മഥുര: ഉത്തര്‍പ്രദേശില്‍ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടയില്‍ സംഘര്‍ഷം. പോലീസും കയ്യേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ പോലീസ് എസ്പി മുകുള്‍ ദ്വിവേദിയും ഉള്‍പ്പെടുന്നു. 40ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
അലഹാബാദ് ഹൈക്കോടതി നിര്‍ദേശപ്രകാരം മഥുരയിലെ ജവഹര്‍ബാഗിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുകയായിരുന്നു. കയ്യേറ്റക്കാര്‍ ആയുധങ്ങളും തോക്കുകളും കരുതിയിരുന്നതായി പൊലീസ് ആരോപിച്ചു. കയ്യേറ്റക്കാരെ നേരിടുന്നതിനായി കൂടുതല്‍ പൊലീസ് സേനയെ രംഗത്തിറക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് അന്വേഷണത്തിന് ഉത്തരവിട്ടു.
ജവഹര്‍ ബാഗില്‍ നിയമവിരുദ്ധമായി ഭൂമി കയ്യേറിയ സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകരെ കുടിയൊഴിപ്പിക്കാനുള്ള പൊലീസ് ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കയ്യേറ്റമൊഴിപ്പിക്കാനെത്തിയ പൊലീസിനുനേരെ 3,000ല്‍ അധികം വരുന്ന സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ കല്ലെറിയുകയും പിന്നീട് വെടിയുതിര്‍ക്കുകയുമായിരുന്നെന്ന് പൊലീസ് ഐജി എച്ച്.ആര്‍.ശര്‍മ അറിയിച്ചു.
ജനക്കൂട്ടം അക്രമാസക്തരായതോടെ പൊലീസും തിരിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ 200ല്‍ അധികം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ച പൊലീസുകാരുടെ കുടുംബാംഗങ്ങള്‍ക്ക് 20 ലക്ഷം രൂപവീതം ധനസഹായം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് പ്രഖ്യാപിച്ചു.
ഇന്ത്യന്‍ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും തിരഞ്ഞെടുപ്പ് റദ്ദാക്കുക, ഇപ്പോഴത്തെ ഇന്ത്യന്‍ കറന്‍സിക്ക് പകരം ‘ആസാദ് ഹിന്ദ് ഫൗജ്’ കറന്‍സി ഉപയോഗിക്കുക, ഒരു രൂപയ്ക്ക് 60 ലീറ്റര്‍ ഡീസലും 40 ലീറ്റര്‍ പെട്രോളും ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്വാധീന്‍ ഭാരത് ആന്ദോളന്‍ പ്രവര്‍ത്തകര്‍ രണ്ടു വര്‍ഷം മുന്‍പ് ഇവിടെ നൂറുകണക്കിന് ഏക്കര്‍ ഭൂമി കയ്യേറി കുടില്‍ കെട്ടിയത്. കയ്യേറ്റക്കാര്‍ക്കു നോട്ടീസ് നല്‍കി ഒഴിപ്പിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധിയേത്തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തിയത്.