മോഹനന്‍ വൈദ്യരെ ബന്ധു വീട്ടില്‍ മരിച്ച നിലയിൽ കണ്ടെത്തി.വിവാദങ്ങളുടെ വൈദ്യർ ഇനി ഓർമയിൽ

തിരുവനന്തപുരം: മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കരമന കാലടിയിലെ ബന്ധുവീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. 65 വയസായിരുന്നു. ചേര്‍ത്തല സ്വദേശിയാണ്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി രാവിലെ മുതൽ പനിയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. പിന്നീട് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരണം സ്ഥിരികരിച്ചത്. മരണ കാരണം എന്താണെന്ന് വ്യക്തമല്ല.

അശാസ്ത്രീയ അവകാശവാദങ്ങൾ ഉയർത്തി വിവാദങ്ങളിൽ നിറഞ്ഞു നിന്നയാളായിരുന്നു മോഹനൻ വൈദ്യർ. വ്യാജ ചികിത്സ നടത്തിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇയാളുടെ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. വൈറസിനെതിരെ ആധുനിക വൈദ്യ ശാസ്ത്രം പറയുന്ന മരുന്നുകൾ ഉപയോഗിക്കരുതെന്നും പാരമ്പര്യ ചികിത്സയ്ക്ക് വിധേയമാകണമെന്നുമായിരുന്നു മോഹനൻ വൈദ്യർ വാദിച്ചത്.നിപ്പാ വൈറസിനെ വെല്ലുവിളിച്ച് വവ്വാല്‍ കടിച്ചതെന്ന് പറയുന്ന മാങ്ങ കഴിച്ചും മഞ്ഞപ്പിത്തം ബാധിച്ച വ്യക്തിയുടെ രക്തം കുടിച്ച സംഭവവുമെല്ലാം വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. കൊവിഡ് 19 രോഗബാധയ്ക്ക് വ്യാജചികിത്സ നടത്തിയ സംഭവത്തിലും മോഹനൻ വൈദ്യരെ അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് 19 രോഗം അടക്കം ഏതു രോഗവും ചികിത്സിച്ച ഭേദമാക്കാമെന്നായിരുന്നു മോഹൻ വൈദ്യരുടെ വാഗ്ദാനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശാസ്ത്രീയ അടിത്തറകള്‍ യാതൊന്നുമില്ലാത്ത ചികിത്സാ വിധികള്‍ ആയിരുന്നു മോഹനന്‍ നായരുടേത്. എങ്കില്‍ പോലും വലിയൊരു ആരാധക വൃന്ദം ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ടായിരുന്നു. അതില്‍ വിദ്യാസമ്പന്നരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ള പ്രമുഖരും ഏറെ ആയിരുന്നു.ആധുനിക, സാമ്പ്രദായിക ചികിത്സാ വിധികള്‍ ഒന്നും ഫലിക്കാത്ത മാറാ രോഗികളെ സുഖപ്പെടുത്തുന്നു ആള്‍ എന്ന നിലയ്ക്കായിരുന്നു പലപ്പോഴും മോഹനന്‍ വൈദര്യര്‍ എന്ന മോഹനന്‍ നായര്‍ അവതരിപ്പിക്കപ്പെട്ടിരുന്നത്. അലോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ കടുത്ത വിമര്‍ശകനായിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്കും ശാസ്ത്രീയ അടിത്തറകള്‍ ഒന്നുമുണ്ടായിരുന്നില്ല.

നിപ്പാ വൈറസ് കേരളത്തില്‍ വലിയ ഭീതി പരത്തിയ സമത്ത് മോഹനന്‍ നായരുടെ ഒരു വീഡിയോ പുറത്ത് വന്നിരുന്നു. രോഗം പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചു എന്ന് പറയുന്ന മാമ്പഴങ്ങള്‍ കഴിക്കുന്നതായിരുന്നു ആ വീഡിയോ. വവ്വാല്‍ ചപ്പിയത് എന്നായിരുന്നു അവകാശവാദം. അങ്ങനെയുള്ള പഴങ്ങള്‍ കഴിച്ചാല്‍ രോഗബാധയൊന്നും ഉണ്ടാവില്ലെന്ന് തെളിയിക്കാന്‍ വേണ്ടിയാണ് താനിത് കഴിക്കുന്നത് എന്നും പറഞ്ഞിരുന്നു. ഇത് വലിയ വിവാദമാവുകയും പിന്നീട് ഇദ്ദേഹം മാപ്പ് പറയുകയും ചെയ്തു.

നിപ്പാ വൈറസ് എന്ന ഒന്നില്ല എന്നതായിരുന്നു വാദം. എല്ലാം ആരോഗ്യവകുപ്പിന്റെ സൃഷ്ടിയാണെന്നും പറഞ്ഞിരുന്നു. എന്തായാലും ഈ വിവാദത്തില്‍ മോഹനന്‍ നായര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. തൃത്താല പോലീസ് ആയിരുന്നു അന്ന് മോഹനന്‍ നായര്‍ക്കെതിരെ കേസ് എടുത്തത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആയിരുന്ന നന്ദു മഹാദേവ എന്ന ചെറുപ്പക്കാരന്‍ അടുത്തിടെയാണ് മരണത്തിന് കീഴടങ്ങിയത്. മോഹനന്‍ നായരെ കുറിച്ച് നന്ദു വെളിപ്പെടുത്തിയ കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. സ്വയംഭോഗം കൊണ്ടാണ് ക്യാന്‍സര്‍ വന്നത് എന്ന രീതിയില്‍ ആയിരുന്നു അദ്ദേഹം പറഞ്ഞത് എന്നായിരുന്നു നന്ദു വെളിപ്പെടുത്തിയത്. ചികിത്സാ തട്ടിപ്പിന്റെ പല കാര്യങ്ങളും അന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ നന്ദു മഹാദേവ വെളിപ്പെടുത്തിയിരുന്നു.

ഇതിനിടെ അന്നത്തെ ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍ക്കെതിരേയും മോഹനന്‍ നായര്‍ എന്ന മോഹനന്‍ വൈദ്യര്‍ രംഗത്ത് വന്നിരുന്നു. നാട്ടുവൈദ്യത്തേയും ആരോഗ്യ രംഗത്തേയും കുറിച്ച് പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്ത് യോഗ്യത എന്നായിരുന്നു അന്നത്തെ ചോദ്യം. അമ്പലങ്ങളില്‍ പോയാല്‍ ഏത് അസുഖവും മാറുമെന്നും അന്ന് ഇദ്ദേഹം പറഞ്ഞിരുന്നു. ഒന്നര വയസ്സുകാരന്റെ മരണം 2019 ല്‍, ഒന്നര വയസ്സുള്ള കുഞ്ഞിന്റെ മരണത്തില്‍ മോഹനന്‍ വൈദ്യര്‍ക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. ഇദ്ദേഹത്തിന്റെ ചികിത്സയില്‍ ആയിരുന്നു കുഞ്ഞ്. വ്യാജ ചികിത്സയാണ് മരണത്തിന് വഴിവച്ചത് എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു ഇത്. തുടര്‍ന്ന് ആലപ്പുഴയിലെ ചികിത്സാ കേന്ദ്രം അടച്ചുപൂട്ടുകയും ചെയ്തിരുന്നു. തൊട്ടടുത്ത മാസം തെറ്റായ ചികിത്സ നല്‍കിയതിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു.

കൊവിഡ് ചികിത്സിച്ച് ഭേദമാക്കാം എന്ന് അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ഏറ്റവും ഒടുവില്‍ മോഹനന്‍ വൈദ്യര്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 2020 മാര്‍ച്ച് 18 ന് ആയിരുന്നു ഇത്. തൃശൂരിലെ പട്ടിക്കാട് ഉള്ള ചികിത്സാ കേന്ദ്രത്തില്‍ അന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ റെയ്ഡും നടന്നിരുന്നു. കൊവിഡ് ഉള്‍പ്പെടെ ഏത് വൈറല്‍ രോഗവും ചികിത്സിച്ച് ഭേദമാക്കാന്‍ തനിക്കാകും എന്നായിരുന്നു അവകാശവാദം. ഏത് രോഗത്തിനും ചികിത്സയും രോഗമുക്തിയും എന്നതായിരുന്നു എന്നും ഇദ്ദേഹത്തിന്റെ അവകാശവാദം. വിവാദങ്ങള്‍ ഉടലെടുക്കാന്‍ തുടങ്ങിയതോടെ, രോഗികളില്‍ നിന്ന് സമ്മത പത്രവും എഴുതിവാങ്ങാന്‍ തുടങ്ങിയിരുന്നു. ഇതും വലിയ വിവാദങ്ങള്‍ക്കാണ് പിന്നീട് വഴിവച്ചത്.

Top