ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ മുന്‍ അഡിമിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു അറസ്റ്റില്‍. കേസില്‍ രണ്ടാം പ്രതിയാണ് മുരാരി ബാബു. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് പെരുന്നയിലെ വീട്ടല്‍ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഈഞ്ചയ്ക്കലിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിര്‍ണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഗൂഢാലോചനയില്‍ ഉള്‍പ്പെടെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് എസ്‌ഐടിയുടെ പ്രതീക്ഷ. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിനെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവിനെതിരെ പോറ്റി മൊഴി നല്‍കിയിരുന്നു. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്. 2024ല്‍ ശബരിമല ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളികള്‍ നവീകരണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. കൂടാതെ ദ്വാരപാലക ശില്‍പം നവീകരണത്തിനായി ഉണ്ണികൃഷ്ണന്‍ പോറ്റി വഴി ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിക്കാന്‍ മുരാരി ബാബു നീക്കം നടത്തിയെന്നും കണ്ടെത്തിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. എല്ലാം ചെയ്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ദേശപ്രകാരമാണെന്നായിരുന്നു അനന്തസുബ്രഹ്‌മണ്യത്തിന്റെ മൊഴി. പോറ്റി പറഞ്ഞതുകൊണ്ടാണ് പാളികള്‍ ബെംഗളൂരുവില്‍ കൊണ്ടുപോയതും നാഗേഷിന് കൈമാറിയതെന്നും അനന്തസുബ്രഹ്‌മണ്യം പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കുവേണ്ടി സന്നിധാനത്ത് നിന്നും സ്വര്‍ണപ്പാളികള്‍ ഏറ്റുവാങ്ങിയതും സ്വര്‍ണപ്പാളി ബെംഗളൂരുവിലേക്ക് കൊണ്ടുപോയതും അനന്തസുബ്രഹ്‌മണ്യം ആയിരുന്നു. ക്രൈംബ്രാഞ്ച് ഓഫീസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഒപ്പമിരുത്തിയാണ് ഇയാളെ ചോദ്യം ചെയ്തത്. ദേവസ്വം വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ അനന്തസുബ്രഹ്‌മണ്യത്തിന്റെ പങ്കിനെ പറ്റി വ്യക്തമാക്കിയിരുന്നു.

Top