കോഹ്‌ലി വന്നാൽ ആര് പുറത്താകും? ഈ അഞ്ചു പേരുടെ സ്ഥാനം തുലാസിൽ

മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേക്ക് ക്യാപ്റ്റൻ വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോൾ പുറത്തേക്ക് പോകുന്ന താരം ആര് എന്ന ചർച്ചയാണ് ഇപ്പോൾ കൊഴുക്കുന്നത്. അരങ്ങേറ്റക്കാരൻ ശ്രേയസ് അയ്യർ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സിൽ അർധ സെഞ്ച്വറിയും നേടിയതോടെ ഇളക്കം തട്ടുക ആരുടെ സ്ഥാനത്തിനാണെന്നതാണ് ചർച്ചകളെ ചൂടുപിടിപ്പിക്കുന്ന കാര്യം.

കോഹ്‌ലിയുടെ അഭാവത്തിൽ ഒന്നാം ടെസ്റ്റിൽ ടീമിനെ നയിക്കുന്ന അജിൻക്യ രഹാനെ, ചേതേശ്വർ പൂജാര അടക്കമുള്ള സീനിയർ ബാറ്റർമാരുടെ സ്ഥാനമാണ് കാര്യമായി ചോദ്യ ചിഹ്നത്തിൽ നിൽക്കുന്നത്. ഓപ്പണർമാരായ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ, ശ്രേയസ് അയ്യർ എന്നിവരാണ് മാറ്റി നിർത്തപ്പെടാൻ സാധ്യതയുള്ള മൂന്ന് പേരുകൾ. ഇതിൽ ശ്രേയസ് അയ്യരെ പുറത്തിരുത്താൻ നിലവിലെ സാഹചര്യത്തിൽ സാധ്യത കാണുന്നില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രഹാനെയുടെ ഫോം

കോഹ്‌ലി വരുമ്പോൾ സ്ഥാനം ഇളകാൻ സാധ്യതയിൽ മുന്നിൽ നിൽക്കുന്ന താരം രഹാനെയാണ്. സമീപ കാലത്തെ മോശം ഫോമാണ് രഹാനെയ്ക്ക് തിരിച്ചടിയായി നിൽക്കുന്ന പ്രധാന ഘടകം. അഞ്ച് വർഷക്കാലം രഹാനെ അടക്കി വാണ അഞ്ചാം നമ്പർ ബാറ്റിങ് പൊസിഷനിലാണ് ശ്രേയസിന്റെ പ്രകടനം എന്നതും മറ്റൊരു കാരണമായി നിൽക്കുന്നു. 2021ൽ താരത്തിന്റെ പ്രകടനം പരമ ദയനീയമായിരുന്നു. 12 ടെസ്റ്റുകൾ കളിച്ച രഹാനെയുടെ ഈ കലണ്ടർ വർഷത്തെ ആവറേജ് 19.57 ആണ്.

പൂജാര ഓപ്പണിങിലേക്ക്

സ്ഥാനം ചോദ്യം ചിഹ്നത്തിൽ നിൽക്കുന്ന മറ്റൊരു താരം ചേതേശ്വർ പൂജാരയാണ്. ടെസ്റ്റിൽ ഇന്ത്യൻ ബാറ്റിങിന്റെ നെടുംതൂണായി പല സന്നിഗ്ധ ഘട്ടങ്ങളിലും പൂജാര നിലയുറപ്പിച്ചിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ഇന്നിങ്‌സുകളിലായി താരത്തിന് മൂന്നക്കം കടക്കാൻ സാധിക്കാത്തത് എതിരായി നിൽക്കുന്ന ഘടകമാണ്. ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയ്ക്ക് മികവ് കാണിക്കാൻ കുറച്ച് കൂടി സമയം അനുവദിക്കാനും സാധ്യത കാണുന്നു. അങ്ങനെയെങ്കിൽ താരത്തെ ഓപ്പണിങ് സ്ഥാനത്തേക്ക് പരിഗണിച്ചേക്കും. ഓപ്പണറായി ചില അവസരങ്ങളിൽ ഇന്ത്യക്കായി താരം ടെസ്റ്റിൽ ഇറങ്ങിയിട്ടുമുണ്ട്. ഇറങ്ങിയപ്പോഴെല്ലാം മികച്ച ഇന്നിങ്‌സുകളും പൂജാര കളിച്ചിട്ടുണ്ട്. 2015ലാണ് താരം അവസാനമായി ഇന്ത്യക്കായി ഓപ്പൺ ചെയ്തത്.

മായങ്കോ ഗില്ലോ?

രോഹിത് ശർമ, കെഎൽ രാഹുൽ ഓപ്പണിങ് സഖ്യത്തിന്റെ അഭാവത്തിൽ ഒന്നാം ടെസ്റ്റിൽ ഓപ്പണർമാരായി ഇറങ്ങിയ മായങ്ക് അഗർവാൾ, ശുഭ്മാൻ ഗിൽ എന്നിവരാണ് പുറത്താകൽ സാധ്യതയുള്ള മറ്റ് രണ്ട് പേർ. മായങ്ക് രണ്ട് ഇന്നിങ്‌സിലും പരാജപ്പെട്ടപ്പോൾ ഗിൽ ഒന്നാം ഇന്നിങ്‌സിൽ അർധ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മായങ്ക് ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനിറങ്ങിയത്. ഗില്ലാകട്ടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്. പൂജാരയെ ഓപ്പണറായി രണ്ടാം ടെസ്റ്റിൽ പരിഗണിച്ചാൽ ഇരുവർക്കും ഒരു പക്ഷേ രണ്ടാം ടെസ്റ്റിൽ അവസരം ലഭിച്ചേക്കില്ല.

ശ്രേയസിനെ തഴയുമോ?

54 പരിമിത ഓവർ മത്സരങ്ങൾ ഇന്ത്യക്കായി കളിച്ച ശേഷമാണ് ശ്രേയസ് അയ്യർ ഇന്ത്യക്കായി ടെസ്റ്റിൽ അരങ്ങേറിയത്. രണ്ട് ഇന്നിങ്‌സിലും ഇന്ത്യയുടെ ടോപ് സ്‌കോററായി താരം അരങ്ങേറ്റം അവിസ്മരണീയമാക്കി തന്റെ സ്ഥാനം ശ്രേയസ് ഉറപ്പിക്കുകയും ചെയ്തു. ശ്രേയസിനെ തഴയാൻ സാധ്യത കാണുന്നില്ല. എങ്കിലും ബാറ്റിങ് കോമ്പിനേഷൻ തലവേദനയായി നിൽക്കുന്ന ഘട്ടത്തിൽ ഒരു പക്ഷേ ശ്രേയസിന്റെ സ്ഥാനത്തിനും ഇളക്കം തട്ടുമെന്ന വിദൂര സാധ്യത നിലനിൽക്കുന്നുണ്ട്.

Top