പ്രസവിച്ച് മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കൊന്ന് അമ്മ; കാരണം…

ദില്ലി: മോത്തി നഗറില്‍ പ്രസവിച്ച് 3 മണിക്കൂറുകള്‍ക്കകം ആശുപത്രിക്കിടക്കയില്‍ വച്ച് തന്നെ കുഞ്ഞിനെ കൊന്ന് അമ്മ. സ്ത്രീകളായ ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ പ്രസവത്തിനായി ആശുപത്രിയിലെത്തിയത്. പ്രസവം കഴിഞ്ഞ് മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം മുറിയിലെത്തിയ നഴ്‌സാണ് അനക്കമറ്റ നിലയില്‍ കുഞ്ഞിനെ കാണുന്നത്. സംശയം തോന്നി ഡോക്ടര്‍മാരെ അറിയിച്ചതോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിച്ചു.  കുഞ്ഞ് മരിച്ചുവെന്നറിഞ്ഞതോടെ അമ്മ കരയാന്‍ തുടങ്ങി. ആശുപത്രി അധികൃതരും അതൊരു സ്വാഭാവിക മരണമാണെന്ന് തന്നെയാണ് കരുതിയത്.

എന്നാല്‍ കുഞ്ഞിന്റെ ദേഹത്ത് കണ്ട ചെറിയ മുറിവുകള്‍ ദുരൂഹതയുണ്ടാക്കുകയായിരുന്നു. ഇതോടെയാണ് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. സംഭവം കൊലപാതകം തന്നെയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഉറപ്പിച്ചു.  തുടര്‍ന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് താനാണ് കുഞ്ഞിനെ കൊന്നുകളഞ്ഞതെന്ന് അമ്മ സമ്മതിച്ചത്.

രണ്ട് പെണ്‍മക്കളും ഒരാണ്‍കുഞ്ഞുമുള്ള തനിക്ക് ഇനിയും ഒരു പെണ്‍കുട്ടിയെ കൂടി വേണ്ടെന്ന് തോന്നി, അതിനാലാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ആണ്‍കുട്ടി ജനിക്കാഞ്ഞതിലെ നിരാശയില്‍ ഇവര്‍ തന്നെയാണ് കുഞ്ഞിനെ കൊന്നതെന്നും എന്നാല്‍ ബന്ധുക്കളുടെയോ ഭര്‍ത്താവിന്റെയോ സമ്മര്‍ദ്ദം ഇതിന് പിന്നിലുണ്ടോയെന്ന കാര്യത്തില്‍ അന്വേഷണം ആവശ്യമാണെന്നും പൊലീസ് അറിയിച്ചു.

പൊലീസ് കസ്റ്റഡിയില്‍ വച്ച് തന്നെ സ്ത്രീക്ക് കൗണ്‍സിലിംഗ് നല്‍കിയിട്ടുണ്ട്. പ്രസവശേഷമുള്ള മണിക്കൂറുകളില്‍ പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് മാനസികനില തെറ്റാന്‍ സാധ്യതയുണ്ടെന്നും ഇത് ചികിത്സ ആവശ്യമുള്ള സങ്കീര്‍ണ്ണമായ അവസ്ഥയാണെന്നും കൗണ്‍സിലിംഗ് നടത്തിയ ഡോക്ടര്‍ അറിയിച്ചു.

Top