കൊച്ചി: മിഷല്‍േ ഷാജിയുടെ മരണത്തില്‍ ദുരൂഹത നീക്കാനായി ക്രൈംബ്രാഞ്ച് പുതിയ സാധ്യതകള്‍ തേടുന്നു. മിഷേലിന്റെ മരണത്തിന് ഒരു ദൃക്‌സാക്ഷി എങ്കിലും ഉണ്ടാകില്ലേ എന്നതാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. രാത്രി ഏഴേമുക്കാലോടെ തിരക്കേറിയ ഗോശ്രീ രണ്ടാം പാലത്തിനു മുകളില്‍ മിഷേലിനെ കണ്ടതായുള്ള സാക്ഷി മൊഴി മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. നൂറുകണക്കിനു വാഹനങ്ങള്‍ ഇടതടവില്ലാതെ പായുന്ന ഗോശ്രീ പാലത്തില്‍ ആ സമയത്ത് മിഷേല്‍ കായലിലേക്കു ചാടിയെങ്കില്‍ ഏതെങ്കിലും ഡ്രൈവറോ, യാത്രക്കാരനോ അതു കണ്ടിരിക്കാനുള്ള സാധ്യതയാണ് അന്വേഷിക്കുന്നത്.
ഹൈക്കോടതി ജംക്ഷനില്‍നിന്നു ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്കു മിഷേല്‍ ധൃതിയില്‍ നടക്കുന്നതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ളത്. എന്നാല്‍, മിഷേലിനെ പാലത്തിനു മുകളില്‍ കണ്ടെന്നു മൊഴി നല്‍കിയ വൈപ്പിന്‍ സ്വദേശി അമലിന്റെ വിവരണപ്രകാരം മിഷേല്‍ പാലത്തിലൂടെ നടന്നുവന്നത് എതിര്‍ദിശയില്‍ നിന്നാണ്. എങ്കില്‍ പാലത്തിന്റെ മറുഭാഗം വരെ മിഷേല്‍ പോയത് എന്തിനെന്ന ചോദ്യമുണ്ട്. മിഷേലിനെ അമല്‍ കണ്ടതായി പറയുന്ന ഭാഗത്തു നടപ്പാതയില്ലെന്നു മാത്രമല്ല, വാഹനങ്ങള്‍ യാത്രക്കാരെ തൊട്ടുരുമ്മിയെന്ന മട്ടിലാണ് ഇതുവഴി കടന്നുപോകുന്നത്.
ഏറ്റവും അപകടകരമായ ഈ ഭാഗത്തുകൂടെ തിരക്കേറിയ ഏഴേമുക്കാല്‍ സമയത്തു നടന്നുവന്ന മിഷേല്‍ ഇവിടെനിന്നു കായലിലേക്കു ചാടിയെങ്കില്‍ തീര്‍ച്ചയായും ഇതുവഴി പോയ ആരുടെയെങ്കിലും കണ്ണില്‍പെട്ടിരിക്കണം. അങ്ങനെയൊരു ദൃക്‌സാക്ഷിയുണ്ടോ എന്നാണു ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
നിലവില്‍ അമലിന്റെ മാത്രം മൊഴിയുടെ അടിസ്ഥാനത്തിലാണ് മിഷേല്‍ ഇവിടെനിന്നു ചാടിയെന്ന് അനുമാനിക്കുന്നത്. എന്നാല്‍, ചാടിയത് അമല്‍ കണ്ടിട്ടില്ല. പാലത്തില്‍നിന്ന പെണ്‍കുട്ടിയെ തിരിഞ്ഞുനോക്കിയപ്പോള്‍ കാണാതായി എന്നു മാത്രമാണ് അമല്‍ നല്‍കുന്ന വിവരം. ഏഴേമുക്കാല്‍ സമയത്ത് ഗോശ്രീ രണ്ടാംപാലം വഴി കടന്നുപോയ ആളുകളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വച്ചു കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിനു മുന്‍പിലുള്ള ഒരു മാര്‍ഗം.
ഗോശ്രീ പാലം വഴി വൈപ്പിനിലേക്കും കണ്ടെയ്‌നര്‍ റോഡ് വഴി കളമശ്ശേരി ഭാഗത്തേക്കും കടന്നുപോയ ആയിരക്കണക്കിനു വാഹനങ്ങള്‍ ഈ സമയത്ത് ഒറ്റ ടവര്‍ ലൊക്കേഷനു കീഴില്‍ വരുന്നതിനാല്‍ ഈ ശ്രമം എളുപ്പമാകില്ല. എന്നാല്‍, പൊലീസ് വിട്ടുകളഞ്ഞ ഈ ശ്രമം പ്രത്യേകാന്വേഷണ സംഘമെന്ന നിലയില്‍ പരീക്ഷിക്കാതിരിക്കാനുമാകില്ല. മറ്റൊന്ന്, സംഭവം കണ്ടയാള്‍ സ്വമേധയാ രംഗത്തുവരാനുള്ള സാധ്യതയാണ്.
സംഭവം നടന്നു രണ്ടാഴ്ച പിന്നിട്ടിട്ടും ആരും ഇതുവരെ സമീപിച്ചിട്ടില്ല. എന്നാല്‍, കേസില്‍ ഏറെ നിര്‍ണായകമായ ഈ ദൃക്‌സാക്ഷിക്കായുള്ള കാത്തിരിപ്പ് അന്വേഷണ സംഘം അവസാനിപ്പിച്ചിട്ടില്ല. ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ കസ്റ്റഡി കാലാവധി 24ന് അവസാനിക്കുമെന്നിരിക്കേ, നിര്‍ണായകമായ വിവരങ്ങളൊന്നും ക്രോണിനില്‍നിന്ന് ക്രൈംബ്രാഞ്ചിനു ലഭിച്ചിട്ടില്ല. പല സാധ്യതകള്‍ അന്വേഷിച്ചുവെന്നല്ലാതെ ലോക്കല്‍ പൊലീസ് അന്വേഷിച്ചു കണ്ടെത്തിയതിനപ്പുറത്തേക്കു കടക്കാന്‍ ഒരാഴ്ചയായിട്ടും കഴിഞ്ഞിട്ടുമില്ല. മിഷേലിന്റെ ഫോണിനായി കായലില്‍ നടത്തിയ തിരച്ചിലും വിഫലമായി.


