാനം കൂടുതല്‍. ആദ്യ ഒരു മണിക്കൂറില്‍ അഞ്ചു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയ കണ്ണൂരില്‍ രണ്ടുമണിക്കൂറായതോടെ 15 ഉം മൂന്നു മണിക്കൂറില്‍ 23ഉം ശതമാനമായി. പത്തരയോടെ 25 ശതമാനത്തിലേറെയായി. ഒറ്റപ്പെട്ട സംഘര്‍ഷങ്ങളൊഴിച്ചാല്‍ പൊതുവേ സമാധാനപരമാണ് പോളിംഗ്. രാവിലെ ഏഴിനാരംഭിച്ച പോളിംഗ് വൈകുന്നേരം അഞ്ചിനു സമാപിക്കും.
ഇന്നലെ രാത്രി പെയ്ത മഴ സ്ഥാനാര്‍ഥികളേയും പാര്‍ട്ടി പ്രവര്‍ത്തകരേയും ഏറെ വലച്ചിരുന്നു. പോളിംഗ് ബൂത്തുകളുടെ സമീപപ്രദേശങ്ങളില്‍ പോസ്റ്റുകളും മറ്റും സ്ഥാപിക്കാന്‍ ബുദ്ധിമുട്ടിയതിനു പുറമെ സ്ഥാപിച്ചവ മഴയില്‍ കുതിരുകയുംചെയ്തു. സ്ലിപ്പുകള്‍ നല്‍കാനുള്ള ഷെഡുകള്‍ നിര്‍മിക്കാനും ബുദ്ധിമുട്ടി. ഇന്നു രാവിലെ മഴ തുടര്‍ന്നാല്‍ അത് പോളിംഗിനെ ബാധിക്കുമെന്ന ആശങ്കയിലായിരുന്നു രാഷ്ട്രീയ നേതൃത്വങ്ങള്‍. എന്നാല്‍ രാവിലെ മുതല്‍ നല്ല തെളിഞ്ഞ അന്തരീക്ഷമാണു ജില്ലയിലെങ്ങുമുള്ളത്. തുലാവര്‍ഷമാരംഭിച്ച സ്ഥിതിക്ക് ഉച്ചകഴിഞ്ഞ് കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇതു കണക്കിലെടുത്ത് പരമാവധി വോട്ടര്‍മാരെ നേരത്തെതന്നെ ബൂത്തുകളിലെത്തിക്കാനുള്ള ശ്രമത്തിലാണു പാര്‍ട്ടി പ്രവര്‍ത്തകര്‍.
കാസര്‍ഗോട്ട് കനത്ത പോളിംഗ്
കാസര്‍ഗോഡ് ജില്ലയില്‍ ആദ്യ മണിക്കൂറുകളില്‍ത്തന്നെ കനത്ത പോളിംഗ്. ആദ്യ രണ്ട് മണിക്കൂറില്‍ 14 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. പത്തു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 20 കടന്നു. പൊതുവേ സമാധാനപരമായാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. ഉളിയത്തടുക്കയില്‍ വോട്ടുചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. പി കരുണാകരന്‍ എംപി, എംഎല്‍എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, പി.ബി. അബ്ദുള്‍റസാഖ്, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ഇ. ചന്ദ്രശേഖരന്‍, കാസര്‍ഗോഡ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ. അബ്ദുള്ള, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി.പി. ശ്യാമളദേവി, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ ക്കളം അബ്ദുള്ള, സിപിഎം ജില്ലാ സെക്രട്ടറി കെ.പി. സതീഷ് ചന്ദ്രന്‍, ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. ശ്രീകാന്ത് എന്നിവര്‍ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്തി.
പിലിക്കോട് പഞ്ചായത്തിലെ 14-ാം വാര്‍ഡ് ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടര്‍ന്ന് മാറ്റി സ്ഥാപിച്ചു. ഇവിടെ വോട്ടെടുപ്പ് തുടങ്ങാന്‍ 15 മിനിറ്റ് വൈകി. എന്‍മകജെ പഞ്ചാ യത്ത് ആറാം വാര്‍ഡ് ഒന്നാം നമ്പര്‍ ബൂത്ത്, പുത്തിഗെ പഞ്ചാ യത്ത് രണ്ടാം വാര്‍ഡ് ബൂത്ത് എന്നി വിടങ്ങളിലും വോട്ടിംഗ് യന്ത്രം പണിമുടക്കിയതു വോട്ടെടുപ്പ് വൈകിപ്പിച്ചു.
പെരിനാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അടിയേറ്റു
പെരിനാട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ വടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. പെരിനാട് പതിനെട്ടാം വാര്‍ഡിലെ സ്ഥാനാര്‍ഥിലെറ്റസ് ജെറോമിനാണ് മര്‍ദനമേറ്റത്. ഇന്നലെ രാത്രി 12ഓടെ ചെമ്മക്കാട് ബൂത്ത് കെട്ടികൊണ്ടുനില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ ഹെല്‍മറ്റ് ധാരികളായ നാലുപേര്‍ ആക്രമിക്കുകയായിരുന്നു. ബൈക്കിലെത്തിയ വര്‍മുഖംമൂടി ധാരികളായിരുന്നു. വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കാണ് പരിക്ക്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരി ക്കുകയാണ്. അഞ്ചാലുംമൂട് പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട്ട് സംഘര്‍ഷം; എഎസ്‌ഐക്ക് പരിക്ക്; ഒരാള്‍ അറസ്റ്റില്‍
അജാനൂര്‍ പഞ്ചായത്തു പരിധിയിലെ മാവുങ്കാല്‍ മൂലക്കണ്ടത്ത് കോണ്‍ഗ്രസ്- സിപിഎം സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പോലീസിനെയും ഒരു സംഘം ആക്രമിച്ചു. അക്രമത്തില്‍ കാഞ്ഞങ്ങാട് സ്‌റ്റേഷനിലെ എഎസ്‌ഐക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റു.
ഇന്നലെ രാത്രിയായിരുന്നു സംഭവം. സിപിഎം പ്രവര്‍ത്തകനായ വിജിലാലിനെ(32) അറസ്റ്റു ചെയ്തു. ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ എഎസ്‌ഐ ജോസിനാണ് കൈക്ക് പരിക്കേറ്റത്. കോണ്‍ഗ്രസുകാര്‍ പ്രദേശത്തെ വോട്ടര്‍മാര്‍ക്കു സ്ലിപ്പ് നല്‍കാനുള്ള സംവിധാനമൊരുക്കുന്നതിനിടെ ഒരു സംഘം സിപിഎമ്മുകാര്‍ തടയുകയായിരുന്നത്രെ. ഇതേതുടര്‍ന്നുണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നും പറയുന്നു. പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
കാരായിമാര്‍ വോട്ട് രേഖപ്പെടുത്തി
ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാര്‍ കോടതിയുടെ പ്രത്യേക അനുമതിയോടെ നാട്ടിലെത്തുകയും തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്ക് പാട്യം ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന കാരായി രാജനും തലശേരി നഗരസഭയിലേക്ക് ചെള്ളക്കര വാര്‍ഡില്‍ നിന്നും ജനവിധി തേടുന്ന കാരായി ചന്ദ്രശേഖരനുമാണ് ഇന്നലെ പുലര്‍ച്ചയോടെ നാട്ടിലെത്തിയത്. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ അവസാനഘട്ട പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കകയും വീട് കയറി വോട്ടര്‍മാരെ കണ്ട് വോട്ടഭ്യര്‍ഥിക്കുകയും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തകയും ചെയ്തു.
കാരായി രാജന്‍ കതിരൂര്‍ പുല്ല്യോട് സിഎച്ച് നഗര്‍ ഗവ. എല്‍പി സ്കൂളിലും കാരായി ചന്ദ്രശേഖരന്‍ കുട്ടിമാക്കൂല്‍ നോര്‍ത്ത് എല്‍പി സ്കൂളിലുമാണ് വോട്ട് രേഖപ്പെടുത്തിയത്. തനിക്ക് വിജയം ഉറപ്പാണെന്നും സത്യം വിജയിച്ചു കാണാന്‍ ആഗ്രഹിക്കുന്നവരുടെ വോട്ടാണ് തനിക്ക് ലഭിക്കുകയെന്നും കാരായി രാജന്‍ പറഞ്ഞു. വിജയത്തില്‍ സംശയമില്ല, കള്ളക്കേസില്‍ കുടുക്കി തങ്ങളെ നാടു കടത്തിയതിലുള്ള ജനങ്ങള്‍ പ്രതിഷേധമാണ് ഇവിടെ തനിക്കനുകൂല വോട്ടായി മാറുകയെന്നും ഭൂരിപക്ഷം എത്രയാണെന്നു മാത്രമാണ് അറിയാനുള്ളതെന്നും കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു.രണ്ട് ദിവസത്തേക്കാണ് വോട്ട് ചെയ്യാനായി ഇരുവര്‍ക്കും നാട്ടില്‍ വരുന്നതിന് കോടതി അനുമതി നല്‍കിയിട്ടുള്ളത്. നാളെ രാവിലെ ഇരുവരും കൊച്ചി സിബിഐ കോടതിക്കു മുമ്പാകെ ഹാജരാകും.