
തിരുവനന്തപുരം :മമ്മൂട്ടി തന്റെ ചേട്ടനെന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ജന്മദിനാഘോഷത്തില്‍ മമ്മൂട്ടി വയസ്സ് പറയാതിരുന്നപ്പോഴായിരുന്നു മന്ത്രിയുടെ പരാമര്‍ശം. താന്‍ വയസ് പറഞ്ഞാല്‍ ആരും വിശ്വസിക്കാത്തതുകൊണ്ടാണ് വയസ് വെളിപ്പെടുത്താതെന്നും മമ്മൂട്ടി പറഞ്ഞു.
അതിനിടെയാണ് മമ്മൂട്ടി തന്റെ ചേട്ടന്‍ ആണെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇത്രയും പ്രായമുള്ള അനുജനെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഹാസ്യരൂപേണെ മമ്മൂട്ടി മറുപടിയും നല്‍കി.പോത്തന്‍കോട് ശാന്തിഗിരി നവതി പുരസ്‌കാരദാനച്ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
തന്നെ മാത്രമല്ല തന്റെ മകനേയും കടന്നപ്പള്ളി രാമചന്ദ്രന്‍ ജ്യേഷ്ഠനായാണ് കരുതുന്നതെന്ന താരത്തിന്റെ മറുപടി ചടങ്ങിനെത്തിയവരെ ഏറെ ചിരിപ്പിക്കുകയും ചെയ്തു.
മമ്മൂട്ടിയുടെ ജന്മദിനം പുരസ്‌കാര വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. സെപ്റ്റംബര്‍ 7നാണ് മലയാളികളുടെ പ്രിയതാരത്തിന്റെ ജന്മദിനമെങ്കിലും പുരസ്‌കാര ദാനത്തോട് അനുബന്ധിച്ച് വേദിയില്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയായിരുന്നു. ചിങ്ങ മാസത്തിലെ വിശാഖമാണ് മമ്മൂട്ടിയുടെ ജന്മനക്ഷത്രം.ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ദേശബന്ധു കരു ജയസൂര്യ പുരസ്‌കാരം മമ്മൂട്ടിക്ക് സമ്മാനിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ബിജെപി നേതാവ് കെഎന്‍ രാധാകൃഷ്ണന്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു