കൊച്ചി: ജെഎന്‍യു വിവാദവുമായി ബന്ധപ്പെട്ടു നടന്‍ മോഹന്‍ലാല്‍ രാജ്യസ്‌നേഹ ബ്ലോഗെഴുതിയതിനു പിന്നില്‍ ആനക്കൊമ്പു കേസോ? ബിജെപി നിലപാടിനു പിന്തുണയുമായി ബ്ലോഗെഴുതിയ താരത്തിനെതിരായ ആനക്കൊമ്പു കേസില്‍ ഇളവു നല്‍കിയിരിക്കുകയാണു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം.
വന്യജീവി സംരക്ഷണ നിയമപ്രകാരം ആനക്കൊമ്പ് കൈവശം വയ്ക്കുന്നവര്‍ അത് വെളിപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കാമെന്ന ചട്ടപ്രകാരമാണ് മോഹന്‍ലാലിന് ഇളവ് നല്‍കുന്നത്.
ഈ വ്യവസ്ഥകള്‍ സംബന്ധിച്ച് പുതിയ സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയതിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മുന്നില്‍ ഹാജരായി കൈവശമുള്ള ആനക്കൊമ്പുകളുടെ വിവരം ധരിപ്പിച്ചിരുന്നഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പരിശോധിച്ചുവരികയാണ്. നടപടികള്‍ പൂര്‍ത്തിയായാല്‍ മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ സൂക്ഷിക്കാനുള്ള അനുമതി ലഭിക്കുമെന്ന് വനം പരിസ്ഥിതി മന്ത്രാലയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണു റിപ്പോര്‍ട്ട് ചെയ്തത്.
മോഹന്‍ലാലിന്റെ തേവരയിലെ വസതിയില്‍ 2011ല്‍ നടത്തിയ ആദായനികുതി റെയ്ഡിലാണ് രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയത്. പരിശോധനയില്‍ പിടികൂടിയ ആനക്കൊമ്പ് മോഹന്‍ലാലിന്റെ ഉടമസ്ഥതയിലല്ലെന്നും വനംവകുപ്പിന് കൈമാറിയ ആനക്കൊമ്പുകള്‍ പിന്നീട് ആന്റണി പെരുമ്പാവൂരിന് കൈമാറിയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
മോഹന്‍ലാല്‍ നേരത്തെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും ആനക്കൊമ്പുകള്‍ കൈവശം സൂക്ഷിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. ആനക്കൊമ്പുകള്‍ തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതല്ലെന്നും, ലൈസന്‍സ് സുഹൃത്തുക്കളുടെ പേരിലാണെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് സ്റ്റേറ്റ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനു മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശമുണ്ടായതും, മോഹന്‍ലാലിനായി ഉത്തരവ് പുറപ്പെടുവിച്ചതെന്നും അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഓം പ്രകാശ് കാലേര്‍ പറയുന്നു.
അതേസമയം മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 13 ജോഡി ആനക്കൊമ്പുകളാണ് റെയ്ഡില്‍ പിടികൂടിയതെന്നും എന്നാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി ധരിപ്പിച്ചിട്ടില്ലെന്നും, കേസ് അഞ്ചുവര്‍ഷം പിന്നിട്ടിട്ടും സംസ്ഥാന വനം വകുപ്പ് വിശദമായ ചാര്‍ജ് ഷീറ്റ് പോലും നല്‍കിയില്ലെന്നും പൈതൃക മൃഗ സംരക്ഷണ സമിതിയുടെ സെക്രട്ടറി വി.കെ വെങ്കിടാചലവും വ്യക്തമാക്കുന്നു.
അനധികൃതമായി വന്യജീവികളെയോ, അതുമായി ബന്ധപ്പെട്ട വസ്തുക്കളോ കൈവശം സൂക്ഷിച്ചവര്‍ക്ക് അത് സര്‍ക്കാരിനെയോ, ബന്ധപ്പെട്ട വകുപ്പിനെയോ അറിയിക്കാന്‍ 2003ല്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. തുടര്‍ന്നും സര്‍ക്കാരിന്റെ അനുമതിയോ, ലൈസന്‍സോ ഇല്ലാതെ ഇവ സൂക്ഷിക്കുന്നത് കുറ്റകരമാണെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥയാണ് മോഹന്‍ലാലിനായി വീണ്ടും കേസില്‍ ഉപയോഗിച്ചിരിക്കുന്നത്.