കൊച്ചി: വേനല്‍ച്ചൂടിനെ തണുപ്പിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നേതൃത്വം ചെയ്യുന്ന പുതിയ പദ്ധതിയെത്തി. കുടിവെള്ള ക്ഷാമത്തിന് ഒരു പരിഹാരം എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ യുവര്‍ വാട്ടര്‍ കാംപെയ്ന്‍ പദ്ധതി ആരംഭിച്ചത്. നടന്‍ മമ്മൂട്ടിയും എറണാകുളം ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യവും പദ്ധതിക്ക് നേതൃത്വം നല്‍കും. ‘നിങ്ങള്‍ക്കാവശ്യമായ വെള്ളം നിങ്ങള്‍ സ്വന്തമാക്കുക’ എന്നാണ് പദ്ധതിയുടെ പേര്.
പദ്ധതിക്ക് ഇതിനോടകം പല കോണില്‍ നിന്നും സഹായ വാഗ്ദാനങ്ങള്‍ എത്തിക്കഴിഞ്ഞു. സന്നദ്ധപ്രവര്‍ത്തകരുടെയും വ്യക്തികളുടെയും സഹകരണത്തോടെ കുടിവെള്ളവും ആശ്വാസ സംവിധാനങ്ങളുമെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പനമ്പിള്ളി നഗര്‍ അവന്യൂ സെന്റര്‍ ഹോട്ടലില്‍ നടന്ന പദ്ധതി ആലോചനാ യോഗത്തിലാണ് പ്രമുഖരും വിദേശ മലയാളികളും സന്നദ്ധസംഘടനകളും കൈത്താങ്ങുമായെത്തിയത്.
കടുത്ത ചൂടും ജലക്ഷാമവും രൂക്ഷമായ പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കുക, പൊതു ഇടങ്ങളില്‍ പ്രത്യേകിച്ച് ബസ് സ്റ്റോപ്പുകള്‍, സിഗ്‌നല്‍ പോസ്റ്റുകള്‍ തുടങ്ങി ആളുകള്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടുന്ന സ്ഥലങ്ങളില്‍ ഹരിതഷീറ്റുകള്‍ കെട്ടുക, കുടിവെള്ള കിയോസ്‌കുകള്‍ പൊതുകേന്ദ്രങ്ങളില്‍ സ്ഥാപിക്കുക, റോഡരികിലെ വീടുകള്‍ക്കു മുന്നില്‍ കൂജകളില്‍ വെള്ളം നിറച്ച് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ സൗകര്യമുണ്ടാക്കുക, അര്‍ഹരായ പാവപ്പെട്ടവര്‍ക്ക് അത്യാവശ്യം ഭക്ഷണസാധനങ്ങള്‍ കുടിയെത്തിക്കുക തുടങ്ങിയ താത്കാലികാശ്വാസ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. സംഭാവനകള്‍ സേവനങ്ങളായി മാത്രമായിരിക്കും സ്വീകരിക്കുക. പണം സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷമാണ് ഇത്തരമൊരു ആശ്വാസപദ്ധതിയുമായി മുന്നിട്ടിറങ്ങിയതെന്നും മമ്മൂട്ടി പറഞ്ഞു. ഈ ജലക്ഷാമവും വരള്‍ച്ചയും പ്രകൃതിയുടെ ഒരു മൂന്നാര്‌റിയിപ്പാണ്. ഇതവഗണിക്കുന്നത് കൊടിയ ദുരന്തത്തിലേക്ക് നമ്മെ എത്തിക്കും. കേരളം മരൂഭൂമിയായി മാറാന്‍ സമ്മതിക്കാതെ പ്രകൃതിയെ സംരക്ഷിക്കാനുംജലം സുലഭമായി മനുഷ്യന്റെ ആവശ്യത്തിനുപയോഗിക്കാനാകുന്ന തരത്തില്‍ ലഭ്യമാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് അല്‍പംപോലും വൈകരുതെന്ന് യോഗത്തില്‍ സംസാരിച്ച പ്രഫ. എം കെ സാനു പറഞ്ഞു.
എറണാകുളം ജില്ലയിലേക്കാവശ്യമായ ചെറിയ ആര്‍ഒ പ്ലാന്റുകള്‍ (റിവേഴ്‌സ് ഓസ്‌മോസിസ് പ്ലാന്റുകള്‍ ഉപ്പുവെള്ളം ഉള്‍പ്പെടെയുള്ള ഉപയോഗയോഗ്യമല്ലാത്ത വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍) എത്രയായായലും നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളിയും വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവുമായ അലക്‌സ്വിളനിലം മമ്മൂട്ടിയെ അറിയിച്ചു. ശനിയാഴ്ച മുതല്‍ ആവശ്യമുള്ളവര്‍ക്ക് മുഴുവന്‍ കുടിവെള്ളവും ഭക്ഷണവും നല്‍കാന്‍ തങ്ങള്‍ സന്നദ്ധരാണെന്ന് എറണാകുളം കരയോഗം സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു. ആലുവ കെഎംഇഎ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികള്‍ മാഗസിന്‍ പ്രകാശനച്ചടങ്ങ് ഒഴിവാക്കി അതിനായി നീക്കിവച്ച തുകകൊണ്ട് പദ്ധതിയിലേക്ക് സഹായങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചു. ഉടന്‍ ഈ സഹായങ്ങളെല്ലാം കോര്‍ത്തിണക്കി ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനം. ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം, കാര്‍ഷിക സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലര്‍ കെ ആര്‍ വിശ്വംഭരന്‍, ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, പ്രഫ എം കെ പ്രസാദ്, തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.