ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി ഗോപാൽകൃഷ്‌ണ ഗാന്ധിയെ പിന്തുണയ്‌ക്കുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ജെ.ഡി.യുവിലെ മുതിർന്ന നേതാവും നിതീഷിന്റെ അടുത്ത അനുയായിയുമായ കെ.സി ത്യാഗിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉപരാഷ്ട്രപതിയുടെ കാര്യത്തിൽ പാർട്ടിയുടെ മുൻ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. തിരഞ്ഞെടുപ്പിന്റെ സമയം അടുക്കുമ്പോൾ ബാക്കി കാര്യങ്ങൾ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ജെ.ഡി.യുവിന്റെ ബീഹാറിലെ ചുമതലയുള്ള നാരായൺ സിംഗ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തി. ഞങ്ങളുടെ നേതാവ് നിതീഷ് കുമാർ ഇക്കാര്യത്തിൽ ഒരു വാക്ക് പറഞ്ഞിട്ടുണ്ടെന്നും അത് പാലിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഗോപാൽകൃഷ‌്‌ണ ഗാന്ധിയെ പിന്തുണയ്‌ക്കുന്ന കാര്യത്തിൽ നിന്നും പിറകോട്ട് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാസഖ്യത്തിൽ നിന്നും വേർപിരിഞ്ഞ് നിതീഷ് കുമാർ ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറിയതോടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്ക് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ച പിന്തുണയിൽ മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു.
മഹാത്മാ ഗാന്ധിയുടെ ചെറുമകനും ബംഗാൾ മുൻ ഗവർണറുമായ ഗോപാൽ കൃഷ്‌ണയ ഗാന്ധിയെ പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി നേരത്തെ തിരഞ്ഞെടുത്തിരുന്നു. എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി റാം നാഥ് കോവിന്ദിനെ പിന്തുണച്ച ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പിന്നീട് ഗോപാൽ കൃഷ്‌ണ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ സ്വാഗതം ചെയ്‌തിരുന്നു. ആഗസ്‌റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്. ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി മുൻകേന്ദ്രമന്ത്രി വെങ്കയ്യാ നായിഡുവാണ്.