ന്യൂദല്‍ഹി: 17 ാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് തുടങ്ങും. എന്നാല്‍ സമ്മേളനം തുടങ്ങാനിരിക്കെ ലോക്സഭാ കക്ഷിനേതാവിനെ ഇതുവരെയും കോണ്‍ഗ്രസ് തെരഞ്ഞെടുത്തിട്ടില്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടുദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും. 19ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും 20ന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതിയുടെ അഭിസംബോധനയും നടക്കും.
ഔദ്യോഗിക പ്രതിപക്ഷ സ്ഥാനം ലഭിക്കാത്തതും ലോക്സഭയിലെ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാന്‍ കഴിയാത്തതും മൂലം നാഥനില്ലാതെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയിലേക്ക് എത്തുന്നത്. ഇതിനിടയില്‍ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനായി പോയതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. അതേസമയം, കേരളത്തില്‍ നിന്നുള്ള 19 പേരടക്കം കോണ്‍ഗ്രസിന്റെ എല്ലാ എം.പിമാരും ഇന്ന് തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരം. എന്നാല്‍ വിദേശ പര്യടനത്തിലുള്ള രാഹുല്‍ ഗാന്ധി ഇന്ന് തന്നെ തിരിച്ചെത്തുമോയെന്നും പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുമോ എന്നും ഇതുവരെ ഉറപ്പായിട്ടില്ല.
തിരഞ്ഞെടുപ്പിലേറ്റ തോല്‍വിയാണ് പ്രതിപക്ഷ നേതാവ് സ്ഥാനം പോലും അവകാശപ്പെടാനാവാത്ത വിധം കോണ്‍ഗ്രസിനെ തളര്‍ത്തിയത്. ഇതിന് പുറമെ ഇരുസഭകളിലെയും നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അദ്ധ്യക്ഷയായി സോണിയാ ഗാന്ധിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഇരുസഭകളിലെയും കക്ഷി നേതാക്കളെ സോണിയാ ഗാന്ധി തിരഞ്ഞെടുക്കുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തവണ ലോക്സഭയിലെ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായിരുന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇത്തവണ തിരഞ്ഞെടുപ്പില്‍ തോറ്റതിനാല്‍ ഇത്തവണ രാഹുല്‍ ഗാന്ധി തന്നെ ചുമതല ഏറ്റെടുക്കേണ്ട സ്ഥിതിയാണ്.
എന്നാല്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം പോലും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇതും കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം, പ്രൊട്ടെം സ്പീക്കറായി നിശ്ചയിച്ചിട്ടുള്ള മദ്ധ്യപ്രദേശ് എം.പി ഡോ. വീരേന്ദ്രകുമാര്‍ ഇന്ന് രാവിലെ രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതിക്കു മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയ ശേഷം അല്‍പ നേരത്തിനകം ലോക്സഭയിലെ സ്പീക്കറുടെ ചേംബറില്‍ എത്തി ചുമതലയേല്‍ക്കും. പ്രൊട്ടെം സ്പീക്കറെ സഹായിക്കുന്ന എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ഭര്‍തൃഹരി മഹ്താബ് എന്നിവര്‍ ചേംബറില്‍ വീരേന്ദ്രകുമാറിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും.
പുതിയ അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കലും സ്പീക്കറെ തിരഞ്ഞെടുക്കലുമാണ് പ്രൊട്ടെം സ്പീക്കറുടെ ചുമതല. രാവിലെ 11 മണിക്ക് ആദ്യം മന്ത്രിസഭാംഗങ്ങളും തുടര്‍ന്ന് ഇംഗ്‌ളീഷ് അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് എം.പിമാരും പ്രൊട്ടെം സ്പീക്കര്‍ക്കു മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യും. 542 അംഗങ്ങളുടെ സത്യപ്രതിജ്ഞ രണ്ടു ദിവസം നീണ്ടു നില്‍ക്കും. നിരവധി പുതിയ അംഗങ്ങളുള്ള സഭയില്‍ പുതിയ ആശയങ്ങള്‍ വിരിയട്ടെയെന്ന് സമ്മേളനത്തിന് മുമ്പ് കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസിച്ചു. സമ്മേളനത്തില്‍ മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നത് അടക്കമുള്ള സുപ്രധാന ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷത്തിന്റെ സഹകരണവും അദ്ദേഹം തേടിയെന്ന് യോഗ തീരുമാനം അറിയിച്ച പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. പശ്ചിമ ബംഗാളിലെ സംഭവങ്ങളും യോഗത്തില്‍ ചര്‍ച്ചയായിരുന്നു.