ജിഷ്ണു പ്രണോയി മരണപ്പെട്ട കേസിലെ മുഖ്യ പ്രതി നെഹ്‌റു കോളജ് ഓപ് ഗ്രൂപ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് പോലീസ് കസ്റ്റഡിയില്‍. ലക്കിടി നെഹ്‌റു ലോ കോളേജ് വിദ്യാര്‍ഥി ഷഹീര്‍ ഷൗക്കത്തിനെ പാമ്പാടി നെഹ്‌റു കോളേജില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചു എന്ന കേസിലാണ് കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ റൂറല്‍ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൃഷ്ണദാസിനെ കസ്റ്റഡിയിലെടുത്തത്. ലീഗല്‍ അഡൈ്വസര്‍ സുചിത്രയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒറ്റപ്പാലം ലക്കിടിയിലെ നെഹ്റു അക്കാദമി ഓഫ് ലോ കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു ഷഹീര്‍ ഷൗക്കത്ത്. കോളേജിലെ അനധികൃത പണപ്പിരിവുകളെ കുറിച്ച് മുഖ്യമന്ത്രിക്കും കേന്ദ്ര ആദായ നികുതി വകുപ്പിനും ഷഹീര്‍ പരാതി അയച്ചിരുന്നു. ഇതിന്റെ പ്രതികാരമായി ലക്കിടി കോളേജില്‍ ഉണ്ടായിരുന്ന ഷഹീറിനെ പ്രത്യേക വാഹനത്തില്‍ കയറ്റി പാമ്പാടി കോളേജില്‍ കൊണ്ടു പോയി മര്‍ദ്ദിച്ചുവെന്നാണ് കേസ്. പരാതിയില്‍ പഴയന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു.
പാമ്പാടി നെഹ്‌റു കോളജ് എന്‍ജിനിയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയുടെ മരണത്തില്‍ ഒന്നാം പ്രതിയാണ് കൃഷ്ണദാസ്. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തില്‍ കഴിയവെയാണ് മറ്റൊരു കേസില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവരെ പോലീസ് അറസ്റ്റ് ചെയ്യാത്തതിന് എതിരെ മാതാപിതാക്കള്‍ സമരത്തിന് തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യ പ്രതിയെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.


