
ഡി.പി.തിടനാട്
തിരുവനന്തപുരം :എഡിറ്റോറിയലുകൾ എരിതീയിൽ എണ്ണയാവുന്നത് നാം കണ്ടിട്ടുള്ളതാണ്. പല മന്ത്രിക്കസേരകളും ഇളകിയത് അപ്രിയമായ എഡിറ്റോറിയലുകളുടെ ബാക്കിപത്രമായിട്ടാണ്. ചാരക്കേസും പാമോയിലുമെല്ലാം മുഖപ്രസങ്ങൾ എടുത്തു കൈകാര്യം ചെയ്തപ്പോൾ മുഖ്യമന്ത്രിക്കസേര കൈമോശം സംഭവിച്ചത് കെ കരുണാകരനാണ്, പിന്നീട് എ കെ ആന്റണി ആ സ്ഥാനത്തേക്ക് വന്നതും പകരക്കാരനായി ഉമ്മൻ ചാണ്ടി കസേരയിലെത്തിയതുമെല്ലാം മലയാളികൾ കണ്ടതാണ്. മലയാള മനോരമയിൽ രാഷ്ട്രീയ നാവിന്റെ വേലി ചാട്ടം എന്ന തലക്കെട്ടോടെ വന്ന മുഖപ്രസംഗം ശ്രീമതി ടീച്ചറെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശത്തെ നിശിതമായി വിമർശിക്കുന്നുണ്ട്.
മലയാള മനോരമ തന്നെ ഇത്തരത്തിലൊരു മുഖപ്രസംഗവുമായി മുന്നോട്ടു വന്നത് പാർട്ടിയിൽ വലിയ ഞെട്ടലുളവാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ മുഖപത്രമായി കണക്കാക്കുന്ന, ഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന ദിനപത്രം ഇത്തരത്തിലൊരു മുന്നേറ്റം നടത്തിയതിന്റെ അലകൾ അങ്ങ് ഹൈക്കമാന്റ് വരെഎത്തും എന്നതിൽ സംശയമില്ല. കോൺഗ്രസ് പാർട്ടിയിലെ ഉൾപാർട്ടി പോരാണ് സത്യത്തിൽ ഇവിടെ വ്യക്തമാവുന്നത്.
“സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ് ; ഒരു വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാവുമ്പോൾ വിശേഷിച്ചും. പക്ഷെ കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവേദിയിൽ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ ഈ നിലയും വിലയുമാണ് ” എന്ന് പറഞ്ഞാണ് എഡിറ്റോറിയൽ തുടങ്ങുന്നത്.
അന്ന് നിപ്പ രാജകുമാരി ഇന്ന് കോവിഡ് രാഞ്ജി പദവികൾക്കാണ് മന്ത്രി ശ്രമിക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രതിപക്ഷ നേതാവിന്റെ സമരം ഉൽഘാടനം ചെയ്യാനെത്തിയപ്പോൾ സമരത്തിന്റെ ഉദ്ദേശം തന്നെ മറന്നാണ് അദ്ദേഹത്തിൽ നിന്ന് ഈ വാക്കുകൾ വന്നത്. കോൺഗ്രസിലെ ഒരു പറ്റം വയോധികന്മാർക്ക് എന്ത് തരത്തിലുള്ള അസഹിഷ്ണുതയാണ് കുറച്ചു നാളുകളായിട്ടെന്ന് സത്യത്തിൽ മലയാളികളൊക്കെ ഇപ്പോൾ ചിന്തിച്ചുക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെ കസേരയിൽ നിന്ന് നീക്കം ചെയ്യാൻ ഒരു മനോരമ മുഖപ്രസംഗം തന്നെ ധാരാളം എന്നിരിക്കെ ഇത്തരത്തിലുള്ള ഒരു എഴുത്തു വന്നത് പാർട്ടിയിൽ സ്ഥാനമാറ്റത്തിന് വഴിവെക്കുമോ എന്നാണ് നേതാക്കൾ ഉറ്റുനോക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അതിന്റെ ഗുണഭോക്താക്കൾ ഒത്തിരി പേരുള്ളതുകൊണ്ട് ശക്തമായ പ്രതികരണങ്ങളൊന്നും ഇതുവരെ പാർട്ടിയിൽ നിന്നുയർന്നിട്ടില്ല.
മനോരമ എഡിറ്റോറിയൽ പാർട്ടിയിൽ അസ്വസ്ഥതകൾ സൃഷ്ടിക്കുമ്പോൾ കാരണക്കാരനായ മുല്ലപ്പള്ളിയെയും ഇത് ചൊടിപ്പിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.
മുല്ലപ്പള്ളി രാമചന്ദ്രനും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങളിൽ മനോരമ പക്ഷം ചേർന്നു പ്രവർത്തിക്കുന്നു എന്നാണ് മുല്ലപ്പളളിയുടെ കൂടെയുള്ള ചില നേതാക്കളെങ്കിലും കരുതുന്നത്. മനോരമയുടെ ഈ കടന്നു വരവിനെ അത്ര നിസ്സാരമായി അവർക്ക് കാണുവാൻ സാധിക്കുന്ന ഒന്നല്ല.
രാഷ്ട്രീയ മര്യാദകൾ തന്നെ കെ പി സി സി അധ്യക്ഷന് കൈമോശം വന്നു എന്നാണ് മനോരമ പറയുന്നത്. ഒരു പൊതുവേദിയിൽ സംസാരിക്കുമ്പോൾ രാഷ്ട്രീയ നേതാക്കൾ പാലിക്കേണ്ട സാമാന്യ മര്യാദകളുണ്ട് എന്ന് പറഞ്ഞാണ് മനോരമ മുല്ലപ്പള്ളിയെ വിമർശിക്കുന്നത്. ഇത് പാർട്ടിക്ക് വലിയ ക്ഷീണമായി എന്നാണ് പാർട്ടിക്കുള്ളിലും പുറമെയും ഉള്ള വിലയിരുത്തൽ. അല്ലെങ്കിലും പ്രായത്തിനൊപ്പം കോൺഗ്രസ് നേതാക്കളുടെ ബുദ്ധിക്കും ക്ഷീണം സംഭവിക്കുന്നുണ്ട് എന്നത് നമ്മൾ കുറച്ചു നാളായി മനസ്സിലാക്കികൊണ്ടിരിക്കുന്ന കാര്യമാണ്.
തദ്ദേശ സ്വയംവരണ തിരഞ്ഞെടുപ്പിലേക്കും നിയമസഭാ തിരഞ്ഞെടുപ്പിലേക്കും നീങ്ങുന്ന ഈ സന്ദർഭത്തിൽ ഇത് ഓർക്കാപ്പുറത്തുള്ള ഒരു അടിയായി മാറിയിട്ടുണ്ട് പാർട്ടിക്ക്. കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന സമയത്തു മനോരമ അദ്ദേഹത്തിനെതിരായിരുന്നു. അദ്ദേഹത്തെ മുഖ്യമന്ത്രി കസേരയിൽ നിന്നും തെറിപ്പിക്കാൻ മനോരമ എഡിറ്റോറിയലുകൾ എഴുതിയിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്നതാണ്. ചാരക്കേസും, പാമോയിലും എല്ലാം എഡിറ്റോറിയലിൽ വിഷയമായപ്പോൾ ഉണ്ടായ പരിണിത ഫലങ്ങൾ ഇന്നും എല്ലാ മലയാളികൾക്കും പ്രത്യേകിച്ച് കോൺഗ്രെസ്സുകാർക്കും സുപരിചിതമാണ്.
എന്തായാലും മനോരമയുടെ എഡിറ്റോറിയൽ മുല്ലപ്പള്ളിയെ വിമർശിക്കാൻ മുഖ്യമന്ത്രി ആയുധമാക്കിയിട്ടുണ്ട്. സ്വന്തം ദുർഗന്ധം സൃഷ്ടിച്ച ഉന്മാദ അവസ്ഥയുടെ തടവുകാരനാണ് മുല്ലപ്പള്ളി എന്നാണ് മനോരമ ഉദ്ധരിച്ചുകൊണ്ട് മുല്ലപ്പള്ളിയെക്കുറിച്ച് മുഖ്യമന്ത്രി പ്രത്യേക കോവിഡ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇത് കേരളത്തിന് മൊത്തത്തിൽ അപമാനകരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മുഖ്യമന്ത്രിയെക്കൂടാതെ ഒരുപാട് സി പി എം നേതാക്കളും കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്. കോവിഡിനെക്കാൾ മാരക വിഷമുള്ള വൈറസാണ് മുല്ലപ്പള്ളിയെന്നു സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ആരോഗ്യ മന്ത്രിക്കെതിരെയുള്ള പ്രസ്താവനയിൽ മുല്ലപ്പള്ളി പരസ്യമായി മാപ്പ് പറഞ്ഞാലും ജനം പൊറുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുല്ലപ്പള്ളിക്ക് എതിരെ മനോരമ തിരിഞ്ഞത് ഉമ്മൻ ചാണ്ടിയുടെ നീക്കമാനോ എന്നറിയാൻ ഇനി വരുന്ന ദിവസങ്ങൾ നോക്കിക്കാണണം .കോൺഗ്രസിൽ ഇനി ഗ്രുപ്പ് യുദ്ധത്തിന്റെ ദിനങ്ങൾ ആയിരിക്കാം .മനോരമയിലെ ഷാനി പ്രഭാകർ പറഞ്ഞതുപോലെ ഇത് കോൺഗ്രസിലെ നേതാക്കളുടെ അങ്കലാപ്പാണ് ഇത്തരം സ്ത്രീവിരുദ്ധതക്കൊക്കെ കാരണം .
രാഷ്ട്രീയ നാവിന്റെ വേലിചാട്ടം-മനോരമ എഡിറ്റോറിയൽ:
സ്വന്തം നാവിന്റെ വിലയും നിലയും അവനവൻ തിരിച്ചറിയേണ്ട കാര്യമാണ്; ഒരു വലിയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോൾ വിശേഷിച്ചും. പക്ഷേ, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പൊതുവേദിയിൽ ഇന്നലെ മറന്നത് സ്വന്തം വാക്കുകളുടെ ഈ നിലയും വിലയുമാണ്.
പ്രവാസികളെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ അവഗണിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുമ്പോൾ, ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി പ്രയോഗിച്ച വാക്കുകൾ അദ്ദേഹത്തിന്റെ പാർട്ടിക്കു മാത്രമല്ല, നാടിനുതന്നെ വലിയ നാണക്കേടു വരുത്തിവയ്ക്കുന്നു. അന്ന് നിപ്പ രാജകുമാരി, ഇപ്പോൾ കോവിഡ് റാണി പദവികൾക്കാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നാണു കെപിസിസി പ്രസിഡന്റ് വിമർശിച്ചത്. പരാമർശത്തിൽ അദ്ദേഹം ഉറച്ചുനിൽക്കുകയുമാണ്. സമരത്തിന്റെ ഉദ്ദേശ്യത്തെത്തന്നെ മറന്ന വിധത്തിലായി മുല്ലപ്പള്ളിയുടെ വാക്കുകളെന്നാണ് ആരോപണം.
കേരളം ലോകത്തോടൊപ്പം ചരിത്രത്തിലെ ഏറ്റവും സങ്കീർണമായ ആരോഗ്യപ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന വേളയാണിത്. കോവിഡ് പ്രതിരോധപ്രവർത്തനരീതിയിലും പ്രവാസികളുടെ മടക്കം സംബന്ധിച്ച സർക്കാർ നിലപാടുകളിലുമുള്ള വിയോജിപ്പു പറയുന്നത് ജനാധിപത്യപരമായ അന്തസ്സോടെയും അപരബഹുമാനത്തോടെയും ആകണം. പക്ഷേ, ആരോഗ്യപ്രവർത്തകരുടെകൂടി ആത്മധൈര്യം കെടുത്തുന്ന പദപ്രയോഗമാണ് കെപിസിസി പ്രസിഡന്റിൽനിന്നുണ്ടായത്.
വിലകെട്ട വാക്കുകൾ പൊതുജനമധ്യത്തിൽ ഉപയോഗിച്ചത് ഒരു വനിതയ്ക്കുനേരെയാവുമ്പോൾ അതു കൂടുതൽ നിന്ദ്യമായിത്തീരുന്നു. സ്ത്രീകളോടു പുലർത്തേണ്ട അന്തസ്സും ആദരവും ഒരു വലിയ നേതാവു മറന്നതു കോൺഗ്രസിന്റെ കുലീന പാരമ്പര്യത്തെക്കൂടി ചോദ്യം ചെയ്യുകയാണ്. ഒരു ദേശീയ പാർട്ടിയെ സംസ്ഥാനതലത്തിൽ നയിക്കേണ്ടയാൾ ആ നേതൃഗുണമാണ് ഇന്നലെ മറന്നതെന്നു കരുതുന്നവരുണ്ടാവും.
ഭരണാധികാരിയെന്നോ ജനപ്രതിനിധിയെന്നോ പാർട്ടി നേതാവെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലാതെ സമൂഹത്തിലെ ഏതൊരു വ്യക്തിക്കും ഉണ്ടാവേണ്ട അടിസ്ഥാന മര്യാദയുടെ ഭാഗംതന്നെയാണ് മറ്റുള്ളവരോടുള്ള ബഹുമാനം. രാഷ്ട്രീയ പ്രതിയോഗികളോടുള്ള വിയോജിപ്പുകൾ ആത്മനിയന്ത്രണത്തോടെ, വ്യവസ്‌ഥാപിതമായ രീതിയിൽ അറിയിക്കുന്നതിനു പകരം, തരംതാണ വാക്കുകൾ ഉപയോഗിച്ചപ്പോൾ കളങ്കിതമായതു പ്രബുദ്ധകേരളത്തിന്റെ സാംസ്കാരിക പാരമ്പര്യം തന്നെ. ഒരു പാർട്ടിയെ നയിക്കുന്നയാളിൽനിന്ന് അന്തസ്സുറ്റ സമീപനവും നിലപാടും വാക്കുകളുമാണ് ആ പാർട്ടിയും സമൂഹംതന്നെയും എപ്പോഴും പ്രതീക്ഷിക്കുന്നത്. ആ കുലീനത കൈമോശം വരുമ്പോൾ അതു ജനത്തെ കൊഞ്ഞനംകുത്തലാവുന്നു.
ഉത്തരവാദപ്പെട്ട സ്‌ഥാനങ്ങളിലിരിക്കുന്നവർ പൊതുവേദികളിലും മറ്റും സംസാരിക്കുമ്പോൾ സൂക്ഷ്മതയും മാന്യതയും കാണിക്കണമെന്നത് ഓർമിപ്പിക്കുന്ന വേറെയും സംഭവങ്ങൾ സമീപകാലത്തുതന്നെയുണ്ടായി. സ്ഥാനത്തിന്റെ വലുപ്പവും സമൂഹത്തിന്റെ അന്തസ്സും ജീവിതത്തിന്റെ പക്വതയുമെല്ലാം ആവശ്യപ്പെടുന്ന അടിസ്ഥാന മര്യാദകൾ ഇത്തരം അധിക്ഷേപത്തിലൂടെ അവർ മറന്നുപോയപ്പോൾ അതു വ്യാപകമായ വിമർശനത്തിനു കാരണമാവുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം വിലകുറഞ്ഞ വാക്കുകൾ നമ്മുടെ ചില നേതാക്കളിൽനിന്നു പതിവായി വരുന്നതു നിർഭാഗ്യകരമാണ്. ഇക്കാലത്ത് എല്ലാം അപ്പപ്പോൾ ജനം കാണുന്നുവെന്നുപോലും ഓർക്കാതെയാണ് ഈ പ്രസംഗാഭാസങ്ങൾ.
പരസ്പര ബഹുമാനത്തോടെ ഈടുറ്റ ചർച്ചകൾ നടത്തി ജനകീയപ്രശ്‌നങ്ങൾക്കും നാടിന്റെ വികസന പ്രതിസന്ധികൾക്കും പരിഹാരം കാണുന്ന, നിലവാരമുള്ള രാഷ്ട്രീയ സംസ്കാരത്തിലേക്കു കേരളം മടങ്ങണമെന്നാണു ജനം ആഗ്രഹിക്കുന്നത്. നാവു വേലി ചാടുമ്പോൾ അതു നിയന്ത്രിക്കേണ്ടത് അവനവൻതന്നെയാണ്.