പ്രസവാവധി എട്ടു മാസമായി ഉയര്‍ത്തണമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: വനിതാ ജീവനക്കാര്‍ക്കു പ്രസവാവധി എട്ടു മാസമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. കേന്ദ്ര വനിതാ – ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി ഇതിനുള്ള നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമര്‍പ്പിച്ചു. സ്ത്രീകളുടെ പ്രസവാവധി നിലവിലെ മൂന്നു മാസത്തില്‍നിന്ന് എട്ടു മാസമായി ഉയര്‍ത്തണമെന്ന ശിപാര്‍ശ സെക്രട്ടറിമാരുടെ സമിതി ചര്‍ച്ച ചെയ്യുന്നതിനായി കാബിനറ്റ് സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മന്ത്രാലയം സെക്രട്ടറി നൂതന്‍ ഗുഹ ബിശ്വാസ് പറഞ്ഞു.ഇതേക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താന്‍ സെക്രട്ടറിമാരുടെ ഉപസമിതിക്ക് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം അന്തിമതീരുമാനം എടുക്കുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമല്ല, മറ്റു സ്ഥാപനങ്ങളിലും ഈ നിര്‍ദ്ദേശം നടപ്പാക്കണമെന്നാണ് വനിതാ ശിശുക്ഷേമവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, പ്രസവാവധി നീട്ടാന്‍ 1961ലെ മറ്റേര്‍ണിറ്റി ബെനിഫിറ്റ് ആക്ടില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

Top