ഒറിജിനലിനെ വെല്ലും ബീവറേജ് ഔട്ട്‌ലെറ്റ്; ക്യൂ നിന്ന് ചമ്മിയവര്‍ മടങ്ങിയത് സിനിമയില്‍ മുഖം കാണിച്ച്‌

ഒരൊറ്റ രാത്രികൊണ്ട് കലവൂര്‍ പാതിരപ്പള്ളിയില്‍ പുതിയ ബീവറേജസ് ഔട്ട്‌ലെറ്റ്. വിവരമറിഞ്ഞവരെല്ലാം രാവിലെ തന്നെ ഓടിയെത്തി. ഔട്ട്‌ലെറ്റിന്റെ കെട്ടും മട്ടുമൊന്നും ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒരു പൈന്‍ഡ് എങ്കിലും വാങ്ങിപ്പോകാമെന്ന പ്രതീക്ഷയില്‍ പലരും ക്യൂവില്‍ അണിചേര്‍ന്നു. പക്ഷേ, പുതിയ ബീവറേജ് ഔട്ട്‌ലെറ്റിലേക്ക്‌സിനിമാ നടന്മാരും ചിത്രീകരണ യൂണിറ്റുമെല്ലാംഎത്തിയതോടെ സീനാകെ മാറി. അപ്പോഴാണ് പലരും ബീവറേജ് ഔട്‌ലറ്റിലേയ്ക്ക് ഒന്നുകൂടി നോക്കിയത്. അതോടെ പണിപാളിയത് മനസ്സിലാക്കി പലരും വലിഞ്ഞു. കഴിഞ്ഞദിവസം പാതിരപ്പള്ളിയില്‍ സിനിമാ ചിത്രീകരണത്തിനായി ഒരുക്കിയ ബീവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് പലരും ഇളിഭ്യരായസംഭവമുണ്ടായത്.

ജയറാം നായകനാകുന്ന ഗ്രാന്‍ഡ് ഫാദര്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ് ഇവിടെ ബീവറേജ് ഔട്ട്‌ലെറ്റ് ഒരുക്കിയത്. പൂട്ടിക്കിടന്ന പഴയ കടമുറി നല്ല ഒറിജിനല്‍ ബീവറേജ് ഔട്ട്‌ലെറ്റാക്കി മാറ്റുകയായിരുന്നു സിനിമയുടെ അണിയറപ്രവര്‍ത്തകര്‍. യഥാര്‍ഥ ബീവറേജിനെ അനുസ്മരിപ്പിക്കുന്നവിധം അതേ ബോര്‍ഡുകളും വിലവിവരപ്പട്ടികയും എന്തിനേറെ കൗണ്ടറുകള്‍ക്ക് പുറത്തുള്ള കമ്പിവേലി വരെ സിനിമാ ചിത്രീകരണത്തിനായി തയ്യാറാക്കിയിരുന്നു. ഇതെല്ലാം കണ്ടതോടെയാണ് സംഭവം ഒറിജിനലാണെന്ന് വിചാരിച്ച് പലരും രാവിലെ മുതല്‍ വരിനില്‍ക്കാന്‍ തുടങ്ങിയത്. എന്നാല്‍ അല്പസമയത്തിനുശേഷം സംഭവം ഷൂട്ടിങാണെന്ന് മനസിലായതോടെ എല്ലാവരും കളമൊഴിഞ്ഞു. തുടര്‍ന്നാണ് സിനിമാ ചിത്രീകരണവും ആരംഭിച്ചത്.

ഹാസ്യനടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി അഭിനയിക്കുന്ന രംഗങ്ങളാണ് പാതിരപ്പള്ളിയില്‍ ചിത്രീകരിച്ചത്. രാവിലെ അച്ചടക്കത്തോടെ വരിനിന്ന് ചമ്മിപ്പോയവര്‍ പലരും അതേ നില്‍പ്പ് തന്നെയാണ് സിനിമയിലും അഭിനയിച്ചത്. കുപ്പി വാങ്ങാന്‍ വന്ന് നിരാശരായവര്‍ക്ക് കുപ്പി കിട്ടിയില്ലെങ്കിലും സിനിമയില്‍ മുഖം കാണിക്കാന്‍ അവസരവും ലഭിച്ചു.

Top