മലപ്പുറം: കൊണ്ടോട്ടിയില്‍ രണ്ട് കോടി രൂപയോളം വിലവരുന്ന പാമ്പിന്‍ വിഷവുമായി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം മൂന്ന് പേര്‍ പിടിയില്‍. പത്തനംതിട്ട കോന്നി അതുമ്പുംകുളം സ്വദേശി ശ്രീമംഗലം വീട്ടില്‍ പ്രദീപ് നായര്‍ (62), പത്തനംതിട്ട കോന്നി ഇരവോണ്‍ സ്വദേശി പാഴൂര്‍ പുത്തന്‍ വീട്ടില്‍ ടി പി കുമാര്‍ (63), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വടക്കേവീട്ടില്‍ ബഷീര്‍ (58) എന്നിവരാണ് പിടിയിലായത്. പത്തനംതിട്ട അരുവാപ്പുരം മുന്‍ പഞ്ചായത്ത് പ്രസിഡന്റാണ് ടി പി കുമാര്‍. കൊണ്ടോട്ടിയിലെ ഒരു ലോഡ്ജില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.
ഇവരില്‍ നിന്നും ഫ്ളാസ്‌കില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പാമ്പിന്‍ വിഷം കണ്ടെത്തിയത്. മലപ്പുറം സ്വദേശിയ്ക്ക് വില്പന നടത്താന്‍ വേണ്ടിയാണ് ഇവര്‍ ഇവിടെ എത്തിയതെന്ന് പറയുന്നു. ഇവര്‍ക്ക് വിഷം എത്തിച്ച് നല്‍കിയ ആളെക്കുറിച്ചും വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അദ്ധ്യാപകനാണ്.
മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊണ്ടോട്ടി എഎസ്പി വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി എസ്‌ഐ ഫദല്‍ റഹ്‌മാനും ജില്ലാ ആന്റി നാര്‍ക്കോട്ടിക്സ് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് ടീമംഗങ്ങളും ചേര്‍ന്നാണ് ലോഡ്ജില്‍ എത്തി മൂവരേയും പിടികൂടിയത്.