കൊലയാളി നിസാമിന് ജയിലില്‍ സുഖജീവിതം….

കണ്ണൂര്‍: പണമുണ്ടെങ്കില്‍ നിയമത്തിനും മുട്ടിടിക്കുമോ? അതെയെന്നു തന്നെയാണു ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിന്റെ ജയില്‍വാസം സൂചിപ്പിക്കുന്നത്. പരമസുഖമാണ് ഇയാള്‍ക്ക് ജയിലിലെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊലപാതകക്കേസില്‍ കോടതി ശിക്ഷ വിധിച്ചപ്പോള്‍ തന്നെ ജയിലില്‍ സുഖവാസമായിരിക്കും നിസാമിനെന്നാണു ചന്ദ്രബോസിന്റെ ഭാര്യ ജമന്തി അന്നു പരാതിപ്പെട്ടിരുന്നത്. അതുപോലെ തന്നെ സംഭവിച്ചുവെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മീഡിയ വണ്‍ ചാനലാണ് നിസാമിന്റെ ജയില്‍വാസത്തെക്കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാണു മുഹമ്മദ് നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പത്താംബ്ലോക്കില്‍ താമസിപ്പിച്ചിരിക്കുന്നത്. മാനസിക രോഗമുള്ളവരെയാണ് സാധാരണയായി ഈ ബ്ലോക്കില്‍ പാര്‍പ്പിക്കാറുള്ളത്.

നിസാമിന് അത്തരത്തില്‍ അസുഖങ്ങളൊന്നും ഉള്ളതായി ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ചട്ടങ്ങള്‍ ലംഘിച്ച് നിഷാമിന് ഇവിടെയൊരു സഹായിയെയും ജയില്‍ വകുപ്പ് അധികൃതര്‍ അനുവദിച്ച് നല്‍കിയിട്ടുണ്ട്. ഈ ബ്ലോക്കില്‍ താമസിപ്പിക്കുന്നവരെ കൊണ്ട് സാധാരണ ജയിലിലെ ജോലികള്‍ ചെയ്യിപ്പിക്കാറില്ല. നിസാമിന് ജയിലിനുള്ളില്‍ സുഖവാസം ഒരുക്കിയ അധികൃതരുടെ നടപടിക്കെതിരെ തടവുകാര്‍ക്കിടയില്‍ത്തന്നെ കടുത്ത പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 22ന് ആണ് നിസാമിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചത്. 7316ാം നമ്പര്‍ തടവുകാരനാണ് നിസാം. ജയിലിലെത്തി ദിവസങ്ങള്‍ക്കകം നിസാമിനെ പത്താം ബ്ലോക്കിലെ സി11ാം നമ്പര്‍ മുറിയിലേക്ക് മാറ്റി.

കണ്ണൂര്‍ ജയിലില്‍ 12 ജീവപര്യന്തം തടവുകാരുണ്ട്. ഇവരെല്ലാം ജയിലില്‍ നിശ്ചയിക്കപ്പെട്ട ജോലികള്‍ ചെയ്യുമ്പോഴാണ് ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് അവഗണിച്ച് നിസാമിനെ പത്താം ബ്ലോക്കിലേക്ക് ജയില്‍ സൂപ്രണ്ട് മാറ്റിയത്. സഹായിയെ അനുവദിച്ചതും ചട്ടം ലംഘിച്ചാണ്. അടിമാലി സ്വദേശിയായ രാജേഷ് എന്ന തടവുകാരനെയാണ് ആദ്യം സഹായിയായി നല്‍കിയത്. ഇയാള്‍ ശിക്ഷ കഴിഞ്ഞ് പുറത്ത് പോയതിനെ തുടര്‍ന്ന് വയനാട് സ്വദേശി ജയപ്രകാശിനെ സഹായിയായി നിയോഗിച്ചു.

നിസാമിന് പുറമെ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കുന്നതായും ആരോപണമുണ്ട്. ഉന്നതങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നിസാമിന് സൗകര്യങ്ങള്‍ അനുവദിക്കുന്നതെന്നാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നതെന്നും മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊലപാതകക്കേസില്‍ നിസാമിനെ വധശിക്ഷയ്ക്കു വിധിക്കാതെ ജീവപര്യന്തം തടവിനു ശിക്ഷിച്ചതില്‍ കൊലചെയ്യപ്പെട്ട ചന്ദ്രബോസിന്റെ ഭാര്യ ജമന്തി ആശങ്കപ്പെട്ടിരുന്നു. വിചാരണക്കാലയളവില്‍ ഒരുകൊല്ലം ജയിലില്‍ കിടന്നിട്ട് നിസാമിനു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും വീണ്ടും ജയിലില്‍ സുഖവാസം തന്നെയായിരിക്കും നിസാമിനെന്നുമാണ് ജമന്തി അന്നു പറഞ്ഞത്.

എത്രകൊല്ലം ജയിലില്‍ കിടന്നാലും അവന്‍ വീട്ടിലെപ്പോലെ ജീവിക്കുമെന്നും നിസാമിന്റെ രക്തപ്പണം എനിക്ക് വേണ്ടെന്നും കോടതിവിധി വന്നപ്പോള്‍ ജമന്തി പ്രതികരിച്ചിരുന്നു. വിധിക്കേണ്ടതു വധശിക്ഷയാണ്. ചന്ദ്രബോസേട്ടനു നീതി കിട്ടിയിട്ടില്ലെന്നും മാദ്ധ്യമങ്ങളോടു വിതുമ്പിക്കൊണ്ടാണു ജമന്തി പറഞ്ഞത്.

വെറുമൊരു അപകടമരണമാണെങ്കില്‍ ഈ ശിക്ഷയില്‍ തൃപ്തരാകാമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ വിധിയില്‍ പൂര്‍ണ്ണ തൃപ്തരല്ല. കാറുകൊണ്ട് ഇടിച്ചിട്ട ശേഷവും ബോസേട്ടനെ വലിച്ചിഴച്ചുകൊണ്ട് പോയില്ലോ? ഇത് എങ്ങനെ പൊറുക്കാനാവും. ‘പോയത് എന്റെ മകനാണ്. എത്ര പണം കിട്ടിയാല്‍ അതിനു പകരമാകും’ കണ്ഠമിടറി നിറകണ്ണുകളോടെ ചന്ദ്രബോസിന്റെ അമ്മ അംബുജാക്ഷിയും പ്രതികരിച്ചു. വിധിയില്‍ തൃപ്തരല്ലെന്നും എന്റെ മകന് പകരമാകില്ലല്ലോ ഒന്നുമെന്ന് വിതുമ്പലടക്കാന്‍ പാടുപെട്ടുകൊണ്ട് ചന്ദ്രബോസിന്റെ അമ്മയും അന്നു പറഞ്ഞു.

പല പ്രലോഭനങ്ങളും വേണ്ടെന്ന് വച്ചാണ് ജമന്തിയും കുടുംബവും നിസാമിനെതിരെ നിയമയുദ്ധത്തിനിറങ്ങിയത്. കോടികളുടെ പ്രലോഭനങ്ങള്‍ തേടിയെത്തി. കോടിശ്വരരാകാനുള്ള സാധ്യതയെല്ലാം ഉപേക്ഷിച്ചാണ് ഭര്‍ത്താവിനെ കൊന്നവര്‍ക്കെതിരെ നിലപാട് എടുത്തത്.

Top