ഒരു റണ്ണിന്‌ സൂപ്പര്‍ കിങ്‌സിനെ തോല്‍പ്പിച്ച് മുംബൈ ചാമ്പ്യന്‍

ഹൈദരാബാദ്‌: മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ കിരീടം നേടി. അവസാന പന്ത് വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് നാലാമതും ഐപിഎല്‍ കിരീടം സ്വന്തമാക്കി. ഒരു റണ്‍സിനായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ വിജയം.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടി. ചെന്നൈയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് നേടാന്‍ മാത്രമാണ് സാധിച്ചത്. അവസാന പന്തില്‍ രണ്ട് റണ്‍സായിരുന്നു ചെന്നൈയ്ക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ലസിത് മലിംഗയുടെ പന്തില്‍ ഷാര്‍ദുല്‍ ഠാകൂര്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. ഇതോടെ മുംബൈക്ക് നാലാം കിരീടം.

12-ാം സീസണിന്റെ ഫൈനലില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ എട്ട്‌ വിക്കറ്റിന്‌ 149 റണ്ണെടുത്തു. ഐ.പി.എല്ലില്‍ നാലാം കിരീടം നേടുന്ന ആദ്യ ടീമാണു മുംബൈ. അവസാന പന്ത്‌ വരെ പോരാടിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴിന്‌ 148 റണ്ണെടുത്തു. ലസിത്‌ മലിംഗ എറിഞ്ഞ അവസാന ഓവറിലാണു മത്സരം മാറിമറിഞ്ഞത്‌. ചെന്നൈയ്‌ക്കു ജയിക്കാന്‍ ആറ്‌ പന്തില്‍ ഒന്‍പത്‌ റണ്ണാണു വേണ്ടിയിരുന്നത്‌. നാലാമത്തെ പന്തില്‍ ഷെയ്‌ന്‍ വാട്‌സണ്‍ (59 പന്തില്‍ നാല്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 80) റണ്ണൗട്ടായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട്‌ റണ്ണ്‌ വേണമെന്നിരിക്കേ ശാര്‍ദൂല്‍ ഠാക്കൂര്‍ (രണ്ട്‌ പന്തില്‍ രണ്ട്‌) വിക്കറ്റിനു മുന്നില്‍ കുരുങ്ങി.
ജസ്‌പ്രീത്‌ ബുംറയുടെ തകര്‍പ്പന്‍ ബൗളിങ്ങിനാണു മുംബൈ ജയത്തിലേക്കു നയിച്ചത്‌. നാല്‌ ഓവറില്‍ 14 റണ്‍ മാത്രം വിട്ടുകൊടുത്ത ബുംറ രണ്ട്‌ വിക്കറ്റെടുത്തു. ലെഗ്‌ സ്‌പിന്നര്‍ രാഹുല്‍ ചാഹാര്‍ നാല്‌ ഓവറില്‍ 14 റണ്‍ മാത്രം നല്‍കി ഒരു വിക്കറ്റുമെടുത്തു. നായകന്‍ എം.എസ്‌. ധോണി (എട്ട്‌ പന്തില്‍ രണ്ട്‌) റണ്ണൗട്ടായതും മത്സരത്തില്‍ നിര്‍ണായകമായി. ഇഷാന്‍ കിഷന്റെ നേരിട്ടുള്ള ത്രോ സ്‌റ്റമ്പ്‌ തെറുപ്പിക്കുമ്പോള്‍ ധോണിയുടെ ബാറ്റ്‌ ക്രീസില്‍നിന്ന്‌ ഇഞ്ചുകള്‍ അകലെയായിരുന്നു. ഫാഫ്‌ ഡു പ്ലെസിസും (13 പന്തില്‍ 26) വാട്‌സണും ചേര്‍ന്നു ചെന്നൈയ്‌ക്കു മികച്ച തുടക്കം നല്‍കിയിരുന്നു. തുടര്‍ന്നെത്തിയ സുരേഷ്‌ റെയ്‌ന (14 പന്തില്‍ എട്ട്‌), അമ്പാട്ടി റായിഡു (നാല്‌ പന്തില്‍ ഒന്ന്‌്), ഡാരന്‍ ബ്രാവോ (15 പന്തില്‍ 15) എന്നിവര്‍ പുറത്തായതോടെ അവര്‍ പതറി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

44 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയ വാട്‌സണിന്റെ സാന്നിധ്യം സൂപ്പര്‍ കിങ്‌സിന്റെ പ്രതീക്ഷയായിരുന്നു. കൃണാല്‍ പാണ്ഡ്യ എറിഞ്ഞ 18-ാം ഓവറില്‍ വാട്‌സണ്‍ മൂന്ന്‌ സിക്‌സറുകളടക്കം 20 റണ്ണെടുത്തിരുന്നു. മലിംഗ എറിഞ്ഞ 16-ാം ഓവറിലും 20 റണ്‍ പിറന്നു. ഓവറില്‍ വാട്‌സണ്‍ തുടര്‍ച്ചയായി മൂന്നു ഫോറുകളും ബ്രാവോ ഒരു സിക്‌സറുമടിച്ചു. 25 പന്തില്‍ മൂന്ന്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 41 റണ്ണുമായി പുറത്താകാതെനിന്ന കെയ്‌റോണ്‍ പൊള്ളാര്‍ഡാണു മുംബൈയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്‌. നാല്‌ ഓവറില്‍ ഒരു മെയ്‌ഡിന്‍ അടക്കം മൂന്ന്‌ വിക്കറ്റെടുത്ത പേസര്‍ ദീപക്‌ ചാഹാറാണ്‌ മുംബൈയുടെ പ്രധാന അന്തകന്‍. ശാര്‍ദൂല്‍ ഠാക്കൂറും ഇമ്രാന്‍ താഹിറും രണ്ട്‌ വിക്കറ്റ്‌ വീതമെടുത്തു. 10 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16 റണ്ണെടുത്ത ഹാര്‍ദിക്‌ പാണ്ഡ്യ, 17 പന്തില്‍ നാല്‌ സിക്‌സറടക്കം 29 റണ്ണെടുത്ത ഓപ്പണറും വിക്കറ്റ്‌ കീപ്പറുമായ ക്വിന്റണ്‍ ഡി കോക്ക്‌ എന്നിവര്‍ മാത്രമാണു ട്വന്റി20 ശൈലിയില്‍ ബാറ്റ്‌ ചെയ്‌തത്‌. നായകന്‍ രോഹിത്‌ ശര്‍മയ്‌ക്കൊപ്പം (14 പന്തില്‍ 15) ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌ത ക്വിന്റണ്‍ മൂന്നാം ഓവറില്‍ സ്‌കോര്‍ 40 കടത്തി. ശാര്‍ദൂല്‍ ഠാക്കൂറിനെ അടിച്ചു പറത്താനുള്ള ശ്രമത്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി പിടികൂടി. തൊട്ടടുത്ത ഓവറില്‍ അതേ സ്‌കോറില്‍ രോഹിത്‌ ശര്‍മയും മടങ്ങി.

Top