സ്വന്തം ലേഖകൻ
മലപ്പുറം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന മലപ്പുറത്ത് മാസ്‌ക് പോലും ധരിക്കാതെ വടിവാളുകളുമായി യുവാക്കളുടെ സെൽഫി. വാക്കാട് കടപ്പുറത്താണ് കോവിഡ് നിയന്ത്രണങ്ങളെ വെല്ലുവിളിച്ച് ഒരു സംഘം യുവാക്കൾ വടിവാളുകളുമായി എത്തിയത്.
തിരൂർ, താനൂർ സ്വദേശികളായ യുവാക്കളാണ് കടപ്പുറത്തെത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചേക്കാമിന്റെ പുരക്കൽ ഷർഫാസ്, എനീന്റെ പുരക്കൽ ഷാഹിദ് അഫ്രീദി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെന്നാണ് വിവരം.
കടപ്പുറത്ത് എത്തിയ ഇവർ ഊരിപ്പിടിച്ച വടിവാളുമായി നിൽക്കുന്ന ഫോട്ടോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എന്നാൽ സംഭവം വിവാദമായതോടെ ഇവർ ഫോട്ടോ നീക്കം ചെയ്തു.
താനൂർ സ്വദേശിയായ ഷാഹിദ് ദിവസവും കടപ്പുറത്ത് എത്താറുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതിന് മുൻപും ഇക്കൂട്ടർ സമാനരീതിയിൽ ആയുധ പ്രദർശനം നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു.
സംഘം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടാണ് സംഘമെത്തിയതെന്നാണ് സംശയിക്കുന്നതെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു. സംഭവത്തിൽ പൊലീസ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.