തിരൂര്‍: മലപ്പുറം തിരൂരില്‍ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവാവ് കുത്തി പരിക്കേല്‍പ്പിച്ച പെണ്‍കുട്ടി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ സാമിന (15) കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ പ്രതി ബംഗാള്‍ സ്വദേശി സാദത്ത് ഹുസൈനെ പൊലീസ് പിടികൂടിയിട്ടുണ്ട്. വീട്ടില്‍ക്കയറി കത്തികൊണ്ട് കുത്തിക്കൊല്ലുകയായിരുന്നു.
വയറിനും നെഞ്ചിനും കാലിനും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ സമീനയെ തിരൂര്‍ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. ഇതരസംസ്ഥാന തൊഴിലാളികള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ രണ്ടിടത്തായാണ് സമീനയുടെ കുടുംബവും യുവാവും താമസിക്കുന്നത്.
സമീനയുടെ കൂടെയുള്ളവര്‍ ജോലിക്കുപോയപ്പോഴാണ് യുവാവ് അടുക്കളയില്‍ക്കയറി കുത്തിയത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സാദത്ത് ഹുസൈനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ട് പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ദ്വിഭാഷിയുടെ സഹായത്താല്‍ ചോദ്യംചെയ്തശേഷം അറസ്റ്റ്ചെയ്തു.
സമീനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ആക്രമണം നടന്ന വാടകവീട്ടില്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.