ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000 കണ്ടി’ഫാന്റസി സ്വഭാവം പകര്‍ന്ന് പ്രേക്ഷകന്റെ കൗതുകങ്ങളെ തൊട്ടുണര്‍ത്തുന്നു.

അപരിചിതരായ ആളുകള്‍ യാത്രയ്ക്കിടയില്‍ കണ്ടുമുട്ടുകയും പിന്നീടവര്‍ കൂട്ടായൊരു ദൗത്യം ഏറ്റെടുക്കുകയും ചെയ്യുക എന്ന പൊതുസ്വഭാവം അനില്‍ രാധാകൃഷ്ണ മേനോന്റെ ആദ്യ ചിത്രമായ നോര്‍ത്ത് 24 കാതം, സപ്തമശ്രീ തസ്കരഹ: എന്നീ ചിത്രങ്ങളില്‍ വായിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. അതിന്റെ തുടര്‍ച്ച പോലെ തന്നെയാണ് ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000 കണ്ടിയിലെ കഥാപാത്രങ്ങള്‍ ഒരുമിക്കുന്നതും 7000 കണ്ടിയെന്ന ഗ്രാമത്തിന്റെ അതിജീവനത്തിനായി ദൗത്യം ഏറ്റെടുക്കുന്നതും. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന ഫിലിപ്പോസ് ജോണെന്ന സര്‍വൈവലിസ്റ്റ് 7000 കണ്ടിയെന്ന ഗ്രാമത്തിന് സംഭവിച്ചേക്കാവുന്ന ദുരിതം മനസ്സിലാക്കുകയും പരിചയമുള്ള കുറെ ആളുകളെ അറിയിക്കുകയുമാണ്. ഈ വിവരമറിയുന്ന ഫിലിപ്പോസ് ജോണിന് പരിചയമുള്ള നെടുമുടി വേണു അവതരിപ്പിക്കുന്ന സി.കെ.എ.കെ മേനോന്‍ എന്ന റിട്ടയേര്‍ഡ് ഡിഫന്‍സ് സെക്രട്ടറി, ഡിഫന്‍സ് ലാബിലെ ഗണ്‍ ടെസ്റ്റിങ്ങ് എക്സ്പേര്‍ട്ടായ റീനു മാത്യൂസ് അവതരിപ്പിക്കുന്ന മധുമിത, സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്ന ഭരത് അവതരിപ്പിക്കുന്ന ഷണ്‍മുഖന്‍ ഇളങ്കോവന്‍, ബീരാന്‍ എന്ന സണ്ണിവെയ്ന്‍ അവതരിപ്പിക്കുന്ന തെരുവ് മജീഷ്യന്‍, അനന്തകൃഷ്ണന്‍ അയ്യരെന്ന ഗ്രിഗറി അവതരിപ്പിക്കുന്ന കെമിക്കല്‍ എന്‍ജിനീയര്‍, ചെമ്പന്‍ വിനോദ് അവതരിപ്പിക്കുന്ന പ്രൊഫസറായ നീലകണ്ഠന്‍ തുടങ്ങിവരെല്ലാം കാടിനുള്ളിലുള്ള ഏഴായിരം കണ്ടിയെന്ന ഗ്രാമത്തിലേയ്ക്ക് തിരിക്കുകയാണ്. നാട് അവസാനിക്കുന്നിടത്ത് നിന്ന് കാട്ടിലേയ്ക്കുള്ള വഴികാട്ടിയായി മാധവനെന്ന വേടനും ഇവര്‍ക്കൊപ്പം കൂടുകയാണ്. ആദ്യ പകുതി കാട്ടിലേയ്ക്കുള്ള ഇവരുടെ യാത്രയാണ്. 7000 കണ്ടിയിലെത്തുന്നതോടെ ഇവരെല്ലാം ചേര്‍ന്ന് ഗ്രാമത്തെ ആപത്തില്‍ നിന്ന് രക്ഷിക്കുന്നതാണ് ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ ഏഴായിരം കണ്ടിയുടെ ഇതിവൃത്തം.
കണ്ടുപരിചയിച്ച കാടിന്റെയും കാട്ടില്‍ വസിക്കുന്ന ജനതയുടെയും പതിവ് ക്ളീഷേകളെ പുതുമയോടെ സമീപിക്കാന്‍ ശ്രമിക്കുന്നതിനാല്‍ ഏഴായിരം കണ്ടിയെന്ന ഗ്രാമത്തിന് ചിത്രത്തില്‍ ഒരു ഫാന്റസി സ്വഭാവം പകര്‍ന്ന് കിട്ടിയിട്ടുണ്ട്. സാമൂഹ്യ പ്രസക്തമായൊരു ചോദ്യം അവശേഷിപ്പിക്കാന്‍ പ്രമേയപരമായി ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ ഏഴായിരം കണ്ടിയിലൂടെ സംവിധായകന് സാധിച്ചിട്ടുണ്ട്. സംവിധായകന്‍ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് അവകാശപ്പെട്ടത് പോലെ റിയലിസ്റ്റിക്ക് ഫാന്റസി എന്ന നിലയില്‍ 7000 കണ്ടി പ്രേക്ഷകന്റെ കൗതുകങ്ങളെ പലയിടത്തും തൊട്ടുണര്‍ത്തുന്നുണ്ട്. യുക്തിഭദ്രമായൊരു കഥഗതിയിലൂടെയാണ് സിനിമ വികസിക്കുന്നതെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള കൈയ്യടക്കം സിനിമയിലുടനീളം അനില്‍ രാധാകൃഷ്ണ മേനോന്‍ പുലര്‍ത്തിയിട്ടുണ്ട്. lord-livingstone-7000-kandiഅതോടൊപ്പം തന്നെ മനുഷ്യരാശിയുടെ അതിജീവനവുമായി ബന്ധപ്പെട്ട് വളരെ ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതോടൊപ്പം പൂര്‍വ്വീകരും പ്രകൃതിയും തമ്മിലുണ്ടായിരുന്ന പൊക്കിള്‍കൊടി ബന്ധങ്ങളുടെ പലവ്യാഖ്യാനങ്ങളിലേയ്ക്കും സഞ്ചരിക്കാനുള്ളൊരു സാധ്യത ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000 കണ്ടി തുറന്നിടുന്നുണ്ട്.
പുതുമയുള്ളൊരു ദൃശ്യാനുഭവമായി ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ 7000കണ്ടി മാറിയതിന് പിന്നില്‍ സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരുടെ മികവ് എടുത്ത് പറയേണ്ടതാണ്. ഏഴായിരം കണ്ടിയെന്ന ഗ്രാമവും സ്വഭാവികമായ കാടനുഭവങ്ങളും പകര്‍ന്ന് തരുവാന്‍ വിഎഫ്എക്സിനും കമ്പ്യൂട്ടര്‍ ജനറേറ്റഡ് ഗ്രാഫിക്സിനും സാധിച്ചിട്ടുണ്ട്. കാമറ കൈകാര്യം ചെയ്തിരിക്കുന്ന ജയേഷ് നായരും കലാസംവിധായകന്‍ ജ്യോതിഷ് ശങ്കര്‍, വസ്ത്രലങ്കാരം നിര്‍വ്വഹിച്ച സ്റ്റെഫി സേവ്യര്‍ എന്നിവരുടെ പുതുമ സൃഷ്ടിക്കാനുള്ള പ്രയത്നത്തിന് ഫലപ്രാപ്തിയുണ്ടായി എന്ന് നിസംശയം പറയാം. സംഗീതവും പശ്ചാത്തല സംഗീതവും സിനിമയുടെ മൊത്തം നിലവാരത്തില്‍ നിന്ന് താഴെയായിട്ടില്ല.
വ്യത്യസ്തവും പുതുമ നിറഞ്ഞതുമായൊരു കഥാപരിസരത്ത് നിന്ന് സാമൂഹ്യ പ്രസക്തമായൊരു വിഷയം കൂടി കൈകാര്യം ചെയ്യാന്‍ സംവിധായകന്‍ ധൈര്യം കാണിച്ചിട്ടുണ്ട്. നമ്മള്‍ കേട്ടറിഞ്ഞ കാടിനെ വ്യത്യസ്തമായൊരു അനുഭവമാക്കി അവതരിപ്പിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. സത്യസന്ധമായൊരു ശ്രമം ലോര്‍ഡ് ലിവിങ്ങ്സ്റ്റണ്‍ ഏഴായിരം കണ്ടിക്ക് പിന്നില്‍ ഉണ്ടെന്ന് ഈ സിനിമ കാണുന്ന ആര്‍ക്കും തലകുലുക്കി സമ്മതിക്കേണ്ടി വരും. ഈയൊരു സത്യസന്ധതയെ വിരസതയില്ലാതെ സ്ക്രീനില്‍ പകര്‍ത്തി വയ്ക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഇത് പരിഗണിക്കുമ്പോള്‍ ചില കല്ലുകടികളെ നമുക്ക് അവഗണിക്കാം.

Top