
കോട്ടയം :രാത്രിയെന്നോ പകലെന്നോ വ്യതാസമില്ലാതെ വനിതാ ഹോസ്റ്റലിന്റെ മതിലിൽ കയറി നിന്ന് നഗ്നതാ പ്രദർശനം നടത്തിയ വിരുതൻ പിടിയിലായി .മെഡിക്കൽ കോളജിലെ വനിതാ ഹോസ്റ്റലിനു മുന്നിൽ സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന പേരൂർ തുണ്ടിയിൽ അജയ്ജി കുര്യാക്കോസി (43)നെയാണ് ഗാന്ധിനഗർ പോലീസ് പിടികൂടിയത്. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും. ഏതാനും നാളുകളായി മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോസ്റ്റലുകളിലെ യുവതികൾക്ക് ഇയാൾ തലവേദനയായിരുന്നു.
പകലെന്നോ രാത്രിയെന്നോ ഇല്ലാതെ സ്ഥിരമായി ഹോസ്റ്റലിന് മുന്നിൽ ബൈക്കിലെത്തി യുവതികളെ ശല്യം ചെയ്യുക പതിവാണ്. ഒരു മാസത്തിലേറെയായി മെഡിക്കൽ കോളജ് ഐസിഎച്ച് റോഡരികിൽ പ്രവർത്തിക്കുന്ന വനിതാ ഡോക്ടർമാരുടെ ഹോസ്റ്റലിന് മുന്നിലാണ് ഇയാൾ ശല്യമായി എത്തിയിരുന്നത്. ബൈക്കിലെത്തുന്ന ഇയാൾ ഹോസ്റ്റലിന്റെ മതിലിൽ കയറി നിന്ന് ചൂളമടിക്കുക പതിവാണ്. ആരെങ്കിലും ജനൽ തുറന്നാൽ നഗ്നതാ പ്രദർശനം നടത്തും.
പകൽ സമയങ്ങളിൽ റോഡിലൂടെ നടന്നു പോകുന്ന യുവതികളെയും ഇയാൾ ശല്യം ചെയ്തിരുന്നു. ഹോസ്റ്റലിന് മുന്നിലും, വഴിയിലും പോലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി യുവതികൾക്കു നടക്കാനാവാത്ത സ്ഥിതിയായിരുന്നു. ഇതേ തുടർന്നാണ് യുവതികൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്.
തുടർന്ന് പ്രദേശത്ത് പോലീസ് സംഘം മഫ്തിയിൽ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇന്നലെ വൈകുന്നേരം പതിവു പോലെ ഹോസ്റ്റലിനു മുന്നിൽ യുവതികളെ ശല്യം ചെയ്യാൻ എത്തിയ ഇയാളെ ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നു.