പാർട്ടിയിൽ യുവാക്കൾ പിടിമുറുക്കുന്നു;ബ്രാഞ്ച് മുതൽ കേന്ദ്രകമ്മിറ്റി വരെ ചെറുപ്പമാക്കാൻ സിപിഎം..

തിരുവനന്തപുരം :സിപിഎം പാർട്ടിയിൽ യുവാക്കളിൽ കൂടുതൽ അവസരം നൽകി സിപിഎം .പാർട്ടിയിൽ പ്രായപരിധി 75 ആക്കുമ്പോൾ പാർട്ടി കമ്മിറ്റികളി‍ൽ നിന്നു ഒഴിവാകുന്ന മുതിർന്ന നേതാക്കളുടെ സ്ഥാനത്ത് പരമാവധി യുവാക്കൾക്ക് അവസരം നൽകാൻ വിപ്ലവകരമായ തീരുമാനം സിപിഎം എടുത്തു . ഇപ്പോൾ ആരംഭിച്ച ബ്രാഞ്ച് മുതൽ പാർട്ടി കോൺഗ്രസ് വരെയുള്ള സമ്മേളനങ്ങൾക്ക് ഇതു ബാധകമാവും. ബ്രാഞ്ച് തൊട്ടു കേന്ദ്ര കമ്മിറ്റി വരെ ഇതോടെ സിപിഎം കൂടുതൽ ചെറുപ്പമായിരിക്കും.നേരത്തെ 80 ആയിരുന്നു പാർട്ടി കമ്മിറ്റികളിലെ പ്രായപരിധി. ഇതു തന്നെ കർശനമായി നടപ്പാക്കാൻ സിപിഎം ശ്രമിച്ചിരുന്നില്ല. എന്നാൽ ഇത്തവണ ഇളവു കൊടുക്കേണ്ട വളരെ കുറച്ചു പേരൊഴിച്ച് ബാക്കി 75 പിന്നിട്ടവരെ ഒഴിവാക്കാനാണു തീരുമാനം.

ലോക്കൽ, ഏരിയ കമ്മിറ്റികളിൽ പുതുതായി ഉൾപ്പെടുത്തുന്ന രണ്ടു പേർ 40 ൽ താഴെ പ്രായം ഉള്ളവർ ആകണമെന്നു തീരുമാനിച്ചു. ജില്ലാ,സംസ്ഥാന കമ്മിറ്റികളിലും യുവാക്കൾക്ക് നിശ്ചിത ക്വോട്ട ഉണ്ടാകും. വനിതകൾക്കും മുൻ സമ്മേളന കാലങ്ങളെക്കാൾ മെച്ചപ്പെട്ട പ്രാതിനിധ്യം നൽകാനും ധാരണയായി.

ശരാശരി ഒരു കമ്മിറ്റിയിൽ 75 വയസ്സ് പിന്നിട്ടവർ 10–15% ഉണ്ടെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇവരെ കൂടാതെ മറ്റു കാരണങ്ങളുടെ പേരിലും കമ്മിറ്റികളിൽ നിന്നു ഏതാനും പേരെ നീക്കാറുണ്ട്. ഈ സാഹചര്യത്തിൽ ഇത്തവണ 20% വരെ പുതുമുഖങ്ങൾ കമ്മിറ്റികളിലേക്കു കടന്നു വരാനിടയുണ്ട്. ജില്ലാ,സംസ്ഥാന,കേന്ദ്ര കമ്മിറ്റികളിലായിരിക്കും വിപ്ലവകരമായ മാറ്റം കാര്യമായി പ്രതിഫലിക്കുക. നിയമസഭാ രംഗത്തു തുടർച്ചയായി രണ്ടു ടേം പിന്നിട്ടവരെ മാറ്റി പുതുമുഖങ്ങളെ കൊണ്ടു വന്നതിന്റെ മറ്റൊരു തലമായിരിക്കും സംഘടനാ രംഗത്തു നടപ്പാക്കുക.

ബ്രാഞ്ചുകളിൽ 15 പേർ എന്നത് കർശനമാക്കും. നേരത്തെ ഈ നിർദേശം ഉണ്ടെങ്കിലും പല ബ്രാഞ്ചുകളിലും 15ൽ കൂടുതൽ പേരുണ്ട്. ഈ ബ്രാഞ്ചുകൾ പുന:സംഘടിപ്പിക്കും. ഈ സമ്മേളനകാലത്തോടെ ബ്രാഞ്ചുകളുടെ എണ്ണം നാൽപതിനായിരത്തോളമായി ഉയർന്നേക്കും.

പാർട്ടി സമ്മേളനങ്ങളുടെ ഉദ്ഘാടന ചടങ്ങിന് അനുഭാവികളെ ക്ഷണിക്കുന്ന രീതി ഇത്തവണ വിലക്കി. കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്താണ് ഈ തീരുമാനം. അതേ സമയം പാർട്ടി അംഗത്വത്തിലേക്കു പരിഗണിക്കുന്ന അനുഭാവി ഗ്രൂപ്പുകളിൽ ഉള്ളവർക്ക് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാം. ഉദ്ഘാടന സമ്മേളനത്തിനു ശേഷമുള്ള ചർച്ചകളിൽ ബന്ധപ്പെട്ട ഘടകത്തിലെ അംഗങ്ങൾ മാത്രം.ഏരിയ സമ്മേളന പ്രതിനിധികളുടെ എണ്ണം 60–75 ആകണമെന്നാണ് നിർദേശം. ഭൂരിപക്ഷം ജില്ലാ സമ്മേളനങ്ങളിലും ഇരുന്നൂറിൽ താഴെ പ്രതിനിധികളെ ഉണ്ടാകൂ. പരമാവധി 250. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് പ്രതിനിധികളെ കുറയ്ക്കുന്നത്. സംസ്ഥാന സമ്മേളന പ്രതിനിധികളുടെ എണ്ണം തീരുമാനിച്ചിട്ടില്ല.

Top