ബീഫ് കഴിച്ചെന്നാരോപിച്ച് യുപിയില്‍ മധ്യവയസ്കനായ മുസ്ളിമിനെ ജനക്കൂട്ടം തല്ലിക്കൊന്നു.മകന്‍ ഗുരുതരാവസ്ഥയില്‍

ലക്നോ: ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അമ്പത് വയസുകാരനെ ജനക്കൂട്ടം തല്ലിക്കൊന്നു. ദാദ്രി സ്വദേശി മുഹമ്മദ് അഖ്‍ലാഖ്(50) എന്നയാളെയാണ് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയത്. മര്‍ദ്ദനത്തില്‍ ഇയാളുടെ മകന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് സംഭവം. മുഹമ്മദ് അഖ്‍ലാഖും കുടുംബാംഗങ്ങളും ഗോമാംസം കഴിക്കുന്നുണ്ടെന്നും ഇവരുടെ വീട്ടില്‍ മാംസം സൂക്ഷിച്ചിട്ടുണ്ടെന്നും ഉത്തര്‍പ്രദേശിലെ ദാദ്രി ഗ്രാമത്തില്‍ വാര്‍ത്ത പരന്നു. ഇതുകേട്ട ഒരു കൂട്ടം നാട്ടുകാര്‍ അഖ്‍ലാഖിന്റെ വീട്ടിലേക്ക് ഇരച്ചു കയറി കുടുംബാംഗങ്ങളെ പുറത്തേക്ക് വലിച്ചിഴച്ചു ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനു മുന്‍പ് തന്നെ അഖ്‌ലാഖ് കൊല്ലപ്പെട്ടു. ഗുരുതരാവസ്ഥയിലായ മകന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്.

നാട്ടുകാര്‍ ഇവരുടെ വീട് കുത്തിപ്പൊളിക്കുകയും സമയം വീട്ടിലുണ്ടായിരുന്ന സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തു. പൊലീസ് എത്തുന്നതുവരെയും അഖ്‌ലാഖിനെ ജനങ്ങള്‍ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കുടുംബം ബീഫ് കഴിച്ചെന്നാരോപിച്ചായിരുന്നു ഇവരെ ജനങ്ങള്‍ ആക്രമിച്ചതെന്നും സംഭവത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, തങ്ങളുടെ ഫ്രിഡ്ജില്‍ മട്ടണ്‍ മാത്രമാണുണ്ടായിരുന്നതെന്ന് അഖ്‌ലാഖിന്റെ മകള്‍ പറഞ്ഞു. ഇറച്ചി ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങള്‍ ഗ്രാമത്തില്‍ മുപ്പത് വര്‍ഷമായി താമസിക്കുന്നവരാണെന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നത് ബീഫായിരുന്നില്ലെന്നും അഖ്‍ലാഖിന്റെ മകള്‍ പറഞ്ഞു. അഖ്‍ലാഖിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മാംസത്തിന്റെ സാമ്പിള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉടന്‍ അറസ്റ്റിലാകുമെന്ന് ഗൗതം ബുദ്ധ് നഗര്‍ എസ്എസ്‌പി അറിയിച്ചു.

Top