മഹാരാഷ്ട്രയിൽ മുന്നണി സർക്കാർ തകരുന്നു !! പൗരത്വ നിയമത്തിൽ ഇടഞ്ഞ് ശിവസേന പ്രതിപക്ഷത്തിനൊപ്പമില്ല!കോൺഗ്രസ് പതനം തുടരുന്നു

മുംബൈ:രാജ്യത്ത് കോൺഗ്രസിന്റെ മണ്ടൻ പ്രകടനങ്ങൾ തുടരുകയാണ് .മതേതര സ്വഭാവം ഉണ്ടായിരുന്ന കോൺഗ്രസ് അധികാരകൊതിയാൽ മഹാരാഷ്ട്രയിൽ തീവ്ര ഹിന്ദുത്വ ചിന്താഗതിയുള്ള ശിവസേനക്കൊപ്പം അധികാരം പങ്കിടുകയാണിപ്പോൾ .എന്നാൽ രാജ്യമെങ്ങും വലിയ ചര്‍ച്ചയായിരിക്കുന്ന പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസ്സാക്കാന്‍ ബിജെപിക്ക് ശിവസേനയുടെ പിന്തുണയുണ്ടായിരുന്നു. ഇത് കോണ്‍ഗ്രസില്‍ വലിയ അതൃപ്തിയുണ്ടാക്കി. എന്നാല്‍ ഒരു മാസം പോലും തികയും മുന്‍പ് സഖ്യസര്‍ക്കാരിനുളളില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നതായാണ് സൂചന.

രാഹുല്‍ ഗാന്ധി സവര്‍ക്കര്‍ക്കെതിരെ നടത്തിയ പരാമര്‍ശം മുതല്‍ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം വരെ സഖ്യസര്‍ക്കാരിനുളളില്‍ പുകഞ്ഞ് കൊണ്ടിരിക്കുകയാണ്. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ രാഷ്ട്രപതിയെ കാണാന്‍ പോകുന്ന പ്രതിപക്ഷ സംഘത്തോടൊപ്പം ശിവസേന ഇല്ല എന്നതും കാര്യങ്ങള്‍ ഗൗരവതരമാക്കുന്നു.വ്യത്യസ്തമായ മൂന്ന് പ്രത്യയശാസ്ത്രങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും മഹാരാഷ്ട്രയില്‍ ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുക എന്ന ഒറ്റ ലക്ഷ്യം വെച്ചാണ് ഒരുമിച്ച് നിന്ന് സര്‍ക്കാരുണ്ടാക്കിയത്. ഹിന്ദുത്വ വിഷയത്തില്‍ അടക്കമുളള അഭിപ്രായ ഭിന്നതകള്‍ സര്‍ക്കാരിനുളളില്‍ ഏറ്റുമുട്ടലുകളുണ്ടാക്കും എന്ന് തുടക്കം മുതലേ തന്നെ വിലയിരുത്തപ്പെട്ടിരുന്നു. സര്‍ക്കാരിന് ഒരുമാസം പോലും തികയും മുന്‍പേ തന്നെ അസ്വാരസ്യങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്.

പിന്നാലെ സവര്‍ക്കര്‍ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശവും സഖ്യത്തില്‍ വിളളലുണ്ടാക്കി. ‘റേപ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ താന്‍ രാഹുല്‍ സവര്‍ക്കര്‍ അല്ല രാഹുല്‍ ഗാന്ധിയാണ്’ എന്നാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. സവര്‍ക്കര്‍ക്ക് ഭാരതരത്‌ന കൊടുക്കണം എന്ന് ആവശ്യപ്പെടുന്ന ശിവസേന രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്ത് വരികയും ചെയ്തു. സവര്‍ക്കറെ അപമാനിക്കാനാവില്ല എന്നാണ് സേനയുടെ നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പൗരത്വ ഭേദഗതി നിയമമായി മാറിയതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബും മധ്യപ്രദേശും ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ നിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ മഹാരാഷ്ട്ര ഇതുവരെ അക്കാര്യത്തില്‍ ഒരു നിലപാട് പ്രഖ്യാപിച്ചിട്ടില്ല. സംസ്ഥാനത്ത് നിയമം നടപ്പിലാക്കേണ്ട എന്നതാണ് കോണ്‍ഗ്രസിന്റെയും എന്‍സിപിയുടേയും നിലപാട്. എന്നാല്‍ ശിവസേന ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കിയിട്ടില്ല.പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ല എന്ന് പറയാനാവില്ല എന്നാണ് ശിവസേനയിലെ ഒരു വിഭാഗം വാദിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ പ്രകടന പട്ടികയിലുണ്ടായിരുന്നതാണ് പൗരത്വ ഭേദഗതി നിയമം എന്നാണ് ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. ശിവസേന ഈ നിലപാട് പ്രഖ്യാപിച്ചാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാവും.

ഈ വിഷയം വരുംദിവസങ്ങളില്‍ സര്‍ക്കാരിനുളളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ സൃഷ്ടിച്ചേക്കും. കോണ്‍ഗ്രസും ശിവസേനയും തമ്മിലുളള പ്രശ്‌നം വഷളാകാതിരിക്കാന്‍ എന്‍സിപിയും ഇടപെടല്‍ നടത്തുന്നുണ്ട്. അതിനിടെയാണ് രാഷ്ട്രപതിയെ കാണാനുളള പ്രതിപക്ഷ സംഘത്തില്‍ നിന്ന് ശിവസേന വിട്ട് നില്‍ക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.രാഷ്ട്രപതിയെ കാണാനുളള പ്രതിപക്ഷ തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും ശിവസേന പ്രതിപക്ഷ സംഘത്തിന്റെ ഭാഗമല്ലെന്നും റാവുത്ത് പറഞ്ഞു. മഹാരാഷ്ട്രയില്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കണമോ എന്നത് മന്ത്രിസഭാ യോഗത്തില്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്നും റാവുത്ത് പറഞ്ഞു. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, സമാജ്വാദി പാര്‍ട്ടി, ആര്‍ജെഡി, ഡിഎംകെ, മുസ്ലീം ലീഗ്, എന്‍സിപി, ആര്‍എസ്പി അടക്കമുളള പാര്‍ട്ടികളാണ് രാഷ്ട്രപതിയെ കാണുന്നത്.

Top