തിരുവനന്തപുരം:പ്രധാന മന്ത്രി മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണം.കോണ്‍ഗ്രസില്‍ മറ്റാരേക്കാളും ബി.ജെ.പിയെ എതിര്‍ക്കുന്നയാളാണു താനെന്നും തന്നെ ആരും പഠിപ്പിക്കേണ്ടെന്നും തരൂര്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.നല്ലതു ചെയ്താല്‍ പറയുമെന്നും വിമര്‍ശനങ്ങള്‍ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മോദിയെ ക്രൂരനായി വിമര്‍ശിക്കുന്നതു തെറ്റാണെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിന്റെയും അഭിഷേക് മനു സിങ്‌വിയുടെയും പ്രസ്താവനകള്‍ക്കു പിന്തുണയുമായാണ് തരൂര്‍ നേരത്തേ രംഗത്തെത്തിയത്.
എന്നാല്‍ മോദിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചുവെയ്ക്കാനാകില്ലെന്നായിരുന്നു ഇതിന് ചെന്നിത്തലയുടെ മറുപടി. ജയറാം രമേശും സിങ്‌വിയും പറഞ്ഞതു തെറ്റല്ലെന്നു തരൂര്‍ ചെന്നിത്തലയോട് പറഞ്ഞു.‘മോദി എന്തെങ്കിലും നല്ലതു ചെയ്തിട്ടുണ്ടെങ്കില്‍ അതംഗീകരിച്ചില്ലെങ്കില്‍ ജനങ്ങളുടെ ഇടയില്‍ വിശ്വാസ്യത കുറയും. ആവശ്യം വരുമ്പോള്‍ മോദിയെ കഠിനമായി വിമര്‍ശിക്കണം. മോദിയെ ശക്തമായി വിമര്‍ശിച്ചു പുസ്തകമെഴുതിയ ആളാണു ഞാന്‍.
ബി.ജെ.പിയെ എതിര്‍ത്തതിനു രണ്ട് കേസുകളാണ് എനിക്കെതിരെയുള്ളത്. പാര്‍ലമെന്റിന് അകത്തും പുറത്തും മോദിക്കെതിരെ ശക്തമായ നിലപാടാണു ഞാനെടുത്തിട്ടുള്ളത്. ഞാന്‍ എന്താണു പറഞ്ഞതെന്നറിയാതെ വിമര്‍ശിക്കരുത്.
കേസിനെ പേടിച്ചായിരുന്നെങ്കില്‍ എനിക്കു നേരത്തെ ഈ നിലപാട് എടുക്കാമായിരുന്നു. ബി.ജെ.പിക്കെതിരായ എതിര്‍പ്പ് തുടരും.’- തരൂര്‍ പറഞ്ഞു.മോദിയെ പര്‍വതീകരിക്കേണ്ട ആവശ്യമില്ലെന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ മോദി ചെയ്ത ദുഷ്‌ചെയ്തികള്‍ ഇല്ലാതാകുന്നില്ലെന്നും ചെന്നിത്തല മറുപടിയായി നേരത്തേ പറഞ്ഞിരുന്നു.
ജനങ്ങള്‍ക്ക് അസ്വീകാര്യമായ നിലപാടാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരായ പോരാട്ടം കോണ്‍ഗ്രസ് ശക്തമാക്കുമെന്നും ചെന്നിത്തല പറഞ്ഞു.വ്യക്ത്യാധിഷ്ഠിതമായല്ല, പ്രശ്‌നാധിഷ്ഠിതമായാണ് മോദിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ടതെന്നായിരുന്നു സിങ്‌വി പറഞ്ഞത്.മോദിസര്‍ക്കാരിന്റെ പോസിറ്റീവുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ പരിഗണിക്കാതിരിക്കുന്നതു പ്രതിപക്ഷത്തെ സഹായിക്കില്ലെന്നുമാണ് ജയറാം രമേശ് പറഞ്ഞത്.