കൽപ്പറ്റ: ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്യുന്നതിനായി വയനാട് കളക്ടറേറ്റിലെത്തിയ അരിച്ചാക്കുകൾ ഇറക്കാൻ പ്രോട്ടോകോളും പദവിയും ചട്ടങ്ങളൊന്നും ഇവർക്ക് തടസമായില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള എം.ജി രാജമാണിക്യവും വയനാട് സബ് കളക്ടർ എൻ.എസ്.കെ ഉമേഷുമാണ് പ്രോട്ടോകോൾ മാറ്റിവച്ച് അരിച്ചാക്ക് തോളിൽ ചുമന്നിറക്കിവച്ചത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചശേഷം ഇരുവരും കളക്ടറേറ്റിൽ മടങ്ങിയെത്തിയത് രാത്രി 9.30ന്. ഈ സമയം രാവിലെ മുതൽ അവിടെയുണ്ടായിരുന്ന പല ജീവനക്കാരും ക്ഷീണിച്ച് തളർന്ന് വിശ്രമിക്കാൻ പോയിരിക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെത്തിക്കാനുള്ള ഒരു ലോഡ് അരി ഈ സമയം കളക്ടറേറ്റിലെത്തി.
അവിടെ കുറച്ച് ജീവനക്കാരെ ഉള്ളൂവെന്ന് മനസിലാക്കിയ രാജമാണിക്യവും ഉമേഷും അവർക്കൊപ്പം ചേർന്ന് ലോഡിറക്കുകയായിരുന്നു. അരിച്ചാക്ക് തലയിലും ചുമലിലുമായി ചുമന്നിറക്കിവച്ചു. ലോഡ് മുഴുവൻ ഇറക്കി കഴിഞ്ഞ ശേഷം മാത്രമാണ് ഇരുവരും പോയത്.സംഗതി എന്തായാലും രാവും പകലും മറന്ന് പണിയെടുക്കുന്ന റവന്യൂ ജീവനക്കാർക്കൊപ്പം കൈയടി വാങ്ങുകയാണ് എം.ജി രാജമാണിക്യവും സബ് കളക്ടർ ഉമേഷും.


