ന്യൂഡല്‍ഹി: മാണി സി. കാപ്പന്‍.എല്‍.ഡി.എഫ്. വിടുമെന്നും യു.ഡി.എഫില്‍ ഘടക കക്ഷിയാകുമെന്നും വ്യക്തമാക്കി . ഇടത് മുന്നണി വിടുന്നതില്‍ ദേശീയ നേതൃത്വത്തിന്റെ തീരുമാനം വരും മുന്‍പാണ് മാണി സി കാപ്പന്റെ പ്രഖ്യാപനം. എൻസിപി ഇടതുമുന്നണി വിടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ദേശീയ നേതൃത്വം നിലപാട് പ്രഖ്യാപിക്കുമെന്ന് മാണി സി കാപ്പൻ. പ്രഫുല്‍ പട്ടേലുമായി ദില്ലിയിൽ വെച്ച് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടി പി പീതാംബരനും മാണി സി കാപ്പനും. എൻസിപിയോട് ഇടതുമുന്നണി നീതി കാണിച്ചില്ലെന്ന് ദേശീയ നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞതായി മാണി സി കാപ്പന്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ നേതൃത്വം തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐശ്വര്യ കേരള യാത്ര പാലായില്‍ എത്തുന്നതിന് മുന്‍പ് തീരുമാനം ഉണ്ടാകണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിച്ചതായും മാണി സി കാപ്പന്‍ പറഞ്ഞു.എല്‍.ഡി.എഫില്‍ തന്നെ ഉറച്ചുനില്‍ക്കും എന്ന ശശീന്ദ്രന്റെ പ്രതികരണത്തെ കുറിച്ച് ചോദിച്ചപ്പോള്‍, അദ്ദേഹം ഉറച്ചുനിന്നോട്ടെ. ഒരു കുഴപ്പവുമില്ല. പാറപോലെ ഉറച്ചുനില്‍ക്കട്ടെ എന്നായിരുന്നു കാപ്പന്റെ മറുപടി. പാലാ സീറ്റിനെച്ചൊല്ലി മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ക്ക് വിട നല്‍കിയാണ് മാണി സി കാപ്പൻ നിര്‍ണായക തീരുമാനം പരസ്യമായി പ്രഖ്യാപിച്ചത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചകള്‍ക്ക് മുന്‍പ് തന്നെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കാപ്പൻ. ഐശ്വര്യ കേരള യാത്രാ വേദിയില്‍ താന്‍ ഉണ്ടാകുമെന്നും പരോക്ഷമായി കാപ്പന്‍ സൂചിപ്പിച്ചു.
ഇടത് മുന്നണി വിടുന്നതില്‍ തീരുമാനമെടുക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിനെ ശരദ് പവാര്‍ ചുമതലപ്പെടുത്തി. ഒറ്റക്കെട്ടായി ഇടത് മുന്നണി വിടുന്നതില്‍ തര്‍ക്കം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രി എ. കെ ശശീന്ദ്രന്റെ അഭിപ്രായം കൂടി തേടാന്‍ ദേശീയ അധ്യക്ഷൻ ശരദ് പവാർ തീരുമാനിച്ചത്.
അതേസമയം ഇടതു മുന്നണി വിടരുതെന്ന നിലപാടിലാണ് മന്ത്രി എ.കെ ശശീന്ദ്രന്‍. ഇതിനായി ദേശീയ നേതൃത്വത്തോടും ശശീന്ദ്രൻ വിഭാഗം സമ്മർദ്ദം ചെലുത്തുന്നുണ്ട്. ശശീന്ദ്രൻ, കാപ്പന്‍ വിഭാഗം എന്ന രണ്ടു ചേരികള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും ശശീന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു. ഇതിനിടെ എന്‍സിപി പുറത്ത് പോയാലും എല്‍.ഡി.എഫിന് ക്ഷീണമില്ലെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. എ.കെ. ശശീന്ദ്രന്‍ വന്നാല്‍ കോണ്‍ഗ്രസ് എസ് സ്വീകരിക്കുമെന്നും രാമചന്ദ്രന്‍ കടന്നപ്പള്ളി കൊച്ചിയില്‍ പറഞ്ഞു.
ഇടതുമുന്നണി വിടാന്‍ എന്‍സിപി ദേശീയ നേതൃത്വം തീരുമാനിച്ചാല്‍ എ കെ ശശീന്ദ്രൻ പുതിയ പാർട്ടി രൂപീകരിച്ച് ഇടതുമുന്നണിയില്‍ തുടരുമെന്നാണ് കരുതുന്നത്. മാണി സി കാപ്പന്‍ ഒറ്റക്ക് പോയാല്‍ എന്‍സിപിയായി തന്നെ ശശീന്ദ്രൻ വിഭാഗത്തിന് മുന്നണിയിൽ തുടരാനാകും . പാര്‍ട്ടി മുന്നണി വിട്ടാല്‍ കോണ്‍ഗ്രസ് എസില്‍ ലയിക്കണം എന്നാണ് സിപിഎം മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശമെങ്കിലും അത് ഭാവിയില്‍ ജില്ലാകമ്മിറ്റികളുമായി ആലോചിച്ച് തീരുമാനം എടുക്കും. മാണി സി കാപ്പന്‍ എപ്പോള്‍ വേണമെങ്കിലും ഇടതുമുന്നണി വിടുമെന്ന പ്രതീക്ഷയില്‍ നേരത്തേ തന്നെ ശശീന്ദ്രന്‍ നീക്കം നടത്തിയിരുന്നു. പുതിയ വിഷയത്തില്‍ മാണി സി കാപ്പനെതിരേ എന്‍സിപി ദേശീയ നേതൃത്വത്തിന് ശശീന്ദ്രന്‍ കത്തയച്ചിട്ടുമുണ്ട്. സംസ്ഥാന നേതൃത്വത്തോട് ആലോചിക്കാതെയാണ് മാണി സി കാപ്പന്‍ തീരുമാനം എടുത്തതെന്നാണ് ആരോപണം. ഇടതിനു തുടര്‍ഭരണം ലഭിക്കുമെന്നത് പവാറിനെ ബോധ്യപ്പെടുത്തി മുന്നണിമാറ്റം തടയാനാണ് എ.കെ. ശശീന്ദ്രന്‍ വിഭാഗത്തിന്റെ ശ്രമം.
എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി വൈകീട്ട് ചേരുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മുന്നണി മാറ്റം സംബന്ധിച്ച കാര്യങ്ങള്‍ പ്രഫുല്‍ പട്ടേലായിരിക്കും അന്തിമ നിലപാട് പ്രഖ്യാപിക്കുക. അന്തിമ തീരുമാനം വരുന്നതിനായി കാത്തിരിക്കുകയാണ് കേരളത്തിലെ എന്‍സിപി നേതൃത്വം. ഇനി ഇക്കാര്യത്തിൽ ചര്‍ച്ചയില്ലെന്നും തീരുമാനം മാത്രമേ ഉള്ളുവെന്നും കാപ്പന്‍ കൂട്ടിച്ചേർത്തു.
അതേസമയം മാണി സി കാപ്പന്‍ മുന്നണി വിട്ടാലും എല്‍ഡിഎഫിന് ഒന്നും സംഭവിക്കില്ല എന്നാണ് എംഎം മണി പറയുന്നത്. ഒരു ജനപിന്തുണയും ഇല്ലാത്ത നേതാവാണ് കാപ്പന്‍ എന്നും മന്ത്രി തിരുവനന്തപുരത്ത് പ്രതികരിച്ചു. ഇതിന് മുമ്പും എംഎം മണി, കാപ്പനെതിരെ രംഗത്ത് വന്നിട്ടുണ്ട്.ഓരോ തവണ തോല്‍ക്കുമ്പോഴും സിനിമാക്കാരുടെ പിറകേ പോവുകയായിരുന്നു മാണി സി കാപ്പന്‍ ചെയ്തുകൊണ്ടിരുന്നത് എന്നും എംഎം മണി പറയുന്നത്. കഴിഞ്ഞ തവണ മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചത് സിപിഎം നേതാക്കള്‍ ഏറെ കഷ്ടപ്പെട്ടിട്ടാണെന്നും അദ്ദേഹം പറഞ്ഞു.