ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം യു എസ്സിലേയ്ക്ക് മടങ്ങുന്നു. മൂന്ന് വര്‍ഷത്തെ കരാറിലായിരുന്നു ഇദ്ദേഹം പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റത്. പിന്നീട് കാലാവധി ദീര്‍ഘിപ്പിച്ചെങ്കിലും ഇനിയൊരിക്കല്‍ കൂടി ദീര്‍ഘിപ്പിക്കേണ്ടെന്ന് നിലപാട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സര്‍വേ, അര്‍ദ്ധ വാര്‍ഷിക വിശകലനം എന്നിവ തയ്യാറാക്കേണ്ട ചുമതല മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനായിരുന്നു. രഘുറാം രാജന് പകരക്കാരനായാണ് അരവിന്ദ് സുബ്രഹ്മണ്യം ഈ സ്ഥാനത്തേയ്ക്ക് വന്നത്.
വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ മടങ്ങി പോക്ക്. കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ സേവനത്തിന് അരുണ്‍ ജെയ്റ്റ്ലി നന്ദി പറഞ്ഞു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 2014 ഒക്ടോബര്‍ 16നാണ് അരവിന്ദ് സുബ്രഹ്മണ്യം മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സ്ഥാനമേറ്റത്. മൂന്ന് വര്‍ഷത്തേക്കുളള കരാര്‍ 2017 ഒക്ടോബര്‍ 16ന് കഴിഞ്ഞുവെങ്കിലും പിന്നീട് സെപ്റ്റംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. ഈ കാലാവധി പൂര്‍ത്തിയായാല്‍ അദ്ദേഹം ചുമതല ഒഴിയും.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് അരവിന്ദ് സുബ്രഹ്മണ്യന്‍ വിഡിയോ കോണ്‍ഫറന്‍സിലൂടെ കൂടിക്കാഴ്ച നടത്തിയതായി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു. കുടുംബവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കേണ്ടതിനാല്‍ അമേരിക്കയിലേക്ക് തിരികെ പോകുന്നുവെന്നാണ് പറഞ്ഞതെന്ന് അരുണ്‍ ജെയ്റ്റ്ലി വിശദീകരിച്ചു.