മോസ്‌കോ: മോസ്‌കോ: ഒരമ്മ ചെന്നു സംബോധന ചെയ്തു. ഷക്ക്‌ല ബോഷ്കരിയോവ എന്ന 41-കാരി റാഷ്യന്‍ അമ്മ തന്റെ മോളെക്കുറിച്ചു പറയുന്നത് തന്റെ മകളെ പിശാചെന്നാണ്. ഇരുപതുകാരിയായ മകള്‍ ഫാത്തിമ സഫറോവ അമ്മയെ ഉപേക്ഷിച്ച് ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരന്റെ പത്‌നിയാകാന്‍ പോയതോടെയാണ് ഷക്ക്‌ലയുടെ നെഞ്ചുതകര്‍ന്നത്. താന്‍ ജന്മം നല്കിയത് ഒരു പിശാചിനെയാണെന്ന് ഷക്ക്‌ല പറയുന്നു. തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്ന മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ വിങ്ങിപ്പൊട്ടിയാണ് ഷക്ക്‌ല തന്റെ വേദനകള്‍ പങ്കുവച്ചത്.
‘ഒരു ഭീകരവാദിയുടെ അമ്മയായി ജീവിക്കുന്നതിലും ഭേദം മരണമാണ്. ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ അവസ്ഥയാണിത്. ഒരമ്മയും തന്റെ കുട്ടി പിശാചാണെന്ന് പറയില്ല. പക്ഷേ, സത്യസന്ധമായി പറഞ്ഞാല്‍ ഞാന്‍ ഈ പിശാചിനു ജന്മം നല്കി.’ -ഷക്ക്‌ല പറയുന്നു.
ഫാത്തിമയുടെ ബാല്യം മുതല്‍ തന്നെ അമ്മയുമായി വലിയ ആത്മബന്ധം പുലര്‍ത്തിയിരുന്നു. അപ്പോഴെല്ലാം അവള്‍ ഷക്ക്‌ലയുടെ മാലാഖക്കുട്ടിയായിരുന്നു. ഈ പ്രായത്തിലെ ഏതൊരു പെണ്‍കുട്ടിയെയുംപോലെ പളുപളുത്ത കുപ്പായങ്ങളോടും തിളങ്ങുന്ന ആഭരണങ്ങളോടും സൗന്ദര്യവര്‍ധക വസ്തുക്കളോടും അവള്‍ക്ക് പ്രിയമായിരുന്നു. ഒരു ഫാഷന്‍ ഗേളായി ജീവിക്കുക എന്നതായിരുന്നു അവളുടെ വലിയ ആഗ്രഹം. എന്നാല്‍, സൈബീരിയയിലെ സുര്‍ഗുട്ടിലെ സര്‍വകലാശാലയില്‍ സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥിയായി പഠനം ആരംഭിച്ചതു മുതലാണ് ഫാത്തിമയ്ക്ക് മനംമാറ്റം സംഭവിച്ചത്. അവിടെവച്ചാണ് അവള്‍ ഐഎസ് റിക്രൂട്ടറായിരുന്ന അബ്ദുള്ളയെ പരിചയപ്പെടുന്നത്. അബ്ദുള്ളയില്‍ ആകൃഷ്ടയായ ഫാത്തിമ അയാളെ സ്‌നേഹിച്ചു. തന്റെ നാലാം ഭാര്യയാകാനുള്ള അയാളുടെ അഭ്യര്‍ഥന ഫാത്തിമ സ്വീകരിച്ചു. എന്നാല്‍ വിവാഹത്തിന് ഷക്ക്‌ല അനുവാദം നല്കിയില്ല. കാരണം, അബ്ദുള്ളയ്ക്ക് മൂന്നു ഭാര്യമാരും അവരില്‍ മൂന്നു മക്കുമുണ്്ടായിരുന്നു.
അങ്ങനെയാണ് ഇരുവരും ജിഹാദിനായി സിറിയയിലേക്കു പോകാന്‍ തീരുമാനിച്ചത്. ഫാത്തിമയെ പിന്തിരിപ്പിക്കാനുള്ള ഷക്ക്‌ലയുടെ എല്ലാ ശ്രമങ്ങളും പാഴായി. ഒടുവില്‍ ഗത്യന്തരമില്ലാതെ, അവളെ ഷക്ക്‌ല തങ്ങളുടെ ഫ്‌ളാറ്റിലെ റേഡിയേറ്ററില്‍ ചങ്ങലയ്ക്കിട്ടു പൂട്ടുകയും ചെയ്തു. എന്നാല്‍, ഫാത്തിമ തന്റെ കാമുകന്റെ കൂടെ രക്ഷപെട്ടു. പോകുന്നതിനു മുമ്പ് അവള്‍ അമ്മയോടു പറഞ്ഞു: ‘അവിശ്വാസികളായ നിങ്ങളെ കൊല്ലാന്‍ ഞങ്ങളുടെ സഹോദരങ്ങള്‍ വരും. അവര്‍ കത്തി ഉപയോഗിച്ച് നിങ്ങളുടെ ശിരസു ഛേദിക്കും. അപ്പോള്‍ എന്റെ ഹൃദയം ഒരിക്കലും നിങ്ങളെ ഓര്‍ത്ത് പിടയില്ല’
തന്റെ മകളെ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് ഷക്ക്‌ല പറഞ്ഞു. ‘അയാളുടെ കൂടെയാണ് ഇപ്പോള്‍ ജീവിക്കുന്നതെങ്കില്‍ അവള്‍ ഇപ്പോള്‍ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്്ടാകും. അവര്‍ ഒരിക്കലും അവളെ ജീവനോടെ വിടില്ല. ഒരു വെടിയുണ്്ട, അതാണ് അവളുടെ ജീവിതത്തിന്റെ വില. എനിക്കറിയാം ഇനി ഒരിക്കലും ഞാന്‍ അവളെ കാണില്ല. അവള്‍ എന്റെ മകളുടെ നിഴല്‍ മാത്രമാണ്. ആത്മാവില്ല, ഹൃദയമില്ല, ചിന്തകളില്ല..’- ഷക്ക്‌ല വിതുമ്പി.
റഷ്യയുടെ ഫെഡറല്‍ സെക്യുരിറ്റി ബ്യൂറോയാണ് ഫാത്തിമ സിറിയയിലേക്കു കടന്നതായി സ്ഥിരീകരിച്ചത്. പാരീസില്‍ നടന്ന ഐഎസ് ആക്രമണത്തെയും റഷ്യന്‍ വിമാനം വെടിവച്ചിട്ട സംഭവത്തെയും പ്രകീര്‍ത്തിച്ച് ഫാത്തിമ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളിട്ടിരുന്നു. തന്റെ സഹോദരന്മാര്‍ ആ മഹത്കൃത്യം നടത്തി എന്നാണ് അവള്‍ പ്രതികരിച്ചത്.ഐഎസിന്റെ പക്കല്‍ നിന്നു തിരികെപ്പോരാന്‍ ശ്രമിച്ച രണ്്ടു പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവങ്ങളുണ്ടായതോടെയാണ് ഷക്ക്‌ല തന്റെ മകളെക്കുറിച്ചു വെളിപ്പെടുത്താന്‍ തയാറായത്. ഫാത്തിമയ്ക്കു ജന്മം നല്കിയ ഉദരത്തെ ശപിച്ച്, മകള്‍ക്കു വേണ്്ടി പ്രാര്‍ഥിക്കാന്‍ പോലും കഴിയാതെ നീറിക്കഴിയുകയാണ് ഷക്ക്‌ല ഇന്ന്.