നിയമസഭാ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും; സീറ്റ് തേടുന്നത് മധ്യ കേരളത്തില്‍; ചങ്ങനാശേരിയില്‍ മത്സരിപ്പിക്കാന്‍ സാധ്യത

കോട്ടയം: എന്‍എസ്എസ് നേതൃത്വത്തിന്റെ പിന്‍തുണ ഉറപ്പാക്കിയ കോണ്‍ഗ്രസ് നേതൃത്വം ചങ്ങനാശേരി നിയോജക മണ്ഡലത്തില്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്നു സൂചന. എന്‍എസ്എസ് നേതൃത്വവുമായി അടുപ്പം പുനസ്ഥാപിച്ച മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇതിനു മധ്യസ്ഥത നില്‍ക്കുന്നതെന്നാണ് സൂചന. മോഹന്‍ലാലാണ് മത്സരിക്കുന്നതെങ്കില്‍ ചങ്ങനാശേരി സീറ്റ് വിട്ടു നല്‍കാന്‍ തയ്യാറാണെന്ന സൂചന കേരള കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിട്ടുണ്ട്. ഇതിനു എന്‍എസ്എസിന്റെ പിന്‍തുണ സ്വരൂപിച്ചത് കേരള കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ എന്‍.ജയരാജാണെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.mohan lal -dih
ഒരു വര്‍ഷം മുന്‍പ് എന്‍എസ്എസ് ആസ്ഥാനത്ത് ഔദ്യോഗിക പരിപാടിയ്ക്ക് അതിഥിയായി എത്തിയപ്പോള്‍ മുതല്‍ തന്നെ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടതോടെയാണ് ഇതിനു സ്ഥിരീകരണമായത്. ആഭ്യന്തരമന്ത്രി സ്ഥാനം നഷ്ടമായതിനെ തുടര്‍ന്നു എന്‍എസ്എസ് നേതൃത്വവുമായി അടുത്ത തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തന്നെയാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ സ്ഥാനാര്‍ഥിത്വത്തിനു കൂടുതല്‍ സമ്മര്‍ദം ചെലുത്തിയത്. തിരുവഞ്ചൂരും, എന്‍.ജയരാജ് എംഎല്‍എയുമാണ് ഇക്കാര്യത്തില്‍ എന്‍എസ്എസ് നേതൃത്വത്തിന്റെ പിന്‍തുണ ഉറപ്പിച്ചത്. കഴിഞ്ഞ ദിവസം ഇരുവരും എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
സിപിഎം സ്ഥാനാര്‍ഥിയായി ഇന്നസെന്റ് മത്സരത്തിനിറങ്ങിയതും, മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ സജീവമായി സിപിഎമ്മിനും ഇടതുപക്ഷത്തിനും വേണ്ടി രംഗത്ത് ഇറങ്ങിയതാണ് ഇപ്പോള്‍ മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശത്തിനു വേഗം കൂട്ടിയത്. എന്‍എസ്എസ് ആസ്ഥാനമായ ചങ്ങനാശേരിയില്‍ തന്നെ മോഹന്‍ലാലിനെ മത്സരിപ്പിക്കണമെന്ന നിര്‍ദേശം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ തന്നെയാണ് മുന്നോട്ടു വച്ചതെന്നാണ് സൂചന. 26 നു കോട്ടയത്തു നടക്കുന്ന സംസ്ഥാന സിനിമാ അവാര്‍ഡ് നിശയില്‍ മോഹന്‍ലാലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തമ്മില്‍ ഇക്കാര്യത്തില്‍ അന്തിമ ചര്‍ച്ചകള്‍ നടത്തുമെന്നാണ് സൂചനകള്‍.

Top