കൊച്ചി: സൈജു എം. തങ്കച്ചന്റെ പേരില്‍ സാമ്പത്തിക തട്ടിപ്പു കേസും. തിരുവനന്തപുരത്തെ ഹീര കണ്‍സ്ട്രക്ഷന്‍സ് എന്ന സ്ഥാപനത്തില്‍ നിന്ന് 18.5 ലക്ഷം രൂപ സൈജു തട്ടിച്ചെടുത്തതായാണ് കേസ്.മുന്‍ മിസ് കേരളയടക്കം മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ച കേസില്‍ അറസ്റ്റിലായ സൈജുവിനെതിരെ അതി ഗുരുതരമായ ഒരുപാട് കേസുകൾ പുറത്ത് വരുകയാണ് .2015-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ രണ്ടു ഫ്ളാറ്റുകളില്‍ ഇന്റീരിയര്‍ വര്‍ക്ക് സൈജു ഏറ്റെടുത്തിരുന്നു. 48 ലക്ഷം രൂപയ്ക്കാണ് ഇയാള്‍ ഓര്‍ഡര്‍ ഏറ്റെടുത്തത്. തുടര്‍ന്ന് അഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങി.
അതിനുശേഷം സീലിംഗില്‍ ചെറിയ ജോലികള്‍ മാത്രമാണ് ചെയ്തത്. ഈ പണികളുടെ ഫോട്ടോകള്‍ കമ്പനി എംഡിക്ക് അയച്ചു നല്കി 18.5 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റി. പണി പൂര്‍ത്തിയാകാത്തതിനെത്തുടര്‍ന്ന് കമ്പനി അധികൃതര്‍ ഇയാളെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സൈജു ഫോണ്‍ എടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല.തുടര്‍ന്ന 2016-ല്‍ കമ്പനി ജനറല്‍ മാനേജര്‍ സജി തോമസ് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷനില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിഞ്ഞു മാറി. പോലീസ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് കോടതിക്ക് നല്കി.തുടര്‍ന്ന് സൈജു ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ ഓഡര്‍ വാങ്ങുകയായിരുന്നു. ഈ കേസ് ഡിസംബര്‍ രണ്ടിന് തിരുവനന്തപുരം സിജെഎം കോടതി വീണ്ടും പരിഗണിക്കും.
മയക്കുമരുന്ന് ഇടപാടുകളില്‍ സൈജുവിന്റെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ പണം എത്തിയിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സംശയിക്കുന്നത്. ഇതിനാല്‍ ഇയാളുടെ അക്കൗണ്ടുകള്‍ അ്ന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.അക്കൗണ്ടിലേക്ക് തുക അയച്ചവരും വാങ്ങിയവരെയും ചോദ്യം ചെയ്ത് വിവരങ്ങള്‍ ശേഖരിക്കും. സൈജു സ്വന്തമാക്കിയ 20 ലക്ഷം രൂപയുടെ ഔഡി കാര്‍ വാങ്ങിയതെങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.സൈജുവിന്റെ കസ്റ്റഡി കാലാവധി ഇന്നു തീരും. ഇയാളെ ഇന്ന് ഉച്ചയ്ക്ക് മുമ്പായി കോടതിയില്‍ ഹാജരാക്കും.
സൈജു എം. തങ്കച്ചന് ലഹരിക്ക് അടിമയെന്നു സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്. നാഗരാജു. കൊച്ചിയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദേഹം.സൈജു കാറില്‍ പിന്തുടര്‍ന്നതാണ് അപകടത്തിന് കാരണം. മുമ്പ് ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്ത പെണ്‍കുട്ടികളെ ഇയാള്‍ ദുരുപയോഗം ചെയ്തതു സംബന്ധിച്ച് പരാതി ലഭിക്കുകയാണെങ്കില്‍ ഇയാള്‍ക്കെതിരേ കേസ് എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.