ഭീകരപ്രവര്‍ത്തനം: പാകിസ്ഥാന് അന്ത്യശാസനവുമായി ലോകരാജ്യങ്ങള്‍..!! കരിമ്പട്ടികയില്‍ പെടുത്തുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനെതിരെ പാകിസ്ഥാന് താക്കീതുമായി ലോകരാജ്യങ്ങള്‍. ഭീകരര്‍ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം അവസാനിപ്പിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വരുന്ന ഒക്ടോബറിനുള്ളില്‍ അവസാനിപ്പിച്ചില്ലെങ്കില്‍ പാകിസ്ഥാന് നേരെ ഉപരോധം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ലോകരാജ്യങ്ങളുടെ കൂട്ടായ്മ.

ദി ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സ് (എം.എ.ടി.എഫ്)ആണ് പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സമിതിയിലെ ഇന്ത്യാക്കാരായ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, വിഷയത്തില്‍ ചൈന പാകിസ്ഥാന്റെ രക്ഷക്കെത്താന്‍ ശ്രമം നടത്തിയെങ്കിലും അന്തിമ തീരുമാനത്തില്‍ ഇടപെടില്ലെന്നാണ് സൂചന. ഭീകരര്‍ക്ക് സഹായം എത്തിക്കുന്നത് തടയാന്‍ കഴിയാത്തതിനാല്‍ പാകിസ്ഥാനെ ഇതിനോടകം തന്നെ എം.എ.ടി.എഫ് തങ്ങളുടെ ഗ്രേ ലിസ്റ്റില്‍ പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമിതിയുടെ കരിമ്പട്ടികയില്‍ പെടുത്തിയാല്‍ അന്താരാഷ്ട്ര സാമ്പത്തിക ഉപരോധം അടക്കമുള്ളവ പാകിസ്ഥാന് നേരിടേണ്ടി വരും.

യു.എന്‍ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹാഫിസ് സെയിദ്, മൗലാനാ മസൂദ് അസര്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കാന്‍ വൈകുന്നതില്‍ ഇന്ത്യയടക്കമുള്ള അംഗരാജ്യങ്ങള്‍ എം.എ.ടി.എഫ് വേദിയില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരുന്നു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് തങ്ങളുടെ ഭീകര വിരുദ്ധ നിയമങ്ങള്‍ തയ്യാറാക്കുന്നതില്‍ പാകിസ്ഥാന്‍ വീഴ്ച വരുത്തിയതായും ഇന്ത്യ ആരോപിച്ചിരുന്നു. യു.എന്‍ ഭീകരപ്പട്ടികയില്‍ പെടുത്തിയ ഹാഫിസ് സെയിദ് അടക്കമുള്ള ഭീകരര്‍ക്കെതിരെ ഇതുവരെ നിയമനടപടി സ്വീകരിക്കാത്തതും വിവിധ അംഗരാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ ലഷ്‌കരെ ത്വയിബ, ജമാഅത്തുല്‍ ദഅ്വ, ഫലാഹില്‍ ഇന്‍സാനിയത്ത് ഫൗണ്ടേഷന്‍, ജെയ്ഷേ മുഹമ്മദ് എന്നിവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്നുണ്ടെന്നും ഇവരുടെ കൈവശമുണ്ടായിരുന്ന 700ലധികം പ്രോപര്‍ട്ടികള്‍ പിടിച്ചെടുത്തെന്നുമാണ് പാകിസ്ഥാന്റെ വാദം. പക്ഷേ ഇതുകൊണ്ടെന്നും പാകിസ്ഥാന്റെ ഭീകരവിരുദ്ധ പോരാട്ടം അര്‍ത്ഥം കാണുന്നില്ലെന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ തെളിവ് നിരത്തി ഖണ്ഡിച്ചു.

ഭീകരവാദികള്‍ക്ക് എങ്ങനെയാണ് സാമ്പത്തിക സഹായം ലഭിക്കുന്നത് എന്ന കാര്യത്തില്‍ ഇതുവരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന കാര്യത്തിലും പാകിസ്ഥാന് ഉത്തരമുണ്ടായിരുന്നില്ല. ഇക്കാര്യത്തില്‍ പാകിസ്ഥാനില്‍ നിന്നും സമിതി വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Top