ഉമ്മന്‍ചാണ്ടിയില്‍ നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചെന്ന് എം എം ഹസ്സന്‍…

കൊച്ചി:  കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തനിക്ക് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്ത് നിന്നും കലവറയില്ലാത്ത പിന്തുണ ലഭിച്ചെന്നു കെ പി സി സി അധ്യക്ഷന്‍ എം എം ഹസ്സന്‍.  പാര്‍ട്ടിയില്‍ എക്കാലവും താന്‍ എ’ ഗ്രൂപ്പിനൊപ്പമായിരുന്നു. കെ പി സി സി അധ്യക്ഷനായ ശേഷം വിവിധ ഗ്രൂപ്പുകളെ ഒന്നിച്ചുകൊണ്ടുപോകാനാണ്‌ ശ്രമിച്ചത്. അതുകൊണ്ട് എ’ ഗ്രൂപ്പുമായും ഉമ്മന്‍ചാണ്ടിയുമായും അകന്നുവെന്ന് അര്‍ഥമില്ല. മാത്രമല്ല, തനിക്ക് മുമ്പ് ലഭിച്ചതിനേക്കാള്‍ പിന്തുണ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. രമേശ്‌ ചെന്നിത്തലയും തന്നെ പിന്തുണച്ചു. പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹസന്റെ പ്രതികരണം. താന്‍ നയിച്ച കേരള യാത്രയുടെ സമയത്ത് കെ പി സി സി അധ്യക്ഷനെ മാറ്റുമെന്ന് വാര്‍ത്ത വന്നത് യാത്രയുടെ ശോഭ കെടുത്തിയെന്നത് സത്യമാണ്. എന്നാല്‍ കൊച്ചിയിലെ കസ്റ്റഡി മരണ കേസിനെ തുടര്‍ന്ന്‍ രമേശ്‌ ചെന്നിത്തല സത്യാഗ്രഹം കിടന്നത് യാത്രയെ ബാധിച്ചിട്ടില്ല.

അത് യാത്രയ്ക്കെതിരെയുള്ള നീക്കമല്ലായിരുന്നു. അന്നത്തെ സാഹചര്യത്തില്‍ സത്യാഗ്രഹം മാറ്റി വച്ച് യാത്ര കഴിഞ്ഞ് നടത്തിയാല്‍ മതിയെന്ന് പറഞ്ഞാല്‍ നടക്കില്ല. അതിനാല്‍ രമേഷിന്റെ നീക്കവും ശരിയായിരുന്നു. വി എം സുധീരനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടും ഹസ്സന്‍ നിലപാട് വ്യക്തമാക്കി. ഗ്രൂപ്പുകളെ കുറ്റം പറഞ്ഞും എതിര്‍ത്തും കൊണ്ട് മാത്രം ഒരാള്‍ക്ക് കെ പി സി സി അധ്യക്ഷനായിരുന്നു വിജയിക്കുക സാധ്യമല്ല. പകരം ഗ്രൂപ്പുകളെ ഒന്നിപ്പിച്ചു കൊണ്ടുപോകാനാണ്‌ ശ്രമിക്കേണ്ടത്. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തിരുന്ന്‍ നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. കെ പി സി സി അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഉമ്മന്‍ചാണ്ടിയുടെ പിന്തുണ തനിക്കില്ലെന്ന വാദം ശരിയല്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അദ്ദേഹം എ ഐ സി സിയോട് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ പി സി സി അധ്യക്ഷന്‍ മാറണമെന്നാണ് എ ഐ സി സിയുടെ തീരുമാനമെങ്കില്‍ മാറിയെ തീരൂ. വീണ്ടും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ചുമതലകള്‍ ഭംഗിയായി ഏറ്റെടുത്ത് നടപ്പിലാക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് ചോദിച്ചാല്‍ കല്യാണ പ്രായമായ പെണ്ണിനോട് വിവാഹം വേണ്ടേ എന്ന് ചോദിക്കുന്നതുപോലാകും തന്റെ പ്രതികരണം. രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നത് സ്വാഭാവികമാണെന്നും ഹസ്സന്‍ പറഞ്ഞു.

Top