ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്; മോഹന്‍ലാല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിനെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. നൂറോളം പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതുകൊണ്ടുതന്നെ അറിയാത്ത കാര്യത്തെക്കുറിച്ചു എങ്ങിനെയാണ് അഭിപ്രായം പറയുകയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. ‘എന്നെ ക്ഷണിച്ചാല്‍ തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്.

എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക. ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതുതന്നെയാണ് എന്റെ ജോലിയും’. മോഹന്‍ലാല്‍ പറഞ്ഞു. ചടങ്ങില്‍ സിനിമാ താരത്തെ മുഖ്യാതിഥിയാക്കുന്നതിനെതിരെ ചലച്ചിത്ര, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരുവനന്തപുരത്ത് ഓഗസ്റ്റ് എട്ടിനു നടക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ ക്ഷണിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്. എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്ന് രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവരാണു നിവേദനത്തില്‍ ഒപ്പിട്ടിട്ടുള്ളത്. വൈസ് ചെയര്‍പഴ്‌സന്‍ ബീന പോള്‍ ഉള്‍പ്പെടെ ചലച്ചിത്ര അക്കാദമി ഭാരവാഹികള്‍ ചിലരും നിവേദനത്തില്‍ ഒപ്പുവച്ചതോടെ വിഷയത്തില്‍ അക്കാദമിയിലെ ഭിന്നത പുറത്തുവന്നു.

Top