തൃശൂരില്‍ വഴിയോരക്കച്ചവടക്കാര്‍ക്കായി പുനരധിവാസ കേന്ദ്രമൊരുങ്ങുന്നു

തൃശൂര്‍: ശക്തന്‍ നഗരിലെ വഴിയോര കച്ചവടക്കാരുടെ ഷെല്‍ട്ടര്‍ നിര്‍മാണം പൂര്‍ത്തിയായി. നഗരത്തിലെ മുഴുവന്‍ വഴിയോരക്കച്ചവടക്കാരെയും പുനരധിവസിപ്പിക്കുന്ന തരത്തില്‍ ഓണത്തിന് മുമ്പ് ഷെല്‍ട്ടര്‍ തുറന്നുകൊടുക്കാനാണ് കോര്‍പറേഷന്‍ അധികൃതരുടെ ശ്രമം.
നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ മുഴുവന്‍ ഷെല്‍ട്ടറില്‍ പനരധിവസിപ്പിക്കുമെന്ന് മേയര്‍ രാജന്‍ പല്ലന്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. നേരത്തെ തയാറാക്കിയ മുന്‍ഗണനാ പട്ടിക തല്‍ക്കാലം പരിഗണിക്കുന്നില്ല. ഷെല്‍ട്ടര്‍ തുറക്കുന്നതോടെ ഒഴിവാക്കിയ കച്ചവടക്കാരെ പുനരധിവസിപ്പിക്കണമെന്ന ഹൈകോടതിവിധിയും നടപ്പാക്കാനാവുമെന്നാണ് അധികൃതര്‍ കരുതുന്നത്. മുന്‍ഗണന പട്ടികയില്‍ അപാകതയുണ്ടെന്നും ഏറെ വഴിയോര കച്ചവടക്കാര്‍ അവശേഷിക്കുമെന്ന വാദമുയര്‍ന്നതോടെയാണ് എല്ലാവരെയും ഷെല്‍ട്ടറിലേക്ക് മാറ്റുന്നത്. പട്ടികയില്‍ അപാകതകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് തിരുത്തുകയാണ് വേണ്ടത്. നേരത്തെ തയാറാക്കിയ 376 പേരുടെ പട്ടികയില്‍ മാറ്റം വരുത്തി 400 പേര്‍ക്ക് 50 ചതുരശ്ര അടി നല്‍കാനാണ് നീക്കമെങ്കില്‍ അതിനെതിരെ സമരവുമായി രംഗത്തുവരുമെന്ന് പട്ടികയില്‍ ഉള്‍പ്പെട്ട കച്ചവടക്കാര്‍ വ്യക്തമാക്കി.
തൊഴിലാളിദിനവും ജൂണ്‍ പത്തും സ്വാതന്ത്ര്യ ദിനാഘോഷവുമൊക്കെ കഴിഞ്ഞെങ്കിലും ഷെല്‍ട്ടര്‍ ഉദ്ഘാടനം നീട്ടുന്നത് ലിസ്റ്റില്‍ ആശ്രിതരെ തിരുകിക്കയറ്റാണെന്ന പരാതി ഉയര്‍ന്നിരുന്നു. ശക്തന്‍ നഗരില്‍ വഴിയോര കച്ചവടക്കാര്‍ക്കായുള്ള ഷെല്‍ട്ടര്‍ നിര്‍മാണം അവസാനഘട്ടത്തില്‍ കോര്‍പറേഷന്‍ സാവധാനത്തിലാക്കിയതും നേരത്തെ തയാറാക്കിയ ലിസ്റ്റ് ഒഴിവാക്കി വരുന്നവരെ മുഴുവന്‍ പുനരധിവസിപ്പിക്കാനായിരുന്നു.
ശക്തനിലും നഗരത്തിലെ വിവിധ സ്ഥലങ്ങളിലും കൈയേറി കച്ചവടം നടത്തിയിരുന്നവരെ 2013 മാര്‍ച്ചിലാണ് ഒഴിപ്പിച്ചത്. ഒഴിപ്പിച്ചത് വിവാദമായതോടെ മേയ് 15ന് കോര്‍പറേഷന്‍ പുനരധിവാസ പാക്കേജുമായി രംഗത്തത്തെി. 14,722 ചതുരശ്രയടി സ്ഥലത്ത് ഒരുങ്ങുന്ന പുനരധിവാസ കേന്ദ്രത്തില്‍ ശക്തനില്‍ നിന്ന് ഒഴിപ്പിച്ച 325 കച്ചവടക്കാരും സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പഴയ 42 കച്ചവടക്കാരും അടക്കം 367 പേരെ പുനരധിവസിപ്പിക്കാനായിരുന്നു തീരുമാനം. കൗണ്‍സിലര്‍ സി.എസ്. ശ്രീനിവാസന്‍െറ നേതൃത്വത്തിലാണ് കച്ചവടക്കാരുടെ പട്ടിക തയാറാക്കിയത്.

Top