സോള്‍: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ നടപടി. അമേരിക്ക ഉള്‍പ്പെടെ ഉള്ളവരെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്. ഞായറാഴ്ച ഉച്ചതിരിഞ്ഞാണു ‘അജ്ഞാതമായ പരീക്ഷണം’ നടന്നതെന്നു ദക്ഷിണ കൊറിയ അറിയിച്ചു. പുച്യാങ്ങില്‍ നിന്നാണ് പുതിയ മധ്യദൂര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്.
ഉത്തരകൊറിയയുടെ കിഴക്കന്‍ മേഖലയില്‍ 500 കിലോമീറ്റര്‍ മാറി കടലിലാണ് മിസൈല്‍ പതിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം പറഞ്ഞു. പുതിയ സാഹചര്യത്തില്‍ യുഎസുമായി ചേര്‍ന്ന് ദക്ഷിണ കൊറിയ സ്ഥിതിഗതികള്‍ വിശകലനം ചെയ്തുവരികയാണ്. അതേസമയം, മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭൂഖണ്ഡാന്തര മിസൈലല്ല ഉത്തരകൊറിയ പരീക്ഷിച്ചതെന്നാണു വൈറ്റ് ഹൗസിന്റെ അനുമാനം. ഹ്രസ്വദൂര പരിധിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്നു വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ടു ചെയ്തു.
യുഎസിനെ പരിധിയിലാക്കുന്ന മിസൈല്‍ പദ്ധതി വിജയിച്ചതായി ഉത്തര കൊറിയ ഒരാഴ്ച മുമ്പ് അവകാശപ്പെട്ടിരുന്നു. വലിയ പ്രഹരശേഷിയുള്ള ആണവമിസൈലാണ് തങ്ങളുടെ പക്കലുള്ളതെന്നും അവര്‍ പറഞ്ഞിരുന്നു. അതേസമയം, ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന വാനാക്രൈ സൈബര്‍ ആക്രമണത്തിനു പിന്നിലും ഉത്തര കൊറിയയാണെന്നു സംശയമുണ്ട്. വാനാക്രൈയില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിങ് കോഡുകള്‍ക്ക് ഉത്തര കൊറിയയിലെ ലസാറസ് എന്ന ഹാക്കിങ് സംഘം ഉപയോഗിച്ച കോഡുമായി സാമ്യമുണ്ടെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍.