എഡന്‍/സലാല: ഒമാനിലും യെമനിലും നാശംവിതച്ച് വീശിയ മെകുനു ചുഴലിക്കാറ്റില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ പാലയാട് സ്വദേശി മധുവിനെയാണ് ഒമാനിലെ സലാലയില്‍ നിന്ന് കാണാതായത്. ചുഴലിക്കാറ്റില്‍ രണ്ട് ഇന്ത്യാക്കാര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മധു അടക്കം രണ്ട് ഇന്ത്യാക്കാരെയാണ് കാണാതായത്. ആകെ പത്ത് പേരാണ് ഇതുവരെ മരിച്ചത്. യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. 60 ലധികം പേരെ കാണാതായിട്ടുണ്ട്.
ഒമാനില്‍ ശക്തമായി വീശിയ കാറ്റിലും മഴയിലും പന്ത്രണ്ട് വയസുള്ള കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്. കാറ്റിന്റെ ശക്തിയില്‍ ചുവരില്‍ തലയിടിച്ചാണ് കുട്ടി മരിച്ചത്. യെമനില്‍ കൂടുതല്‍ നാശമുണ്ടായ സ്‌കോട്ര ദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല ഗ്രാമങ്ങളും വെള്ളത്തിനടിയിലാണ്. ബോട്ടുകള്‍ തകര്‍ന്നു, ഒട്ടേറെപ്പേര്‍ വീടുപേക്ഷിച്ച് പലായനം ചെയ്തു. ദ്വീപ് ഒറ്റപ്പെട്ട നിലയിലാണ്. ഒമാന്റെ തലസ്ഥാനമായ സലാല നഗരം മറ്റു പ്രദേശങ്ങളില്‍ നിന്ന് പൂര്‍ണമായി ഒറ്റപ്പെട്ട നിലയിലാണ്.
ഇവിടേക്കുള്ള കര, വ്യോമഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. കനത്ത മഴയും കാറ്റും മൂലം സലാല വിമാനത്താവളം അടച്ചു. മലവെള്ളപ്പാച്ചിലില്‍ നിരവധി റോഡുകള്‍ തകര്‍ന്നു, വാഹനങ്ങള്‍ ഒലിച്ചുപോയി. വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്.



