മരുന്നു വിപണിയില്‍ വീണ്ടും വന്‍ അട്ടിമറി: വിപണിയിലെ വില നിയന്ത്രണം അട്ടിമറിക്കുന്നു

കൊച്ചി:കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമം അട്ടിമറിച്ച് കമ്പനികള്‍ മരുന്ന് വില വീണ്ടും കുത്തനെ കൂട്ടി. അഞ്ചിരട്ടിവരെയാണ് വില വര്‍ധന.കേന്ദ്ര ഔഷധ വില നിയന്ത്രണ നിയമ പ്രകാരം അത്യാവശ്യമരുന്നുകള്‍ ന്യായമായ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാകുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടിയില്ലായ്മ രോഗികളെ വിഷമത്തിലാക്കിയിരിക്കയാണ്. ചുമയ്ക്കു നല്‍കുന്ന അസ്താലിന്‍ എക്‌സ്‌പെക്ടറന്റ്, ആറാം മാസത്തില്‍ നിര്‍മിച്ച മരുന്നിന് വില 9.50 പൈസ. രണ്ടുമാസത്തിനിപ്പുറം ഇപ്പോഴത്തെ വില 49 രൂപ. വില കൂടിയത് അഞ്ചിരട്ടിയിലേറെ. ശ്വാസംമുട്ടല്‍ കുറയ്ക്കാന്‍ നല്‍കുന്ന അസ്താലിന്‍ ഇന്‍ഹെയ്‌ലര്‍, ഈ വര്‍ഷം മാര്‍ച്ചില്‍ നിര്‍മിച്ച മരുന്നിന്റെ വില 107 രൂപ. ഏപ്രിലില്‍ 111 രൂപയാക്കി. ജൂണില്‍ വീണ്ടും കൂട്ടി 127 രൂപയാക്കി. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് വര്‍ഷത്തില്‍ ഒരു തവണ 10 ശതമാനം വില കൂട്ടാന്‍ മാത്രമാണ് അനുമതി ഉള്ളത്. എന്നാല്‍ ഇത്രയും വലിയ വില വ്യത്യാസം ഉണ്ടായിട്ടും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം ഉള്‍പ്പെടെ അറിഞ്ഞമട്ടില്ല. രക്തചംക്രമണം കൂട്ടാനും വേദന മാറ്റാനും നല്‍കുന്ന 69 രൂപ വിലയുണ്ടായിരുന്ന ന്യൂട്രിഫോള്‍ എക്‌സ് എലിന് ഇപ്പോള്‍ 98 രൂപയായി. പ്രമേഹ രോഗികള്‍ക്ക് നല്‍കുന്ന എന്‍രിറ്റാസ് 36 രൂപയായിരുന്ന മരുന്നിന്റെ പുതിയ വില 55 രൂപ. ഈ വില വ്യത്യാസം വരുത്താന്‍ കമ്പനികള്‍ ചെയ്തത് ഇത്രമാത്രം. മരുന്നിലെ ചേരുവകളില്‍ മാറ്റം വരുത്തി. ചേരുവകളുടെ അളവില്‍ വലിയ വ്യത്യാസം വരുത്തി. അധികമായി ചേരുവകള്‍ കൂടി ചേര്‍ത്തു. ഇതുരണ്ടും വില നിയന്ത്രണ നിയമ പ്രകാരം തെറ്റാണെന്നിരിക്കെയാണ് പരസ്യമായ നിയമലംഘനം.

Top