‘വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ മറ്റൊരു പുസ്തകം വായിക്കൂ’; സൺറൈസ് ഓവർ അയോധ്യ പിൻവലിക്കില്ല; ഹർജി തള്ളി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മുതിർന്ന് കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ വിവാദ പുസ്തകം ‘സൺറൈസ് ഓവർ അയോധ്യ: നേഷൻ ഹുഡ് ഇൻ അവർ ടൈംസ്’ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളി. പുസ്തകത്തിൻറെ വിൽപന, പ്രചാരം, അച്ചടി എന്നിവ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബി.ജെ.പി പ്രവർത്തകരും അഭിഭാഷകരുമായ വിനോദ് ജിൻഡാൽ, രാജ് കിഷോർ എന്നിവർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. അയോധ്യ വിധിയുടെ അടിസ്ഥാനത്തിൽ രചിച്ച പുസ്തകമാണിത്.

പുസ്തകം സമാധാനത്തെ നശിപ്പിക്കുന്നതാണ് എന്നായിരുന്നു അഭിഭാഷകരുടെ വാദം. ശക്തമായ ഹിന്ദുത്വ വാദത്തിനെയും തീവ്ര മുസ് ലിം വിഭാഗങ്ങളായ ഐ.എസ്, ബൊക്കോഹറാം പോലുള്ള സംഘടനകളേയും തമ്മിൽ താരതമ്യപ്പെടുത്തുന്നു എന്നതായിരുന്നു അഭിഭാഷകർ ഉന്നയിച്ച വാദം.

എന്നാൽ, ‘ജനങ്ങളോട് ആ പുസ്തകം വായിക്കേണ്ടെന്ന് പറയൂ’ എന്നാണ് കോടതി നിർദേശിച്ചത്. ‘മറ്റേതെങ്കിലും നല്ല പുസ്തകം വാങ്ങി വായിച്ചാൽ മതിയെന്ന് അവരോട് പറയൂ. അവരെ ആരും ഈ പുസ്തകം തന്നെ വാങ്ങിക്കണമെന്ന് നിർബന്ധിക്കുന്നില്ലല്ലോ. നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട് എങ്കിൽ അതിലും മികച്ച മറ്റെന്തെങ്കിലും നിങ്ങൾക്ക് വായിക്കാം” എന്നും കോടതി പറഞ്ഞു.

Top