മൂന്നാര്‍ സമരം; തോട്ടമുടമകള്‍ ഉറപ്പുകള്‍ വിഴുങ്ങി. കബളിപ്പിച്ചിട്ട് തോട്ടം നടത്താമെന്ന് കരുതേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ വര്‍ധിപ്പിച്ച കൂലിയും ബോണസും ഉടനടി നല്‍കാനാവില്ലെന്ന് തോട്ടം ഉടമകളുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് പ്ലാന്റേഴ്‌സ് ഓഫ് കേരള. ഏഴാമത് പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി(പി.എല്‍.സി) യോഗം ഇന്ന് ചേരാനിരിക്കെയാണ് നേരത്തെ നല്‍കിയ ഉറപ്പുകള്‍ തോട്ടമുടമകള്‍ വിഴുങ്ങിയത്. പി.എല്‍.സി യോഗത്തിലുണ്ടായ നിര്‍ദേശങ്ങള്‍ അംഗീകരിച്ചത് അന്നത്തെ പ്രത്യേക സാഹചര്യത്തിലായിരുന്നുവെന്നാണ് സംഘടനയുടെ വാദം. വേതന വര്‍ധനവിന് പകരമായി സര്‍ക്കാര്‍ ഉറപ്പുനല്‍കിയ സഹായങ്ങള്‍ ഇതുവരെയായും ലഭിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും തൊഴില്‍മന്ത്രിക്കും ലേബര്‍ കമ്മീഷണര്‍ക്കും നിവേദനം നല്‍കിയിട്ടുണ്ടെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. കൂലിവര്‍ധനവും ബോണസും സംബന്ധിച്ച് സര്‍ക്കാറുമായുണ്ടാക്കിയ ധാരണയില്‍നിന്ന് ഉടമകള്‍ പിന്നോട്ടുപോവുന്ന സാഹചര്യത്തില്‍ തോട്ടം മേഖലയില്‍ വീണ്ടും അസ്വസ്ഥത പടരുകയാണ്.

റബറിനും തേയിലക്കും വിലയിടിവുണ്ടായ സാഹചര്യത്തില്‍ കൂലിവര്‍ധനവും ബോണസും പ്രായോഗികമല്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് സി. വിനയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. റബറിനും തേയിലക്കും വിലവര്‍ധനവുണ്ടാവാതെ കൂലികൂട്ടാനാവില്ല. തേയില കിലോക്ക് 120 രൂപയും റബറിന് 150 രൂപയും ലഭിക്കണം. എങ്കില്‍ മാത്രമേ നഷ്ടം ഇല്ലാതാകൂ. അതുവരെ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന ധാരണ അംഗീകരിക്കാനാവില്ല. ഇല്ലെങ്കില്‍ സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് സഹായങ്ങള്‍ ലഭിക്കണം. തൊഴിലാളികള്‍ ഉന്നയിക്കുന്ന മറ്റാവശ്യങ്ങള്‍ തള്ളിക്കളയണം. നികുതിയിളവിന്റെ കാര്യത്തിലും തൊഴിലാളികളുടെ ക്ഷേമപദ്ധതികള്‍ ഏറ്റെടുക്കുന്ന കാര്യത്തിലും സര്‍ക്കാറില്‍നിന്ന് അനുകൂലപ്രതികരണമുണ്ടായിട്ടില്ല. കൂലിവര്‍ധന സംബന്ധിച്ച നിലവിലെ ഒത്തുതീര്‍പ്പ് പാക്കേജിന്റെ കാലാവധി മൂന്നുവര്‍ഷത്തില്‍ നിന്ന് നാലുവര്‍ഷമായി ദീര്‍ഘിപ്പിക്കണമെന്നും തോട്ടമുടമകള്‍ ആവശ്യപ്പെട്ടു. 30 ശതമാനം കൂലിവര്‍ധനയെന്നത് ഇക്കാലയളവില്‍ ഘട്ടംഘട്ടമായി നടപ്പാക്കാം. അതല്ലാതെ ഒറ്റയടിക്ക് 30 ശതമാനം കൂലിവര്‍ധിപ്പിക്കുക അപ്രായോഗികമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂലി സംബന്ധിച്ച വിഷയത്തില്‍ സര്‍ക്കാറിന് ഉചിതമായ തീരുമാനമെടുത്ത് മുന്നോട്ടുപോകാം. നേരത്തെ തൊഴിലാളികളുടെ 28 ദിവസത്തെ സമരത്തെത്തുടര്‍ന്ന് വന്‍ നഷ്ടമാണുണ്ടായത്. കൃത്യസമയത്ത് കൊളുന്ത് നുള്ളാത്തതിനെത്തുടര്‍ന്ന് തേയിലച്ചെടികള്‍ നശിച്ചുപോയി. കമ്പനികളുടെ അവസ്ഥ തൊഴിലാളികള്‍ക്കും യൂണിയനുകള്‍ക്കും നേരിട്ടറിയാവുന്നതാണ്. ഇപ്പോള്‍ സര്‍ക്കാര്‍ നിശ്ചയിക്കുന്ന കൂലികൊടുത്താല്‍ പല തോട്ടങ്ങളും പൂട്ടിപ്പോവും. ഈ മേഖലയിലെ വ്യവസായം നിലനില്‍ക്കണമോയെന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടത്. ബോണസും കൂലിയും രാഷ്ട്രീയ പ്രേരിതമായി പിടിച്ചുവാങ്ങുകയല്ല ചെയ്യേണ്ടത്. ഓരോ തോട്ടങ്ങളിലെയും വരുമാനത്തിനനുസരിച്ച് കൂലിയും ബോണസും നിശ്ചയിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. പരാതിയുണ്ടെങ്കില്‍ ലേബര്‍ കോടതിയില്‍ പോവണമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
തേയിലത്തൊഴിലാളികളുടെ മിനിമം കൂലി 232ല്‍നിന്ന് 301 രൂപയും റബറിന്റെ കൂലി 317ല്‍നിന്നും 381 ആയും ഏലത്തിന് 267ല്‍നിന്നും 330 ആയും ഉയര്‍ത്താനായിരുന്നു കഴിഞ്ഞ പി.എല്‍.സി യോഗത്തിലെ ധാരണ.
അതേസമയം സര്‍ക്കാറിനെയും ജനങ്ങളെയും കബളപ്പിച്ചുകൊണ്ട് തോട്ടം നടത്തിക്കൊണ്ടുപോകാമെന്ന് ഉടമകള്‍ കരുതേണ്ടെന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍. സമ്മര്‍ദതന്ത്രമാണ് ഉടമകളുടേതെങ്കില്‍ വിലപ്പോവില്ലെന്നും മന്ത്രി പറഞ്ഞു. തോട്ടം ഉടമകളെ ഒരുകാരണവശാലും ധാരണയില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കില്ല. മുഖ്യമന്ത്രിയും ജനപ്രതിനിധികളും അടക്കമുള്ളവരുള്ള വേദിയില്‍വെച്ചാണ് തീരുമാനമുണ്ടായത്. തോട്ടമുടമകളുടെ നിലപാട് പരിശോധിച്ചശേഷം കൂടുതല്‍ പ്രതികരിക്കാം. ബോണസ് ആക്ട് പ്രകാരമുള്ളതാണ് ബോണസ്. അതില്‍നിന്നും പിന്‍മാറാന്‍ സാധിക്കില്ല. ആരെങ്കിലും അങ്ങനെ ചെയ്യാമെന്ന് കരുതിയാല്‍ തെറ്റിദ്ധാരണയാണെന്നും മന്ത്രി പറഞ്ഞു.ശക്തമായ ഭാഷയില്‍ സര്‍ക്കാര്‍ രംഗത്തുവന്നതോടെ തോട്ടമുടമകള്‍ നിലപാട് മയപ്പെടുത്തി. ധാരണയില്‍നിന്ന് പിറകോട്ടു പോയിട്ടില്ലെന്നും മറിച്ചുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തോട്ടമുടമ അസോസിയേഷന്‍ പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

Top