ഇന്ത്യക്ക് നാണംകെട്ട തോൽവി !മുംബൈ ടെസ്റ്റിലും നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്.ഈ തോൽവി എങ്ങനെ സഹിക്കും?

മുംബൈ:വാംഖഡെയിൽ കളി മറന്ന് ഇന്ത്യൻ നിര. ചരിത്രം കുറിച്ച് കിവീസ് പരമ്പര തൂത്തുവാരി. ന്യൂസിലാൻഡിനെതിരായ മൂന്നാം ടെസ്റ്റിൽ ചേസിങ്ങിൽ അടിപതറി ഇന്ത്യ. ന്യൂസിലാൻഡ് 25 റൺസിന്റെ ജയമാണ് നേടിയത്. നാലാം ഇന്നിങ്സിൽ 147 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യൻ നിര 121 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് നാട്ടില്‍ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത്. 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 29-5 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞശേഷം അര്‍ധസെഞ്ചുറി നേടിയ റിഷഭ് പന്ത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലഞ്ചിനുശേഷം അജാസ് പട്ടേലിന്‍റെ പന്തില്‍ റിഷഭ് പന്ത് പുറത്തായതോടെ ഇന്ത്യ 25 റണ്‍സകലെ അടിതെറ്റി വീണു.

57 പന്തില്‍ 64 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 11 റണ്‍സെടുത്ത രോഹിത് ശര്‍മയും 12 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറുമാണ് റിഷഭ് പന്തിന് പുറമെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നവര്‍. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ 57 റണ്‍സിന് ആറ് വിക്കറ്റെടുത്തു. സ്കോര്‍ ന്യൂസിലന്‍ഡ് 235, 174, ഇന്ത്യ 263, 121. ജയത്തോടെ മൂന്ന് മത്സര പരമ്പര ന്യൂസിലന്‍ഡ് 3-0ന് തൂത്തുവാരി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ സെഷനില്‍ തന്നെ ന്യൂസിലന്‍ഡിനെ ഓള്‍ ഔട്ടാക്കി 147 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഇന്ത്യ തുടക്കത്തില്‍ 29-5 എന്ന നിലില്‍ തോല്‍വി മുന്നില്‍ കണ്ടപ്പോള്‍ ആദ്യം രവീന്ദ്ര ജഡേജയെയും പിന്നീട് വാഷിംഗ്ടണ്‍ സുന്ദറിനെയും കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പോരാട്ടം വിജയപ്രതീക്ഷ നല്‍കിയെങ്കിലും പന്ത് വീണതോടെ ഇന്ത്യ മുട്ടുമടക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയാണ് അദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീലില്‍ നിന്ന് രക്ഷപ്പെട്ട രോഹിത് ബൗണ്ടറിയടിച്ച തുടങ്ങിയെങ്കിലും മൂന്നാം ഓവറിലെ അവസാന പന്തില്‍ മാറ്റ് ഹെന്‍റിയെ പുള്‍ ചെയ്ത് ബൗണ്ടറി കടത്താനുള്ള ശ്രമത്തില്‍ അടിതെറ്റി ഗ്ലെന്‍ ഫിലിപ്സിന് ക്യാച്ച് നല്‍കി മടങ്ങി. 11 പന്തില്‍ 11 റണ്‍സായിരുന്നു രോഹിത്തിന്‍റെ നേട്ടം.

പിന്നാലെ അജാസ് പട്ടേലിന്‍റെ പന്തിന്‍റെ ഗതിയറിയാതെ ലീവ് ചെയ്ത ശുഭ്മാന്‍ ഗില്‍(1) ക്ലീന്‍ ബൗള്‍ഡായി. വിരാട് കോലി(1) ഏഴ് പന്ത് നേരിട്ടെങ്കിലും അജാസ് പട്ടേലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ ഡാരില്‍ മിച്ചലിന്‍റെ കൈകളിലെത്തി.പിന്നാലെ യശസ്വി ജയ്സ്വാളിനെ(5) ഗ്ലെന്‍ ഫിലിപ്സ് വിക്കറ്റിന് മുന്നില്‍ കുടുക്കി. ആദ്യ ഇന്നിംഗ്സില്‍ ഡക്കായ സര്‍ഫറാസ് ഖാനെ(1) അജാസ് പട്ടേല്‍ രചിന്‍ രവീന്ദ്രയുടെ കൈകളിലെത്തിച്ചതോടെ ഇന്ത്യ 29-5ലേക്ക് കൂപ്പുകുത്തി. സിക്സ് അടിച്ച് തുടങ്ങിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയില്‍ കിവീസ് സ്പിന്നര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട ഏക ബാറ്റര്‍. ആദ്യം ജഡേജക്കൊപ്പം 42 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ കരകയറ്റിയ പന്ത് പിന്നീട് സുന്ദറിനൊപ്പം 21 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.

ജഡേജ ആറ് റണ്‍സ് എടുത്ത് മടങ്ങിയെങ്കിലും റിഷഭ് പന്തിനൊപ്പം നിര്‍ണായക കൂട്ടുകെട്ടില്‍ പങ്കാളിയായി. ലഞ്ചിന് ശേഷം റിഷഭ് പന്തിനെ(57 പന്തില്‍ 64) അജാസ് പട്ടേല്‍ ടോം ബ്ലണ്ടലിന്‍റെ കൈകളിലെത്തിച്ചതോടെ ഇന്ത്യ തോല്‍വി മണത്തു. സുന്ദറിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച അശ്വിന്‍ പ്രതീക്ഷ നല്‍കിയെങ്കിലും സ്കോര്‍ 121ല്‍ നില്‍ക്കെ ഗ്ലെന്‍ ഫിലിപ്സിന്‍റെ പന്തില്‍ വീണു. തൊട്ടടുത്ത പന്തില്‍ ആകാശ് ദീപിനെ(0) ഫിലിപ്സ് ബൗള്‍ഡാക്കി. മുഹമ്മദ് സിറാജ് ഒരു പന്ത് പ്രതിരോധിച്ചെങ്കിലും അജാസ് പട്ടേലിന്‍റെ അടുത്ത ഓവറിലെ ആദ്യ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച സുന്ദറിനെ ബൗള്‍ഡാക്കി കിവീസ് ചരിത്രനേട്ടം സ്വന്തമാക്കി. ന്യൂസിലന്‍ഡിനായി അജാസ് പട്ടേല്‍ ആറും ഗ്ലെന്‍ ഫിലിപ്സ് മൂന്നും വിക്കറ്റെടുത്തു.

Top