വീടിന് മുകളില്‍ വിമാനം ഇടിച്ചിറക്കി ഭാര്യയോട് പ്രതികാരം; പൈലറ്റിന് ജീവന്‍ നഷ്ടമായി; ഭാര്യയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

ഭാര്യയോട് പ്രതികാരം ചെയ്യാന്‍ വീടിന് മുകളിലേക്ക് വിമാനം ഇടിച്ചിറക്കി. ദാരുണമായ കൃത്യം ചെയ്ത പൈലറ്റിന് നഷ്ടപ്പെട്ടത് സ്വന്തം ജീവന്‍. അമേരിക്കയിലെ ഓഹിയോയിലാണ് സംഭവം. ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് മരിച്ചത്.

വഴക്കിനിടെ ഭാര്യയെ മര്‍ദ്ദിച്ചെന്ന കുറ്റത്തിന് ഞായറാഴ്ച വൈകിട്ടാണ് യൂദയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇയാള്‍ ഭാര്യയോടുള്ള പ്രതികാരം ചെയ്യാനാണ് വിമാനം വീടിന് മുകളിലേക്ക് ഇടിച്ചിറക്കിയത്.

തന്റെ രണ്ടു നില വീടിന് മുകളിലേക്ക് ഇയാള്‍ വിമാനം ഇടിച്ചിറക്കുന്ന സമയത്ത് ഭാര്യയും മകനും വീടിനുള്ളിലുണ്ടായിരുന്നു. എന്നാല്‍ അവരിരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു. പക്ഷേ, ഇടിയുടെ ആഘാതത്തില്‍ വീട് കത്തിയമര്‍ന്നു. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് യൂദിന്റെ മൃതദേഹം കണ്ടെടുത്തു.

പരിചയ സമ്പന്നനായ പൈലറ്റായിരുന്നു യൂദ്. ഏത് കമ്പനിയുടേതാണ് വിമാനം എന്ന് കണ്ടെത്താനായിട്ടില്ല. വിമാനവും വീടിന് പുറത്ത് കിടന്ന കാറുകളും പൂര്‍ണമായും തകര്‍ന്നെന്നും പൊലീസ് പറഞ്ഞു.

Top