കൊച്ചി: തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ റിപ്പോര്‍ട്ട്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് കുമരകത്തെ മെത്രാന്‍ കായലില്‍ ഇക്കോ ടൂറിസം പദ്ധതിക്ക് തത്വത്തില്‍ അനുമതി നല്‍കിയത് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ചേര്‍ന്നാണെന്നുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.
യുഎഇ ആസ്ഥാനമായ റാക്കിന്‍ഡോ ഡെവലപ്പ്മെന്റിന്റെ പദ്ധതിക്കായിട്ടാണ് റവന്യു വകുപ്പിന്റെ വിയോജിപ്പ് മറികടന്ന് മുഖ്യമന്ത്രിയും, ചീഫ് സെക്രട്ടറിയും അനുമതി നല്‍കി ഉത്തരവിറക്കിയതെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 10000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതും 2200 കോടി നിക്ഷേപം വരുന്നതും ടൂറിസം മേഖലക്ക് അന്താരാഷ്ട്ര തല സാന്നിദ്ധ്യം ലഭിക്കുന്നതുമായ പദ്ധതിയെന്ന നിലയിലാണ് ഇക്കോ ടൂറിസം വില്ലേജിന് അനുമതി നല്‍കിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പദ്ധതി നടപ്പാക്കുന്നതിന് കോട്ടയം കളക്ടര്‍ ശുപാര്‍ശ നല്‍കിയെന്നാണ് സര്‍ക്കാര്‍ വാദിച്ചത്.
എന്നാല്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബിശ്വാസ് മേത്ത നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം 2008 അനുസരിച്ച് അനുമതി നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിട്ടും തത്വത്തില്‍ അംഗീകാരം നല്‍കാമെന്ന് ഫെബ്രുവരി 20ന് ഫയലില്‍ കുറിച്ചത് ചീഫ് സെക്രട്ടറി ജിജി തോംസനാണ്. 25ന് മുഖ്യമന്ത്രി ഒപ്പുവെക്കുകയും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുകയും ചെയ്തു. നെല്‍വയല്‍ നികത്തുന്നതിന് അംഗീകാരം നല്‍കേണ്ട സംസ്ഥാന തലസമിതിയും ഫയല്‍ കണ്ടിട്ടില്ല.
കായല്‍ നിലത്തില്‍ ഭൂമിയുളള അലക്സാണ്ടര്‍ കൃഷി ചെയ്യുന്നതിനായി അപേക്ഷ നല്‍കിയപ്പോഴും കളക്ടര്‍ കമ്പനിക്ക് അനുകൂല നിലപാടാണ് എടുത്തത്. കമ്പനി സഹകരണമില്ലാതെ നിലത്തില്‍ നെല്‍ക്കൃഷി ചെയ്യുന്നതിന് സാഹചര്യം ഒരുക്കുന്നത് പ്രായോഗികമല്ല. കമ്പനി നെല്‍ക്കൃഷി നടത്താന്‍ തയ്യാറുമല്ല. മാത്രമല്ല ഉടമകളുടെ സമ്മതമില്ലാതെ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ ഗ്രാമപഞ്ചായത്തിന് കഴിയില്ലെന്നുമ കളക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
നെല്‍ക്കൃഷി മൂലം പാടശേഖരത്തിലെ മറ്റ് കൈവശക്കാര്‍ക്ക് തടസമുണ്ടാകാന്‍ പാടില്ലെന്ന നിര്‍ദേശത്തോടെയാണ് കളക്ടര്‍ അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിച്ചത്. എന്നാല്‍ ഈ വാദങ്ങളെല്ലാം നിയമവിരുദ്ധമാണെന്നാണ് റവന്യു വകുപ്പിന്റെ കുറിപ്പ്. ഇവിടെ 20 ഹെക്ടര്‍ അഞ്ചുകര്‍ഷകരുടെ ഉടമസ്ഥതയിലാണ്. പദ്ധതിക്ക് അനുമതി നല്‍കിയാല്‍ നിയമം നോക്കുകുത്തിയാവും. കളക്ടറാകട്ടെ കമ്പനിക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെന്നും നിയമവും, ചട്ടവുമെല്ലാം ലംഘിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയിട്ടും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അത് മറികടന്നതായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.