ബിഹാറിലെ മാഹാവിജയം ആഘോഷമാക്കി എന്‍ഡിഎ. ദില്ലിയിലെ ബിജപി ആസ്ഥാനത്ത് വന്‍ ആഘോഷമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. അക്ഷീണം പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിച്ച് ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ. ഇത് ട്രെന്‍ഡ് അല്ല സുനാമിയാണെന്നും രാജ്യത്തും ബിഹാറിലും ജനം മോദിയില്‍ അചഞ്ചല വിശ്വാസം അര്‍പ്പിച്ചു, ജംഗിള്‍ രാജിന് പകരം ജനം വികസനത്തെ പുല്‍കി.
ജംഗിള്‍ രാജിന് നോ എന്‍ട്രി. 2024 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് കുറച്ചു സീറ്റ് കുറഞ്ഞു പോയതില്‍ ജനം നിരാശരായി. തുടര്‍ന്നുള്ള എല്ലാ തെരഞ്ഞെടുപ്പിലും അചഞ്ചലമായ പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. പ്രതിപക്ഷത്തിന് കനത്ത മറുപടി നല്‍കി. രാജ്യ താത്പര്യത്തിന് ഒപ്പമാണ് ജനങ്ങള്‍ എന്ന് പഠിപ്പിച്ചു എന്നും ജെ പി നദ്ദ ബിജെപി പ്രവര്‍ത്തകരെ അഭസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ബീഹാറിലെ ജനങ്ങള്‍ സദ്ഭരണത്തിനും നല്ല ഭാവിക്കും വോട്ടു ചെയ്‌തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള എല്ലാ വഴിയും തേടുമെന്നും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും മുന്നേറാനുള്ള അവസരങ്ങള്‍ ഉറപ്പാക്കുമെന്നും പ്രധാമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രി നിതീഷ് കുമാറിനെയും എന്‍ഡിഎ സഖ്യകക്ഷി നേതാക്കളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
എസ്‌ഐആറിനെതിരായ പ്രതിപക്ഷത്തിന്റെ കള്ളപ്രചാരണം ജനം തള്ളിയെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ശുദ്ധീകരിച്ച വോട്ടര്‍പട്ടിക അനിവാര്യമെന്ന സന്ദേശമാണ് ഫലം നല്കുന്നതെന്നും അമിത് ഷാ പറഞ്ഞു.


