പ്രളയം തകര്‍ത്ത പാണ്ടനാടിനെ ചിത്രീകരിക്കാന്‍ പോയ വാര്‍ത്താ സംഘത്തിന് നേരെ കയ്യേറ്റം; ക്യാമറയും മൊബൈലുകളും തല്ലിത്തകര്‍ത്തു

പ്രളയം വല്ലാതെ തകര്‍ത്തുകളഞ്ഞ പ്രദേശമാണ് പാണ്ടനാട്. പ്രളയം കവരാത്ത ഒരിഞ്ചുപോലും പാണ്ടനാട് എന്ന സ്ഥലത്തില്ല എന്ന് പറയാം. പാണ്ടനാട് നിരവധി പേര്‍ മരിച്ചതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച കണക്കുകള്‍ ഇനിയും പുറത്തു വന്നിട്ടില്ല. ഇത്തരത്തില്‍ പാണ്ടനാടിന്റെ സമ്പൂര്‍ണ്ണ ചിത്രം പുറം ലോകത്തിന് നല്‍കാനെത്തിയ മാതൃഭൂമി ന്യൂസ് സംഘത്തിന് നേരെ കയ്യേറ്റം.

മാതൃഭൂമി ന്യൂസ് കൊല്ലം ചീഫ് റിപ്പോര്‍ട്ടര്‍ കണ്ണന്‍ നായര്‍, ഡി.എസ്.എന്‍.ജി.വാഹനത്തിന്റെ ടെക്‌നീഷ്യന്‍ യു.പ്രദീപ്കുമാര്‍, ഡ്രൈവര്‍ ശ്രീകാന്ത് എന്നിവര്‍ക്കാണ് പരിക്ക്. ചാനല്‍വാഹനത്തിനും ശബ്ദസംവിധാനത്തിനും ക്യാമറ ലെന്‍സിനും കേടുപാടുകള്‍ വരുത്തി. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്നാരോപിച്ച് രണ്ട് മൊബൈലുകളും എറിഞ്ഞുതകര്‍ത്തു. പാണ്ടനാട് നിരവധി മൃതദേഹങ്ങള്‍ ഒഴുകി നടന്നുവെന്നും സര്‍ക്കാര്‍ സംവിധാനമൊന്നും കാര്യക്ഷമമായിരുന്നില്ലെന്നും സ്ഥലം എംഎല്‍എ സജി ചെറിയാന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് പണ്ടനാട്ടെ പ്രളയം സജീവ ചര്‍ച്ചയാത്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പ്രളയബാധിതപ്രദേശത്തെ ‘ഒന്നിക്കാം മുന്നേറാം’ എന്ന ചര്‍ച്ചാപരിപാടിയുടെ ഒരുക്കം പാണ്ടനാട് എസ്.വി.എച്ച്.എസ്.എസില്‍ നടക്കുകയായിരുന്നു. സ്‌കൂള്‍വളപ്പിനുള്ളില്‍ കയറിയ സംഘം അസഭ്യംപറഞ്ഞ് ചാനല്‍സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡി.എസ്.എന്‍.ജി.വാഹനത്തിന്റെ ടെക്‌നീഷ്യന്‍ പ്രദീപിന് നേരെയായിരുന്നു ആദ്യം കൈയേറ്റം. ഇദ്ദേഹത്തിന്റെ തലയ്ക്കും ചുമലിനും പരിക്കേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കവേയാണ് കണ്ണന്‍ നായരെ കൈയേറ്റം ചെയ്യുന്നത്. മുഖത്തും തലയ്ക്കും പരിക്കുണ്ട്. ഇരുവരും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടി.

അക്രമികളെ സംബന്ധിച്ച് അന്വേഷണം നടക്കുന്നതായി ചെങ്ങന്നൂര്‍ സിഐ. എം.സുധിലാല്‍ പറഞ്ഞു. പാണ്ടനാട്ടെ പ്രളയത്തിലെ യഥാര്‍ത്ഥ ചിത്രം പുറത്തു വരാതിരിക്കാന്‍ ചില ബോധപൂര്‍വ്വം നടത്തിയതാണ് ആക്രമമെന്നാണ് സൂചന. നേരത്തെ പ്രളയത്തില്‍ 233 പേര്‍ മരിച്ചുവെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. ഓഗസ്റ്റ് 8 മതുല്‍ 20 വരെയുള്ള കണക്കായിരുന്നു ഇത്. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 322 എന്നായി സര്‍ക്കാര്‍ തിരുത്തി. ഇത് പാണ്ടനാട്ടെ മരണങ്ങളാണെന്ന വാദവും സജീവമായി. ഇതിനിടെയാണ് സത്യം അന്വേഷിച്ച് മാതൃഭൂമി എത്തിയത്. ഈ സാഹചര്യത്തിലായിരുന്നു ആക്രമണം.

പ്രതികളെ തിരിച്ചറിയാതിരിക്കാന്‍ ക്യാമറ പൂര്‍ണ്ണമായും സംഘം തകര്‍ത്തു. മൊബൈലും തല്ലി തകര്‍ത്തതോടെ തെളിവുകള്‍ പൂര്‍ണ്ണമായും നഷ്ടമായി. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രഹസനമാകാനാണ് സാധ്യത.

Top