മംഗളത്തിനെതിരെ പടയൊരുക്കവുമായി സിപിഎം: മംഗളത്തിലെ ഉന്നതന്റെ അശ്ലീല ചിത്രങ്ങളും വീഡിയോയും ഉടൻ പുറത്തു വിടും; വാർത്തയെച്ചൊല്ലി മംഗളത്തിലും പടലപ്പിണക്കം: പടയൊരുക്കം തുടങ്ങിയത് സിപിഎം സൈബർ വോയ്‌സ്; ഹിറ്റ്‌ലിസ്റ്റിലുള്ളത് സരിതയുടെ പട്ടികയിൽ ഇടം പിടിച്ച മാധ്യമപ്രവർത്തൻ

ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിക്കൂട്ടിലാക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്ത മംഗളം ചാനലിനെതിരെ പ്രതികാര നടപടികളുമായി സിപിഎം. മംഗളത്തിന്റെ വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഉന്നതനെതിരെയാണ് ഇപ്പോൾ സിപിഎം പടയൊരുക്കം തുടങ്ങിയിരിക്കുന്നത്. ഇപ്പോൾ സിപിഎമ്മിന്റെ നിയന്ത്രണത്തിലിരിക്കുന്ന പത്രപ്രവർത്തക യൂണിയനെ ഉപയോഗിച്ചു മംഗളത്തെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. മംഗളത്തിലെ ഉന്നതനെ പത്രപ്രവർത്തക യൂണിയനിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നു പോലും പുറത്താക്കുന്നതിനുള്ള നടപടികളാണ് സിപിഎം ഇടപെട്ട് പരിഗണിക്കുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ഈ വിഷയം അനൗദ്യോഗികമായി ചർച്ചയ്ക്കു വന്നിരുന്നു. വ്യക്തിപരമായ ഫോൺ വിളികൾ ചോർത്തി വിവാദമാക്കിയ മാധ്യമത്തിനെതിരെ കർശന നിയമനടപടികൾക്കു നീങ്ങാനാണ് സിപിഎം ഇപ്പോൾ എൻസിപി സംസ്ഥാന നേതൃത്വത്തിനു നിർദേശം നൽകിയിരിക്കുന്നത്. സംഭവം പുറത്തു വന്നു 48 മണിക്കൂർ കഴിഞ്ഞിട്ടും പരാതിക്കാരിയോ, രേഖാമൂലമുള്ള പരാതിയോ പുറത്തു വരാത്തതാണ് ഇപ്പോൾ സിപിഎമ്മിനു നൽകിയിരിക്കുന്ന ധൈര്യം. മന്ത്രിയെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മാത്രമാണ് ചാനൽ ഇത്തരത്തിൽ വാർത്ത നൽകിയതെന്ന നിഗമനത്തിലാണ് സിപിഎം നേതൃത്വം എത്തിച്ചേർന്നിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചാനലിനെതിരെ ആക്രമണം ശക്തമാക്കാൻ സിപിഎം സൈബർ വിങ്ങിനു നിർദേശം നൽകിയിരിക്കുന്നത്.
ഇതിനിടെ മംഗളത്തിലെ ഒരു വിഭാഗം മാധ്യമ പ്രവർത്തകർ ഇപ്പോൾ നടത്തിയ സ്റ്റിങ് ഓപ്പറേഷനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. വനിതാ മാധ്യമപ്രവർത്തകർ അടക്കം തങ്ങളുടെ സഹപ്രവർത്തകയെ ഉപയോഗിച്ചു വാർത്ത ചോർത്തിയതിനെതിരെ പ്രതിഷേധം ഉയർത്തുന്നുമുണ്ട്. തങ്ങളുടെ വ്യക്തിത്വം തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ മാധ്യമ സ്ഥാപനത്തിലെ സ്ത്രീകളെ നിരുത്തരവാദപരമായ രീതിയിൽ ഉപയോഗിച്ചതിനെതിരെയാണ് ഒരു വിഭാഗം വനിതാ മാധ്യമ പ്രവർത്തകർ രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിപിഎം സൈബർ വോയ്‌സ് മംഗളത്തിലെ ഉന്നതനെ കുടുക്കാനുള്ള നടപടികൾ വേഗത്തിലാക്കിയത്. മംഗളം ചാനലിലെ ഉന്നതന് സ്ത്രീ വിഷയത്തിൽ അമിതമായ താല്പര്യമുണ്ടെന്നു നേരത്തെ തന്നെ പരാതി ഉർന്നിട്ടുള്ളതാണ്. സരിതയുടെ സോളാർ പട്ടികയിലും ഇതേ മാധ്യമപ്രവർത്തകന്റെ പേര് ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ മംഗളത്തിലുള്ളിലെ അസംതൃപ്തരുടെ സഹായത്തോടെ തന്നെ സിപിഎമ്മിന്റെ സൈബർ വോയ്‌സ് മാധ്യമപ്രവർത്തകനെതിരെ രംഗത്ത് എത്തുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇദ്ദേഹത്തിന്റെ അശ്ലീല ചിത്രങ്ങളും വീഡിയോ, ഓഡിയോ ദൃശ്യങ്ങളും ഇവരുടെ കൈവശമുണ്ടെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കൂടുതൽ ഭീഷണി ഉയരുന്നത് ഒഴിവാക്കാനാണ് മംഗളം ഇപ്പോൾ ശ്രമിക്കുന്നത്. മംഗളവുമായി അനുരഞ്ജനം വേണ്ടെന്നും കൃത്യമായ നിലപാടുകളിലൂടെ ആക്രമണം നടത്താനും സിപിഎം അണികൾക്കു നിർദേശവും നൽകിയിട്ടുണ്ട്.
Top