കരിപ്പൂര്‍: ഐഎസില്‍ ചേരുന്നതിന് നാടുവിട്ട മലയാളികള്‍ നാട്ടിലേക്ക് മടങ്ങിയെത്തിയതായി റിപ്പോര്‍ട്ട്. ഐഎസ് ബെഹറിന്‍ മോഡ്യൂളില്‍ ചേര്‍ന്ന് സിറിയയിലെത്തി യുദ്ധത്തില്‍ പങ്കെടുത്ത 20 പേരോളം ആളുകളാണ് നാട്ടിലേക്ക് എത്തിയത്. 12 മലയാളികളും ഈ സംഘത്തില്‍ ഉള്‍പ്പെടുമെന്നാണ് വിവരം. വിദേശ ഇന്റലിജന്‍സ് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട സൂചനകള്‍ എന്‍ഐഎയ്ക്ക് നല്‍കിയത്.
തുര്‍ക്കിയില്‍നിന്നാണ് ഇവരില്‍ പലരും രാജ്യത്തേക്ക് മടങ്ങിയിരിക്കുന്നതെന്നാണ് കരുതുന്നത്. വ്യാജ പാസ്പോര്‍ട്ടുകളാണ് മിക്കവരും ഉപയോഗിച്ചിരിക്കുന്നത്. കേരളത്തിലേക്ക് മടങ്ങിയതായി കരുതുന്ന 12 പേരെക്കുറിച്ചുള്ള വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ട്. ഇതില്‍ 11 പേര്‍ കണ്ണൂര്‍-കാസര്‍കോട് ഭാഗത്തുള്ളവരും ഒരാള്‍ മലപ്പുറം സ്വദേശിയുമാണെന്നാണ് അറിയുന്നത്. ഐ.എസിനുവേണ്ടി യുദ്ധംചെയ്ത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെടാനുള്ള സാധ്യത ഏറെയാണ്.
97 ഇന്ത്യക്കാരാണ് ബെഹ്റൈന്‍ മൊഡ്യൂള്‍ വഴി ഐ.എസില്‍ ചേര്‍ന്നത്. ഇതില്‍ 67 പേര്‍ സിറിയയിലെ യുദ്ധമേഖലയിലേക്കാണുപോയത്. ഇതില്‍ 15 പേര്‍ കൊല്ലപ്പെട്ടതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശികളായ ഷമീര്‍, മകന്‍ സല്‍മാന്‍, ചാലാട് സ്വദേശി എ.വി. ഷഹനാസ്, മുണ്ടേരി സ്വദേശി മുഹമ്മദ് ഷെജില്‍, വളപട്ടണം സ്വദേശികളായ റിഷാദ്, അസ്‌ക്കറലി എന്നിവരുടെ മരണം സംസ്ഥാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഐ.എസില്‍ ചേര്‍ന്ന് യുദ്ധംചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ രണ്ടുപേര്‍ നേരത്തേ എന്‍.ഐ.എ.യുടെ പിടിയിലായിരുന്നു. തൊടുപുഴ സ്വദേശി സുബ്ഹാനി, വളപട്ടണം സ്വദേശി മുഈനുദ്ദീന്‍ എന്നിവരെ രാജ്യത്ത് മടങ്ങിയെത്തി മാസങ്ങള്‍ക്കുശേഷമാണ് തിരിച്ചറിയാനും പിടികൂടാനുമായത്. ഐ.എസിലേക്ക് ആളെക്കൂട്ടാനുള്ള ശ്രമത്തിലായിരുന്നു ഇരുവരും.
ഇത്തരത്തില്‍ മടങ്ങിയെത്തിയവര്‍ നിശ്ശബ്ദസെല്ലുകളായി പ്രവര്‍ത്തിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്. സാമൂഹികമാധ്യമങ്ങള്‍ വഴി ആവര്‍ത്തിച്ചുവരുന്ന ആക്രമണ ആഹ്വാനങ്ങള്‍ തള്ളിക്കളയാനാവാത്ത അവസ്ഥയിലാണ് എന്‍.ഐ.എ. ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ ഇപ്പോള്‍.